ADVERTISEMENT

ചണ്ഡിഗഡ്∙ യമുന നദി കാൽനടയായി കടന്ന് അതിഥി തൊഴിലാളികൾ. ഹരിയാനയിൽനിന്ന് ബിഹാറിലേക്കാണ് നൂറുകണക്കിനു വരുന്ന തൊഴിലാളികൾ ഇന്നലെ രാത്രി യാത്ര തിരിച്ചത്. ഉത്തർപ്രദേശ് – ഹരിയാന അതിർത്തി വഴി കടന്നുപോകുന്ന യമുന നദിയിലൂടെ തലച്ചുമടായി ബാഗുകൾ എടുത്തു കൊണ്ടാണ് ഇവർ യാത്ര ചെയ്തത്. ശക്തമായ വേനൽ തുടരുന്നതിനാൽ നദിയിൽ ജലനിരപ്പ് കുറവായിരുന്നത് യാത്രയ്ക്ക് സഹായിച്ചു.

ഞങ്ങളുടെ കയ്യിൽ കാശില്ല. റോഡിലിറങ്ങിയാല്‍ പൊലീസ് മർദിക്കും. അതിനാലാണ് രാത്രിയിൽ നദികടക്കാൻ തീരുമാനിച്ചത്. ബിഹാറിലേക്ക് നടന്നുപോകുന്നതിനാണു തീരുമാനിച്ചിരിക്കുന്നതെന്നും സംഘത്തിലെ 16 വയസ്സുകാരൻ പറഞ്ഞു. ലോക്ഡൗണ്‍ ആയതോടെ ജോലി നഷ്ടപ്പെട്ടവരും സംഘത്തിലുണ്ട്. ദിവസങ്ങൾക്കു മുൻപ് മുതലാളി തന്നെ പിരിച്ചുവിട്ടുവെന്നും കയ്യിൽ പണമില്ലെന്നും രാകേഷ് പറഞ്ഞു. യമുനാനഗറിലെ അഭയാർഥി കേന്ദ്രത്തിലായിരുന്നു താൻ. ഇവിടെ ഭക്ഷണം ലഭിക്കാതായതോടെ നാട്ടിലേക്കു നടന്നുപോകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതിഥി തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ പ്രത്യേക ട്രെയിന്‍ സർവീസ് നടത്തുന്നുണ്ടെങ്കിലും നിരവധിയാളുകളാണ് കാൽനടയായി യാത്ര ചെയ്യുന്നത്. പകലുള്ള വേനല്‍ച്ചൂടില്‍നിന്ന് രക്ഷപെടുന്നതിനായിട്ടാണ് രാത്രിയിൽ നദി കടന്നുള്ള യാത്ര മിക്കവരും തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ടായിരത്തിലധികം ആളുകളാണ് ഇത്തരത്തിൽ നദി കടന്നത്. അപ്രതീക്ഷിതമായി ലോക്ഡൗണ്‍ വന്നതോടെ പലർക്കും ജോലി നഷ്ടപ്പെടുകയും താമസസ്ഥലങ്ങളിൽ കുടുങ്ങുകയും ചെയ്യുകയായിരുന്നു.

നദീതീരത്ത് പൊലീസ് പരിശോധനയില്ലാത്തത് തൊഴിലാളികൾക്ക് ഇവിടം കടക്കാൻ സഹായകമാകുന്നു. അതിർത്തി കടക്കാനെത്തുന്ന തൊഴിലാളികളിൽ പലരും ഭക്ഷണം കഴിക്കാനില്ലാതെ എത്തുന്നവരാണ്. ഇവർക്ക് ഭക്ഷണം ലഭ്യമാക്കാറുണ്ടെന്നു സമീപഗ്രാമങ്ങളിലുള്ളവർ പറഞ്ഞു. ഇവർക്ക് നാട്ടിലെത്താൻ ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. ഷഹറൻപൂരിലെ അഭയാർഥി കേന്ദ്രത്തിൽ ഒട്ടേറെ അതിഥി തൊഴിലാളികള്‍ എത്തിയിട്ടുണ്ട്.

English Summary: Hundreds Of Migrants Cross Yamuna On Foot At Night To Go Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com