ADVERTISEMENT

ഇസ്‌ലാമാബാദ് ∙ ‘ചുറ്റും തീയും പുകയും മാത്രമാണു കാണാന്‍ കഴിഞ്ഞത്. എല്ലായിടത്തുനിന്നും കരച്ചില്‍ കേള്‍ക്കാമായിരുന്നു; കുഞ്ഞുങ്ങളുടെയും വലിയവരുടെയും. തീയായിരുന്നു മുന്നില്‍. ആരെയും കാണാന്‍ കഴിഞ്ഞില്ല. നിലവിളി മാത്രം കേട്ടു. സീറ്റ് ബെല്‍റ്റ് വിടുവിച്ച് വെളിച്ചം കണ്ടിടത്തേക്കു നടന്നു. ഏതാണ്ട് 10 അടി താഴ്ചയിലേക്കു ചാടിയിട്ടാണു സുരക്ഷിതമായ ഒരിടത്ത് എത്തിയത്.’ - പാക്കിസ്ഥാനിലെ വിമാനദുരന്തത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട രണ്ടു പേരില്‍ ഒരാളായ മുഹമ്മദ് സുബൈര്‍ എന്ന എൻജിനീയര്‍ക്ക് കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ ഞെട്ടല്‍ വിട്ടു മാറിയിട്ടില്ല. ബാങ്ക് ഓഫ് പഞ്ചാബ് പ്രസിഡന്റായ സഫര്‍ മസൂദാണ് രക്ഷപ്പെട്ട രണ്ടാമന്‍. ‘ദൈവം കരുണയുള്ളവനാണ്. ഏറെ നന്ദി’ എന്നാണ് മുഖ്യമന്ത്രി മുറാദ് അലി ഷായോട് അദ്ദേഹം പ്രതികരിച്ചത്. 

പാക്ക് യാത്രാവിമാനം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 97 പേരെങ്കിലും മരിച്ചുവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വിമാനം ഇടിച്ചുകയറിയ കെട്ടിടത്തിലുണ്ടായിരുന്ന ആരെങ്കിലും മരിച്ചോ എന്ന കാര്യം വ്യക്തമായിട്ടില്ല. 

കറാച്ചി സിവില്‍ ആശുപത്രിയിലാണ് രക്ഷപ്പെട്ട മുഹമ്മദ് സുബൈര്‍ ചികിത്സയില്‍ കഴിയുന്നത്. ആദ്യത്തെ ശ്രമം പരാജയപ്പെട്ട് 10 മിനിറ്റിനു ശേഷമാണ് രണ്ടാമതും ലാന്‍ഡ് ചെയ്യാന്‍ പൈലറ്റ് ശ്രമിച്ചതെന്ന് സുബൈര്‍ പറഞ്ഞു. ഇക്കാര്യം പൈലറ്റ് യാത്രക്കാരെ അറിയിക്കുകയും ചെയ്തു. റണ്‍വേയില്‍ എത്തുന്നതിനു തൊട്ടുമുമ്പ് വിമാനം തീപിടിച്ചു ജനവാസകേന്ദ്രത്തില്‍ തകര്‍ന്നു വീഴുകയായിരുന്നു. ഒരു മൊബൈല്‍ ടവറില്‍ ഇടിച്ച ശേഷം വീടുകള്‍ക്കു മുകളിലേക്കു വിമാനം വീഴുകയായിരുന്നുവെന്നു ദൃക്‌സാക്ഷിയായ ഷക്കീല്‍ അഹമ്മദ് പറഞ്ഞു. 

രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനരഹിതമായതായി പൈലറ്റ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിരുന്നു. രണ്ടു റണ്‍വേകളും ഒഴിച്ചിട്ടിരിക്കുകയാണെന്ന് കണ്‍ട്രോള്‍ റൂമില്‍നിന്ന് അറിയിച്ചു. എന്നാല്‍ പിന്നീട് ‘മേയ്‌ഡേ, മേയ്‌ഡേ, മേയ്‌ഡേ’ എന്ന സന്ദേശമാണു തിരികെ ലഭിച്ചത്. തൊട്ടുപിന്നാലെ വിമാനം തകര്‍ന്നുവീഴുകയും ചെയ്തു. 

ആപത്ഘട്ടത്തില്‍ ‘മേയ്‌ഡേ’ സന്ദേശം

രാജ്യാന്തരതലത്തില്‍ അടിയന്തരഘട്ടങ്ങളില്‍ സഹായത്തിനായി നല്‍കുന്ന ശബ്ദസന്ദേശമാണ് ‘മേയ്‌ഡേ’. 1921ല്‍ ലണ്ടനിലെ ക്രോയ്ഡന്‍ വിമാനത്താവളത്തിലെ സീനിയര്‍ റേഡിയോ ഓഫിസര്‍ ഫെഡറിക് സ്റ്റാന്‍ലി മോക്ക്‌ഫോഡ് ആണ് ആദ്യമായി മേയ്‌ഡേ സന്ദേശം ആവിഷ്‌കരിച്ചത്. ആപത്ഘട്ടത്തില്‍ ഉപയോഗിക്കാനും പെട്ടെന്നു പൈലറ്റുമാര്‍ക്കു മനസിലാക്കാനും കഴിയുന്ന ഒരു വാക്ക് കണ്ടെത്താനായിരുന്നു ശ്രമം. അക്കാലത്ത് ഏറ്റവും കൂടുതല്‍ വിമാന സര്‍വീസ് ക്രോയ്ഡനില്‍നിന്നു പാരിസിലേക്കായിരുന്നു.

ഇതേത്തുടര്‍ന്നാണ് ഫ്രഞ്ച് ഭാഷയില്‍ ‘എന്നെ സഹായിക്കൂ’ എന്ന് അര്‍ഥമുള്ള മേയ്‌ഡേ എന്ന വാക്ക് ഫെഡറിക്ക് നിര്‍ദേശിച്ചത്. വെനെ മേയ്‌ഡേ (വരൂ, എന്നെ രക്ഷിക്കൂ) എന്ന വാക്കിന്റെ ലഘുരൂപമായിരുന്നു ഇത്. തൊഴിലാളി ദിനമായ മേയ് ഡേയുമായി ഇതിനു യാതൊരു ബന്ധവുമില്ല. 1927 ല്‍ വാഷിങ്ടനില്‍ ചേര്‍ന്ന രാജ്യാന്തര റേഡിയോ ടെലഗ്രാഫ് കണ്‍വന്‍ഷന്‍ ‘മേയ്‌ഡേ’ എന്ന സന്ദേശം ഔദ്യോഗികമായി അംഗീകരിച്ചു.

English Summary: Pakistan plane crash survivor: 'All I could see was smoke and fire'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com