ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്ത് മദ്യ വിതരണ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനായുള്ള ബെവ് ക്യൂ ആപ്പിന്റെ കാര്യത്തിൽ പ്ലേസ്റ്റോറിൽനിന്ന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് ഫെയർകോഡ് ടെക്നോളജീസ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്ലേസ്റ്റോറിൽ അപ്‍ലോഡ്ചെയ്ത ശേഷമുള്ള സ്വാഭാവിക വൈകൽ മാത്രമാണ് ഇത്. പരമാവധി ഏഴു ദിവസം വരെ കാലതാമസം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഈ ദിവസങ്ങളിൽ തന്നെ പ്ലേസ്റ്റോറിൽ ആപ് പബ്ലിഷ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ സർക്കാർ ഗൂഗിളിന്റെ ഇന്ത്യയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടികൾ അതിവേഗമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ബെവ്കോയുടെ ആപ്പിന് ഇന്ന് അനുമതി ലഭിച്ചേക്കുമെന്ന് സ്റ്റാർട്ടപ്പ് മിഷൻ ബവ്കോയെ അറിയിച്ചു. അനുമതി ലഭിച്ചാൽ നാളെ മദ്യവിതരണത്തിനുള്ള നടപടികൾ ആരംഭിക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. ആപ് ശനിയാഴ്ചയാണ് പ്ലേ സ്റ്റോറിൽ അംഗീകാരത്തിനായി സമർപ്പിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച തന്നെ ആപ് പബ്ലിഷ് ചെയ്യുന്ന വിവരം സർക്കാർ തലത്തിൽ നിന്ന് ഗൂഗിളിനെ അറിയിക്കുകയും കാലതാമസമില്ലാതെ പബ്ലിഷ് ചെയ്യുന്നതിന് അഭ്യർഥിക്കുകയും ചെയ്തിരുന്നതാണ്. ഇതിനോട് പോസിറ്റീവായ പ്രതികരണമാണ് ലഭിച്ചതെന്നാണ് വിവരം. ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾ ഇവിടുത്തെ പ്ലേസ്റ്റോർ വിഭാഗമായിരിക്കില്ല കൈകാര്യം ചെയ്യുന്നത് എന്നതാകാം വൈകുന്നതിന്റെ ഒരു കാരണം എന്നാണ് ലഭിക്കുന്ന സൂചന. ലോക്ഡൗൺ ബാധിച്ച ഏതെങ്കിലും രാജ്യത്തേയ്ക്കാണ് അയച്ചതെങ്കിൽ വൈകുന്നതിന് കാരണമായേക്കാമെന്നുമാണ് ഫെയർ ടെക്നോളജീസ് വിശദീകരിക്കുന്നത്.

സർക്കാർ തലത്തിലുള്ള ആപ്പ് ആണെന്നു വിശദീകരിക്കുന്ന കത്ത് ഉൾപ്പടെയാണ് സമർപ്പിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാരിൽ നിന്നുള്ള സ്പെഷൽ റിക്വസ്റ്റായതിനാൽ കാലതാമസമില്ലാതെ പ്ലേസ്റ്റോർ പബ്ലിഷ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് 15 വെള്ളിയാഴ്ചയാണ് കൊച്ചിയിലുള്ള ഫെയർകോഡ് ടെക്നോളജീസ് എന്ന കമ്പനി ബെവ്കോയുമായുള്ള കരാർ ഫൈനലൈസ് ചെയ്തത്. അന്നു വൈകിട്ട് കരാർ ഒപ്പിട്ടു. തുടർന്ന് 16-ാം തീയതി ശനിയാഴ്ച മുതൽ വർക് ചെയ്ത് തിങ്കളാഴ്ച ആപ്ലിക്കേഷൻ തയാറായി. തുടർന്ന് സെർവർ വർക്കും സെറ്റ് ചെയ്ത് ഐടി മിഷൻ ഏൽപിച്ച സുരക്ഷാ പരിശോധനകളും പൂർത്തിയാക്കിയാണ് 23ന് ശനിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ നാലുമണിക്ക് പ്ലേസ്റ്റോറിലേയ്ക്ക് സമർപ്പിച്ചത്.

പ്ലേസ്റ്റോറിന്റെ ക്ലിയറൻസ് ലഭിച്ച് പബ്ലിഷ് ചെയ്താലും ഏതാനും ദിവസം കൂടി വൈകിയ ശേഷമേ പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ ആപ് ലഭിക്കൂ എന്നാണ് കമ്പനി അധികൃതർ വ്യക്തമാക്കുന്നത്. പ്ലേ സ്റ്റോറിൽ ഇട്ട് ഔട്‌ലെറ്റുകൾ ഉൾപ്പെടുത്തി യൂസർ ലവൽ സാങ്കേതിക പരിശോധന നടത്തേണ്ടതുണ്ട്. പതിനായിരക്കണക്കിന് ആളുകൾ കയറുന്ന സിനാരിയൊ ടെക്നിക്കലി ക്രിയേറ്റ് ചെയ്ത് വിജയകരമെന്ന് ഉറപ്പിച്ച ശേഷമായിരിക്കും പൊതുജനങ്ങൾക്ക് ലഭ്യമാകുക.

അതേസമയം, ഇതിനകം ഔട്‍ലറ്റുകളും മദ്യശാലകളും എല്ലാം അണുനശീകരണ ജോലികൾ പൂർത്തിയാക്കി മദ്യ വിതരണത്തിന് തയാറായിക്കഴിഞ്ഞു. ലോക്ഡൗൺ ഇളവു പ്രകാരം മദ്യവിതരണത്തിന് അനുമതി ലഭിച്ചിട്ടും മദ്യം ലഭിച്ചു തുടങ്ങാത്തത് മദ്യപാനികളെയും നിരാശരാക്കിയിട്ടുണ്ട്.

English Summary: Bevq App: No reply from Playstore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com