ADVERTISEMENT

വാഷിങ്ടൻ ∙ ചൈനയ്ക്കെതിരായ പോരാട്ടത്തിൽ ഹോങ്കോങ്ങിനെ കരുവാക്കി യുഎസിന്റെ നിർണായക നീക്കം. ചൈനയിലെ സ്വയംഭരണ പ്രദേശമായി സ്വയം എടുത്തുകാട്ടുന്ന ഹോങ്കോങ്ങിനെ ആ പദവിയിൽ ഇനി കാണുന്നില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. തീരുമാനം ഹോങ്കോങ്ങിന്റെ പ്രത്യേക പദവിയുടെ നഷ്ടത്തിനും അതുവഴി യുഎസുമായുള്ള വ്യാപാരത്തിലെ കുറവിനും കാരണമാകും. ശതകോടികളുടെ വ്യാപാര ഇടപാടിൽ കുറവുണ്ടാകുന്നതോടെ രാജ്യാന്തര സാമ്പത്തിക ഹബ് എന്ന വിശേഷണം ഹോങ്കോങ്ങിന് ‌നഷ്ടപ്പെടും എന്നതാണു കാത്തിരിക്കുന്ന വലിയ പ്രത്യാഘാതം.

‘ചൈനയിലെ സ്വയംഭരണാധികാര പ്രദേശങ്ങൾ വിലയിരുത്തുന്നതിനും മറ്റുമായി ഹോങ്കോങ് പോളിസി ആക്ട് പഠിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. സമീപ കാലങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ച് ശ്രദ്ധാപൂർവം പഠിച്ച ശേഷം, ഹോങ്കോങ് തുടർന്ന് പ്രത്യേക സ്വയംഭരണ പദവി അർഹിക്കുന്നില്ലെന്ന് ഇന്ന് കോൺഗ്രസിനു റിപ്പോർട്ട് നൽകി. ചൈനയിൽ നിന്ന് ഉയർന്ന സ്വയംഭരണാധികാരം ഹോങ്കോങ് പുലർത്തുന്നുണ്ടെന്ന് ന്യായമായി ചിന്തിക്കുന്ന ഒരാൾക്കും വാദിക്കാനാവില്ല.’– പോംപെയോ പറഞ്ഞു. ഹോങ്കോങ്ങിനായി വിവാദമായ ദേശീയ സുരക്ഷാ നിയമം ബെയ്ജിങ് അവതരിപ്പിച്ചതിനെ തുടർന്നാണു യുഎസിന്റെ തീരുമാനം. 

ഹോങ്കോങ്ങിൽ ദേശീയ സുരക്ഷാ നിയമം അടിച്ചേൽപ്പിക്കാനുള്ള ചൈനയുടെ ശ്രമത്തെ തുടർന്ന്, ഈ ആഴ്ച ചൈനയ്‌ക്കെതിരെ നടപടിയെടുക്കാൻ തയാറെടുക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. ഹോങ്കോങ്ങിൽ ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനു ജനങ്ങൾ നടത്തി വരുന്ന സമരത്തിനു തീവ്രത കുറയാത്ത സാഹചര്യത്തിൽ പുതിയ ദേശസുരക്ഷാ നിയമത്തിനു രൂപം കൊടുക്കാൻ ചൈന തീരുമാനിച്ചിരുന്നു. ഹോങ്കോങ്ങിലെ സ്ഥിതിഗതികൾ ഇനിയും നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞില്ലെങ്കിൽ രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലേക്കും സമാനമായ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെടാൻ ഇടയാകുമെന്ന് ചൈന ഭയപ്പെടുന്നു.

English Summary: Pompeo certifies Hong Kong is no longer autonomous from China, jeopardizing billions of dollars in trade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com