ADVERTISEMENT

ലണ്ടൻ∙ 2.4 ദശലക്ഷം പൗണ്ടിന്റെ കള്ളപ്പണം വെളുപ്പിക്കാനും, 1.6 ദശലക്ഷം പൗണ്ട് തട്ടിയെടുക്കാനും ശ്രമിച്ചതിന് ഇന്ത്യൻ വംശജരായ രണ്ടുപേരെ യുകെ കോടതി 12 വർഷം തടവുശിക്ഷ വിധിച്ചു. സ്‌കോട്ട്‌ലൻഡ് യാർഡിന്റെ സാമ്പത്തിക ക്രൈം യൂണിറ്റിന്റെ അന്വേഷണത്തെത്തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ, വഞ്ചന എന്നീ കുറ്റങ്ങൾക്ക് വിജയ കുമാർ കൃഷ്ണസാമി (32), ചന്ദ്രശേഖർ നല്ലയൻ (44) എന്നിവരെയാണ് ജയിലിൽ അടച്ചത്. 

ലജ്ജയില്ലാത്ത ഈ പ്രതികൾ ഇരകൾക്ക് പറഞ്ഞറിയിക്കാനാവാത്ത വിഷമം ഉണ്ടാക്കിയിട്ടുണ്ട്. അനധികൃത പണമിടപാട് നടത്തുന്നവരെ കണ്ടെത്തി അവരുടെ കുറ്റകൃത്യങ്ങൾക്ക് തക്കതായ ശിക്ഷ നേരിടേണ്ടിവരുമെന്ന് ഈ കേസ് കാണിക്കുന്നു– മെട്രോപൊളിറ്റൻ പൊലീസിന്റെ സെൻട്രൽ സ്പെഷ്യലിസ്റ്റ് ക്രൈം - ഇക്കണോമിക് ഡിറ്റക്ടീവ് കോൺസ്റ്റബിൾ മിലേന ബിംഗ്ലി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കുന്നതിൽ നിന്ന് പ്രയോജനം നേടാമെന്നും അതിൽ നിന്ന് രക്ഷപ്പെടാമെന്നും വിശ്വസിക്കുന്നവർക്ക് ഈ ശിക്ഷാവിധി മുന്നറിയിപ്പായിരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

2018ൽ തെക്കൻ ലണ്ടനിലെ ക്രോയ്ഡൺ ക്രൗൺ കോടതിയിൽ, കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചതായി സംശയിക്കുന്ന ഒന്നിലധികം ബിസിനസ്സ് അക്കൗണ്ടുകളിലേക്ക് നിരവധി ഐപി അ‍ഡ്രസ്സുകൾ ആവർത്തിച്ച് ആക്‌സസ്സ് ചെയ്യുന്നുവെന്ന് ബാർക്ലേസ് ബാങ്കിൽ നിന്ന് പൊലീസിന് റിപ്പോർട്ട് ലഭിച്ചതായി കേസ് ഫയൽ ചെയ്തു. ഇതേത്തുടർന്ന് ഓപ്പറേഷൻ പാൽക്കല്ല ആരംഭിക്കുകയും മെറ്റ്സ് ഇക്കണോമിക് ക്രൈം യൂണിറ്റിലെ ഉദ്യോഗസ്ഥർ സൈബർ ഡിഫൻസ് അലയൻസ് (സിഡിഎ) യുമായി ചേർന്ന് അന്വേഷണം നടത്തുകയും ചെയ്തു. ക്രോയ്‌ഡൺ ഏരിയയിലെ സംശയാസ്പദമായ ഐപി അ‍ഡ്രസ്സുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി.

കഴിഞ്ഞ വർഷം മേയ് 2 ന് ഈ അ‍ഡ്രസ്സുകളിലൊന്നിൽ സെർച്ച് വാറന്റ് നടപ്പാക്കുകയും വിജയ കുമാർ കൃഷ്ണസാമിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്വേഷണത്തിൽ സംശയാസ്പദമായ ഡസൻ കണക്കിന് ബിസിനസ്സുകളുമായും നൂറുകണക്കിന് ബാങ്ക് അക്കൗണ്ടുകളുമായും ബന്ധപ്പെട്ട രേഖകൾ കണ്ടെത്തി. സംശയാസ്പദമായ വിവിധ അക്കൗണ്ടുകൾ ഓൺലൈനിൽ ആക്‌സസ് ചെയ്യുന്നതോ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതോ ആയ ആയിരക്കണക്കിന് ചിത്രങ്ങൾ അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നു.

വിജയ കുമാർ കൃഷ്ണസാമിയുടെ മൊബൈൽ ഫോണിലെ തെളിവുകളിൽ നിന്ന് ചന്ദ്രശേഖർ നല്ലയനെ മറ്റൊരു പ്രതിയായി തിരിച്ചറിഞ്ഞു. ക്രിമിനൽ ഫണ്ട് എവിടെ നിന്ന് കൈമാറണമെന്ന് അദ്ദേഹം വിജയകുമാർ കൃഷ്ണസാമിയോട് നിർദ്ദേശിക്കുകയാണെന്ന് കോടതി വിലയിരുത്തി. പൊലീസ് ഡിറ്റക്ടീവുകൾ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിക്കുന്നതോ ആയ വ്യാജ അക്കൗണ്ടുകളും കണ്ടെത്തി.

തട്ടിപ്പിന് ഇരയായ 24 കമ്പനികളെ ലോകമെമ്പാടും നിന്നും തിരിച്ചറിഞ്ഞു. ഈ വ്യാജ അക്കൗണ്ടുകളിലേക്ക് പണം അടച്ച 16 ഇരകളുണ്ട്. ആ കൈമാറ്റങ്ങളുടെ ആകെ മൂല്യം 2.4 ദശലക്ഷം പൗണ്ടിനേക്കാൾ കൂടുതലായിരുന്നു. ഇരകളായ എട്ടു പേർ ഇമെയിലുകൾ യഥാർഥമല്ലെന്ന് മനസിലാക്കുകയും സംശയാസ്പദമായ ഇമെയിലുകൾ അവരുടെ ബാങ്കിനോ പൊലീസിനോ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഈ ശ്രമങ്ങൾ വിജയിച്ചിരുന്നെങ്കിൽ ഇരകൾക്ക് 1.6 ദശലക്ഷം പൗണ്ട് നഷ്ടമാകുമായിരുന്നുവെന്നും അന്വേഷണ ഏജൻസി അറിയിച്ചു.

2018 ഫെബ്രുവരി 1 നും 2019 മേയ് 1 നും ഇടയിൽ ക്രിമിനൽ സ്വത്ത് നശിപ്പിക്കാനോ ഒളിപ്പിച്ചുവയ്‌ക്കാനോ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിന് ഈ വർഷം ഫെബ്രുവരിയിൽ വിജയ കുമാർ കൃഷ്ണസാമി കുറ്റസമ്മതം നടത്തി. ചന്ദ്രശേഖർ നല്ലയനും കുറ്റം സമ്മതിച്ചു. 

English Summary: 2 Indian-Origin Men Jailed For Over 12 Years For Money Laundering In UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com