ADVERTISEMENT

കോഴിക്കോട്∙ ഒന്നാം ക്ലാസിൽ ഒാൺലൈൻ ക്ലാസെടുത്ത് മലയാളിയുടെ മനസിൽ കയറിക്കൂടിയ സായി ശ്വേത ടീച്ചറാണ് സോഷ്യൽ മീഡിയയിലെ താരം. എന്നാൽ ടീച്ചറിന് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ലെന്ന വിവരമാണ് ടീച്ചറുടെ തന്നെ ഒരുമാസം മുന്‍പുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാകുന്നത്. അംഗീകാരം കാത്തിരിക്കുന്ന എയ്ഡഡ് സ്കൂൾ അധ്യാപികയാണ് സായി ശ്വേത. അവർ തന്നെ ഏപ്രിൽ 29 ന് ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലാണ് തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്. പ്രൊഫൈൽ വൈറലായതിനിടെ സമൂഹമാധ്യമത്തില്‍ തന്നെയാണ് ഇക്കാര്യവും ഉയര്‍ന്നു വന്നത്.

തനിക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും എന്നാൽ നൃത്തം പഠിപ്പിച്ച് തനിക്ക് ലഭിച്ച തുക മഹാമാരിക്കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നുവെന്നും ടീച്ചർ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ടീച്ചറെ സോഷ്യൽ മീഡിയയിൽ ട്രോളുന്നവർ ഇതുകൂടി അറിയണമെന്നും ടീച്ചറെ അഭിനന്ദിച്ചുവരുന്ന കമന്റുകളിൽ ആളുകൾ വ്യക്തമാക്കുന്നു.

ടീച്ചര്‍ ഏപ്രില്‍ 29ന് പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ: അഭിമാനത്തോടെ പറയട്ടെ, ഞാനും അധ്യാപികയാണ്. എയ്ഡഡ് സ്കൂളിൽ അംഗീകാരം കാത്തിരിക്കുന്നു. ശമ്പളം എന്നെങ്കിലും കിട്ടും എന്ന പ്രതീക്ഷയിൽ. എങ്കിലും ഈ മഹാമാരിയുടെ സാഹചര്യത്തിൽ ഞാൻ നൃത്തം പഠിപ്പിച്ചു സ്വരൂപിച്ച തുക ഞാനും സർക്കാരിലേക്കു നൽകുന്നു.. പൂർണ്ണമനസ്സോടെ.. സായി ശ്വേത ദിലീ.

പൂച്ചകളുമായിട്ടാണ് ഒന്നാംക്ലാസിലെ കുട്ടികളെ കാണാൻ സായി ടീച്ചർ ഇന്നലെ എത്തിയത്. ഇൗണത്തിൽ താളത്തിൽ കൊഞ്ചിച്ച് കുഞ്ഞുങ്ങളെ തൊടാതെ തൊട്ട് ടീച്ചർ ക്ലാസ് പൂർത്തിയാക്കി. പിന്നാലെ അഭിനന്ദനങ്ങളുടെ പ്രവാഹം. ടീച്ചറുടെ ക്ലാസ് ടിവിയിലൂടെ കേട്ടിരുന്നത് കുഞ്ഞുങ്ങൾ മാത്രമായിരുന്നില്ല. ആ അനുഭവം സായി ശ്വേത എന്ന കോഴിക്കോട്ടുകാരി മനോരമ ന്യൂസിനോട് പറഞ്ഞത് ഇങ്ങനെ:  

‘അയ്യോ.. ഇത്രമാത്രം വൈറലായോ..? കുട്ടികളുടെ ഇഷ്ടം നേടണ്ടേ, ഒന്നാം ക്ലാസ് അല്ലേ.. അവരുടെ ഇഷ്ടത്തിന് പഠിപ്പിക്കണമല്ലോ അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എന്റെ പേര് സായി ശ്വേത. കോഴിക്കോടാണ് സ്വദേശം. ഭർത്താവ് ദിലീപ്. അദ്ദേഹം ഗൾഫിലാണ്. ഇപ്പോൾ ചോമ്പാലയിലെ സബ് ജില്ലയിലെ എൽപി സ്കൂൾ അധ്യാപികയാണ് ഞാൻ. കഴിഞ്ഞ വർഷമാണ് അധ്യാപികയായി ജീവിതം തുടങ്ങുന്നത്. കഴിഞ്ഞ തവണ രണ്ടാം ക്ലാസ് കുട്ടികളെയായിരുന്നു പഠിപ്പിച്ചിരുന്നത്. ഇത്തവണ ഒന്നാം ക്ലാസിന് ഓൺലൈനായി ക്ലാസെടുക്കാൻ അവസരം കിട്ടി. അങ്ങനെയാണ് എത്തുന്നത്. ആഴ്ചയിൽ രണ്ടു ദിവസമാണ് ക്ലാസ് ഉള്ളത്.

ടിക്ടോക് വിഡിയോകളൊക്കെ ചെയ്യാറുണ്ട്. പിന്നെ അത്യാവശ്യം നൃത്തെമാക്കെ ചെയ്യാറുണ്ട്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അങ്ങനെ ക്ലാസ് എടുക്കാൻ ടിക്ടോക് വിഡിയോകൾ സഹായിച്ചെന്നാണ് എന്റെ വിശ്വാസം. അതു എല്ലാവർക്കും ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. നിമിഷനേരം കൊണ്ട് ക്ലാസ് വൈറലാക്കിയ ട്രോളൻമാർക്ക് നന്ദി..സ്നേഹം..’

English Summary: No Salary for a long period, struggle of Sai Swetha online Star 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com