ADVERTISEMENT

പാലക്കാട്∙ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് വായും നാവും തകർന്ന് ചരിഞ്ഞ കാട്ടാന ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കാട്ടാനയ്ക്ക് പൈനാപ്പിളിലോ മറ്റേതെങ്കിലും പഴത്തിലോ സ്ഫോടകവസ്തു നിറച്ചു നല്‍കിയതാകാമെന്നാണു വിലയിരുത്തൽ. ശക്തമായ സ്ഫോടനത്തില്‍ ആനയുടെ മേൽത്താടിയും കീഴ്ത്താടിയും തകർന്നിരുന്നു. മുഖത്തെ മുറിവിൽ ഈച്ചയോ മറ്റു പ്രാണികളോ വരാതിരിക്കാൻ വെള്ളത്തിൽ തലതാഴ്ത്തി നിൽക്കുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെയാണ് ആന ചരിഞ്ഞത്.

തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറിൽ മേയ് 27നാണ് 15 വയസ്സു പ്രായം വരുന്ന പിടിയാന ചരിഞ്ഞത്. 25ന് പുലർച്ചെയോടെയാണ് ആന നാട്ടിലെത്തിയത്. ചൊവ്വാഴ്ചയാണ് വെള്ളത്തിൽ നിൽക്കുന്ന നിലയിൽ ആനയെ കണ്ടെത്തിയത്. തുടർന്ന് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി രണ്ട് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചു. എന്നാൽ രക്ഷപ്പെടുത്തുന്നതിനു മുൻപ് ആന ചരിഞ്ഞു. 1997ൽ പാലക്കയം ഇഞ്ചിക്കുന്ന് വനമേഖലയിലും സമാനരീതിയിൽ കാട്ടാന ചരിഞ്ഞിരുന്നു.

ആന ഒരു മാസം ഗർഭിണിയായിരുന്നുവെന്ന് ഫോറസ്റ്റ് സർജൻ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. സൈലന്റ് വാലി വനമേഖലയിൽനിന്നാണ് ആന നാട്ടിലെത്തിയതെന്നാണു വിവരം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. വനമേഖലയോടു ചേർന്നുള്ള കൃഷിയിടങ്ങൾ, സ്വകാര്യ തോട്ടങ്ങൾ കേന്ദ്രീകരിച്ച് വന്യമൃഗങ്ങളെ വേട്ടയാടുന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

പ്രധാനമായും കാട്ടുപന്നിയുടെ ശല്യം ഒഴിവാക്കാൻ കർഷകർ കെണിയൊരുക്കാറുണ്ട്. ഇത്തരത്തിൽ വച്ച പന്നിപ്പടക്കമാണ് ആനയുടെ ജീവൻ അപകടത്തിലാക്കിയതെന്നാണ് വിവരം. അല്ലെങ്കിൽ പുഴയിൽ മീൻ പിടിക്കാനായി വച്ച തോട്ട പൊട്ടി ആനയുടെ വായിൽ മുറിവേറ്റതാകാം. വെള്ളിയാർ പുഴയിലാണ് ചരിഞ്ഞത്.

കാട്ടാനയുടെ ദാരുണാന്ത്യം സമൂഹമാധ്യമങ്ങളിലും ചർച്ചയാണ്. പക്ഷേ എന്നാണ് എവിടെ വച്ചാണ് ആനയ്ക്ക് പരുക്കേറ്റതെന്ന് കണ്ടെത്താനായിട്ടില്ല. കാട്ടാന ശല്യം ഒഴിവാക്കാൻ ആനയെ മാത്രം ലക്ഷ്യം വച്ച് സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതാണോയെന്നും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്.

കാട്ടാന ചരിഞ്ഞതുമായി ബന്ധപ്പെട്ട് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ മോഹനകൃഷ്ണൻ സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന്റെ പൂർണരൂപം:–

മാപ്പ്... സഹോദരീ .. മാപ്പ് ...
അവൾ ആ കാടിന്റെ പൊന്നോമനയായിരുന്നിരിക്കണം. അതിലുപരി അവൾ അതിസുന്ദരിയും സൽസ്വഭാവിയും നന്മയുളളവളും ആയിരിക്കണം. അതുകൊണ്ടാണല്ലോ ചെറുപ്രായത്തിൽ തന്നെ അവിടത്തെ ആണാനകളുടെ സ്നേഹ പരിലാളനകൾക്ക് അവൾ പാത്രമായത്. തന്റെ അകകാമ്പിലെവിടെയോ അനുഭവപ്പെട്ട തലമുറ മാറ്റത്തിന്റെ ചെറിയ അനക്കങ്ങളും ശാരീരികപൂർണ്ണതയിലെ മാറ്റങ്ങളും അവൾക്ക് ആരോഗ്യവതിയായിരിക്കേണ്ടതിന്റെ സൂചനകൾ നൽകിയിരിക്കണം. അതാണ് അവൾ ഭക്ഷണം തേടി കാടായി കിടക്കുന്ന നാട്ടിലേക്കിറങ്ങി വന്നത്. പക്ഷെ അവിടെ സ്വാർത്ഥനായ മനുഷ്യൻ എന്തിനും തയ്യാറായി നിൽക്കുന്നത് അവൾ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞാൽ തന്നെ ഇരട്ട ജീവനുമായി നടക്കുന്ന തന്നെ ഒഴിവാക്കും എന്ന് അവൾ കരുതി കാണും. അവൾ എല്ലാരെയും വിശ്വസിച്ചു. ഭക്ഷണമായി കഴിച്ച പൈനാപ്പിളോ മറ്റേതോ പഴമോ പടക്കത്തിന്റെ രൂപത്തിൽ പൊട്ടിതെറിച്ചപ്പോൾ അവൾ ഞെട്ടിയത് തന്നേ കുറിച്ചോർത്തായിരിക്കില്ല. പതിനെട്ടോ ഇരുപതോ മാസങ്ങൾക്കു ശേഷമുണ്ടാകാൻ പോകുന്ന പുതു പിറവിയെ കുറിച്ചോർത്തായിരിക്കും.

പടക്കത്തിന്റെ ഗാംഭീര്യത്തിൽ വായും നാവും തകർന്ന അവൾ ഭക്ഷണം കഴിക്കാനാകാതെ വിശന്ന് അവിടമാകെ ഓടി നടന്നു. തന്റെ വിശപ്പിനെക്കാളധികം അവളെ വേവലാതിപ്പെടുത്തിയത് അകകാമ്പിലെ ഇളക്കത്തിന്റെ ആരോഗ്യമായിരിക്കും. ഭക്ഷണം തേടി ആ ഗ്രാമത്തിലെ വീടുകൾക്കിടയിലൂടെ പ്രാണവേദനയോടെ ഓടിയപ്പോഴും ഒരു മനുഷ്യ ജീവിയെപ്പോലും അവൾ ഉപദ്രവിച്ചില്ല. ഒരു വിടു പോലും അവൾ തകർത്തില്ല. അതാ തുടക്കത്തിൽ അവൾ നന്മയുള്ളവളാണ് എന്ന് ഞാൻ പറഞ്ഞത്. സൂരജും ജോളിയും ശരണ്യയും ഒക്കെ ഉള്ളത് നമുക്കിടയിലാണല്ലോ.

ഞാൻ അവളെ കാണുമ്പോൾ അവൾ വെള്ളിയാർ പുഴയിൽ മുഖവും തുമ്പിയും താഴ്ത്തി നിൽക്കുകയാണ്. വയറൊട്ടി, മെലിഞ്ഞ് പരിക്ഷീണയായി ... മുഖത്തെ മുറിവിൽ ഈച്ചകളും മറ്റു പ്രാണികളും വരാതിരിക്കാനാകണം അവൾ വെള്ളത്തിൽ തല താഴ്ത്തി നിന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്ന നിലക്ക് അവളെ കരക്ക് കയറ്റി ചികിൽസ നൽകേണ്ടത് ഞങ്ങളുടെ കടമയാണ്. കഴിവും തന്റേടവുമുള്ള ഞങ്ങളുടെ മേലുദ്യോഗസ്ഥന്റെ ശ്രമഫലമായി ഒരു രാത്രി കൊണ്ട് അവളെ കരക്ക് കയറ്റാൻ പദ്ധതി തയ്യാറായി. പുഴയിൽ നിന്ന് അവളെ ആനയിക്കാൻ കുങ്കികൾ എന്നറിയപ്പെടുന്ന അവളുടെ വർഗ്ഗക്കാരായ സുരേന്ദ്രനും നീലകണ്ഠനുമെത്തി..RRT ചുമതലയുള്ള ഉദ്യോഗസ്ഥൻ എന്ന നിലക്ക് പുഴയിൽ നിന്ന് അവളെ കയറ്റുന്ന പ്രവൃത്തിയുടെ ചുമതലക്കാരൻ ഞാനായി . എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. പക്ഷെ അവൾക്കെന്തോ ആറാം ഇന്ദ്രിയം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഞങ്ങളെ ഒന്നിന്നും സമ്മതിക്കാതെ 27/5 ന് വൈകിട്ട് 4 മണിക്ക് ആ പുഴയിൽ നിന്ന നിൽപിൽ അവൾ ജലസമാധിയായി. എല്ലാവരും ഞെട്ടിപ്പോയി. കുങ്കികൾക്ക് എത്ര പെട്ടന്നാണ് കാര്യം മനസ്സിലായത് എന്ന് ഞാൻ ആലോചിച്ചു. അവരതാ കണ്ണീർ വാർക്കുന്നു.കണ്ണീർ വീണ് പുഴതിളക്കുന്നതായി എനിക്ക് തോന്നി. മനുഷ്യന്റെ സ്വാർത്ഥതക്ക് മുമ്പിൽ പുഴയുടെ പ്രതിഷേധം.

ഇനി അവൾക്ക് അർഹിക്കുന്ന യാത്രയയപ്പ് നൽകണം. അതിനായി അവളെ ലോറിയിൽ കയറ്റി വനത്തിനുള്ളിൽ എത്തിച്ചു. ബാല്യ കൗമാരങ്ങളിൽ ഓടികളിച്ച മണ്ണിൽ വിറങ്ങലിച്ച് അവൾ കിടന്നു. ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കൂടെ നിന്ന എന്നോട് ഒരു ഗദ്ഗദം പോലെ പറഞ്ഞു അവൾ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം എനിക്ക് മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം എനിക്ക് പിടികിട്ടി. ഞാൻ നിർത്തുകയാണ്. അവിടെ തന്നെ ചിതയൊരുക്കി അവളെ ഞങ്ങൾ സംസ്കരിച്ചു. അഗ്നി എറ്റുവാങ്ങുമ്പോഴും അവളുടെ അമ്മ മനസ്സിനെ ഞാൻ മനസ്സാ നമിച്ചു. സൂക്ഷ്മാണു വായ കൊറോണയുടെ മുമ്പിൽ പോലും പകച്ചു നിൽക്കേണ്ടി വരുന്ന മനുഷ്യ വർഗ്ഗത്തിൽപ്പെട്ട ഒരാളെന്ന നിലക്ക് എനിക്കൊന്നേ എല്ലാവർക്കുമായി അവളോട് പറയാനുള്ളൂ .... സഹോദരീ ..... മാപ്പ്

‌English Summary: Pregnant Elephant Fed Pineapple Stuffed With Crackers In Kerala. She Died Standing In River

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com