ADVERTISEMENT

പാലക്കാട് ∙ തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറിൽ പന്നിപ്പടക്കം പൊട്ടി ആന ചരിഞ്ഞ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ചത് തേങ്ങയിൽ നിറച്ച സ്ഫോടക വസ്തുവെന്ന് വെളിപ്പെടുത്തൽ. അറസ്റ്റിലായ മലപ്പുറം എടവണ്ണ സ്വദേശി വിൽസന്റേതാണ് വെളിപ്പെടുത്തൽ. ഇയാളാണ് സ്ഫോടക വസ്തു നിർമിച്ച് നൽകിയത്. ഇതുപയോഗിച്ചത് ഇനി പിടിയിലാകാനുള്ള രണ്ടു പ്രതികളാണെന്നും വിൽസൺ പറയുന്നു. ഇവർ ഭൂഉടമകളായ ഒരു പിതാവും മകനുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

തേങ്ങ നെടുകെ കീറി സ്ഫോടക വസ്തു നിറച്ചാണ് പന്നിയെ പിടികൂടുന്നതിനുള്ള പടക്കം നിർമിച്ചതെന്ന് പിടിയിലായ വിൽസൺ സമ്മതിച്ചു. വനാതിർത്തിയോട് ചേർന്ന് കൃഷി ചെയ്തിരുന്നന്ന ഇവർ പന്നികളെ വേട്ടയാടി വിൽപന നടത്തിയിരുന്നതായാണ് ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന സൂചന. നേരത്തെയും ഇവർ വൈദ്യുതി ഉപയോഗിച്ചും കുരുക്കിട്ടും കുഴികളിൽ ചാടിച്ചുമെല്ലാം പന്നികളെ പിടികൂടിയിട്ടുണ്ടത്രെ. മുഖ്യ പ്രതികൾ രണ്ടു പേരും ഒളിവിലാണെന്നാണ് വിവരം. കാര്യങ്ങൾ കൈവിട്ടു പോയ സാഹചര്യത്തിൽ ഇരുവരും ഉദ്യോഗസ്ഥർക്കു മുമ്പാകെ കീഴടങ്ങുമെന്നാണു കരുതുന്നത്.

wild-elephant

മേയ് 27നാണ് 15 വയസ്സു പ്രായം വരുന്ന പിടിയാന ചരിഞ്ഞത്. മേയ് 25നാണ് ആനയെ വായ തകർന്ന നിലയിൽ കണ്ടെത്തിയത്. അതിനും രണ്ടാഴ്ച മുമ്പ് പരുക്കേറ്റതായാണ് ഫോറസ്റ്റ് സർജൻ പോസ്റ്റുമോർട്ടത്തിനു ശേഷം അറിയിച്ചത്. വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ഈച്ചകളും മറ്റും അരിക്കുന്നത് ഒഴിവാക്കാൻ വെള്ളത്തിലിറങ്ങി വായ താഴ്ത്തി നിൽക്കുന്ന നിലയിലാണ് ആനയെ കണ്ടെത്തിയത്.

 Killing of pregnant elephant in Kerala triggers nationwide outrage

ഇതു ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു രണ്ടു കുങ്കിയാനകളെ കൊണ്ടുവന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കരയ്ക്കു കയറ്റാൻ സാധിച്ചിരുന്നില്ല. സൈലന്റ്‍വാലി മേഖലയിൽ നിന്നുള്ള ആനയാണ് ഇതെന്നാണു കരുതുന്നത്. പോസ്റ്റ്മോർട്ടത്തിൽ ആന ഗർഭിണിയായിരുന്നു എന്ന് കണ്ടെത്തിയത് എല്ലാവരെയും സങ്കടത്തിലാഴ്ത്തി. ഗർഭിണിയായ ആനയുടെ മരണം രാജ്യാന്തര തലത്തിൽ തന്നെ വലിയ ചർച്ചയായി.

elephant

English Summary: New revelation about death of wild elephant at Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com