ADVERTISEMENT

ന്യൂഡൽഹി∙ ലോകമാകെ പടർന്ന കോവിഡ് മഹാമാരിയെ ചെറുക്കാൻ ലോകരാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ ലോക്ഡൗൺ പ്രകൃതിക്ക് നൽകിയത് പുതുജീവനാണ്. മലിനീകരണം കാരണം വീർപ്പുമുട്ടിയ നദികൾ പോലും തെളിനീരാകുന്ന കാഴ്ച.  ലോകത്തെ മലിന നഗരങ്ങളിൽ ഒന്നായ ഇന്ത്യയുടെ രാജ്യതലസ്ഥാനത്തെ വായുനിലവാരം പോലും മെച്ചപ്പെട്ടു. ഇവിടെ പല ദേശാടന പക്ഷികളും പുതുതായി വിരുന്നെത്തി. നിരത്തുകളിൽ വാഹനങ്ങൾ കുറഞ്ഞതും ഫാക്ടറികളും വ്യവസായശാലകളും അടച്ചുപൂട്ടിയതുമാണ് വായുമലിനീകരണത്തിൽ കുഴങ്ങിയ ഡൽഹിക്കു ജീവശ്വാസമേകിയത്. ഇടയ്ക്ക് ലോക്ഡൗണ്‍ നടപ്പാക്കണമെന്ന നിലപാടിലാണ് ഇപ്പോൾ പരിസ്ഥിതി പ്രവർത്തകരും.

എന്നാൽ പരിസ്ഥിതിയിൽ നിലവിലുണ്ടായ മാറ്റം താൽകാലികം മാത്രമാണെന്നും ജീവിതത്തിരക്കുകളുടെ ‘അൺലോക്കി’ലേക്ക് നാടുമാറുമ്പോൾ ഇവ പഴയപടിയാകുമെന്നും എംജി സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ പറയുന്നു. നിലവിലെ മാറ്റം അതേപടി നിലനിർത്തണമെങ്കിൽ അവശ്യസർവീസുകൾ മുടക്കാതെ തന്നെ ആഴ്ചയിലൊരിക്കലുള്ള സമ്പൂർണ ലോക്ഡൗൺ അനിവാര്യമാണ്. ഭരണകൂടങ്ങളുടെ നിബന്ധനകൾ കൂടാതെ ജനം ഇത് സ്വയം ഏറ്റെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

INDIA-ENVIRONMENT-POLLUTION
മാലിന്യം നിറഞ്ഞ ഗംഗാ നദി, 2015ലെ ചിത്രം.

തെളിനീരണിഞ്ഞ് ഗംഗ

പുണ്യനദിയായി കരുതുന്ന ഗംഗ രാജ്യത്തെ ഏറ്റവും വലിയ നദി കൂടിയാണ്. 11 സംസ്ഥാനങ്ങളിലായി രാജ്യത്തെ ജനസംഖ്യയുടെ 40 ശതമാനത്തോളം പേരുടെ ജീവിതവുമായി നേരിട്ടു ബന്ധമുള്ള നദി. എന്നാൽ ലോകത്തിലെ ഏറ്റവും മലിനമായ ആറാമത്തെ നദി കൂടിയാണിത്. 2014 ജൂലൈ 10 ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഗംഗയെ ശുദ്ധീകരിക്കാൻ അന്നത്തെ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ‘നമാമി ഗംഗെ’ എന്ന ഗംഗാ വികസന പദ്ധതി പ്രഖ്യാപിക്കുകയും ഇതിനായി 2,037 കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. നദിയെ ശുദ്ധമാക്കാനുള്ള വിവിധ ശ്രമങ്ങൾക്കായി 2016 ജൂലൈ വരെ 2,958 കോടി രൂപ ചെലവഴിച്ചു. എന്നിട്ടും ഗംഗയിൽ പ്രകടമായ മാറ്റങ്ങൾ ഉണ്ടായില്ല. ഒടുവിൽ ലോക്ഡൗൺ വേണ്ടിവന്നു ഗംഗ ഒന്നു നന്നായി തെളി‍ഞ്ഞൊഴുകുന്നത് കാണാൻ.

തെളിഞ്ഞൊഴുകി യമുനയും

Yamuna-river
യമുന നദി

1,370 കിലോമീറ്റർ നീളമുള്ള യമുന ഗംഗയുടെ ഏറ്റവും നീളമേറിയ പോഷകനദിയാണ്. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹലും തലസ്ഥാന നഗരമായ ഡൽഹിയും സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്ത്. യുപി, ഡൽഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വ്യവസായശാലകളിലെ അവശിഷ്ടം ഏറ്റുവാങ്ങുന്നതുമൂലം യമുനയുടെ നിറം മാറി. നൂറുകണക്കിനു വ്യവസായ ശാലകൾ യമുന നദിയുടെ തീരത്തുണ്ട്. രാജ്യത്തെ ഏറ്റവും മലിനമായ നദിയായി യമുന മാറുന്നതും ഇക്കാരണത്താൽ തന്നെ. യമുനയിലെ 80 ശതമാനം മാലിന്യവും ഡൽഹി, ആഗ്ര, മഥുര എന്നിവിടങ്ങളിലെ വ്യവസായശാലകളിൽ നിന്നുള്ളതാണെന്നാണു പഠനം. യമുനയുടെ പുനരുദ്ധാരണത്തിന് വിവിധ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ 25 വർഷം കൊണ്ട് 5,000 കോടി രൂപയിലേറെ ചെലവഴിച്ചു. കോടികൾ വെള്ളത്തിൽ ഒഴുകിപ്പോയെന്നു മാത്രം. ലോക്ഡൗൺ യമുനയെ തെളിനിറമാക്കിയെന്നതാണ് ശുഭവാർത്ത.

india-gate-1
ഇന്ത്യാ ഗേറ്റ് 2017 ലെയും 2020ലെയും ചിത്രം

‘ശ്വാസം’ തിരിച്ചുപിടിച്ച് ഡൽഹി

പിന്നിട്ട നവംബറിൽ ഗ്യാസ് ചേംബറിനുള്ളിലെന്നപ്പോലെ ശ്വാസംമുട്ടുകയായിരുന്നു ഡൽഹി. തലസ്ഥാനത്തെ 1.8 കോടി ജനത്തിന്റെ ജീവവായുവിലാകെ മാലിന്യങ്ങൾ നിറഞ്ഞതായിരുന്നു. ഒടുവിൽ ആരോഗ്യ അടിയന്തരാവസ്ഥ വരെ പ്രഖ്യാപിക്കേണ്ടി വന്നു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കാർഷികവിള അവശിഷ്ടങ്ങൾ കത്തിക്കുന്നതിന്റെ പുകയും വാഹനങ്ങളുടെ പുകയുമാണ് നഗരത്തെ ശ്വാസം മുട്ടിച്ചത്. അന്തരീക്ഷ മലിനീകരണ തോത് (എക്യുഐ) ഒരു വേള 300 കടന്നിരുന്നു. പക്ഷേ തലസ്ഥാന നിവാസികൾക്ക് ലോക്ഡൗൺ സമ്മാനിച്ചത് ശുദ്ധവായു ശ്വസിക്കാനുള്ള അവസരം കൂടിയാണ്.

bird-Yamuna-Biodiversity-Park
യമുന ബയോഡൈവേഴ്സിറ്റി പാർക്കിലെത്തിയ പക്ഷികൾ

ലോകത്തിലെ ഏറ്റവും പക്ഷിവൈവിധ്യമുള്ള രണ്ടാമത്തെ മഹാനഗരം കൂടിയാണ് ഡൽഹി. കെനിയയിലെ നയ്റോബിയാണ് ഈ പട്ടികയിൽ ഒന്നാമത്. പൊടിപടലങ്ങളിലും, വാഹനങ്ങളുടെ ഇരമ്പലിലും പക്ഷികൾ കാണാമറയത്ത് ആയിപ്പോയെന്നു മാത്രം. ലോക്ഡൗണിൽ ഡൽഹിയിൽ പുതുതായി ഏറെ പക്ഷികൾ പറന്നെത്തി. യമുന ബയോഡൈവേഴ്സിറ്റി പാർക്ക് പക്ഷികൾകൊണ്ടു നിറഞ്ഞു. ശബ്ദമലിനീകരണം കുറഞ്ഞതായിരുന്നു അതിന് പ്രധാന കാരണം. 20 ഡെലിബല്ലിനു മുകളിലുള്ള ശബ്ദം പക്ഷികൾക്ക് സഹിക്കാനാകില്ല.

ganga-dolphin
ഉത്തർപ്രദേശിലെ മീററ്റിൽ നദിയിൽ പ്രത്യക്ഷപ്പെട്ട ഗംഗാ ഡോൾഫിൻ

മീററ്റിൽ ഗംഗാ ഡോൾഫിനും

ദേശീയ ജലജീവിയാണ് ഗംഗാ ഡോൾഫിൻ. അതീവ വംശനാശ ഭീഷണിയുടെ ജീവികളുടെ പട്ടികയിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ മീററ്റിൽ നദിയിൽ പ്രത്യക്ഷപ്പെട്ട ഗംഗാ ഡോൾഫിനാണ് ലോക്ഡൗണിൽ കണ്ട മറ്റൊരു കൗതുക കാഴ്ച. ശുദ്ധജലത്തിൽ മാത്രം ജീവിക്കുന്ന ഇവ ഗംഗ, ബ്രഹ്മപുത്ര നദികളിലും അവയുടെ പോഷക നദികളുമാണ് കാണപ്പെടുക. അണക്കെട്ട് നിർമാണവും നദിയിലെ മലിനീകരണവും അനധികൃത മത്സ്യബന്ധനവുമെല്ലാം ഇവയുടെ എണ്ണം കുറയാന്‍ കാരണമായി. ലോക്ഡൗണിൽ നദീജലം മാലിന്യമുക്തമായതോടെ ഇവ തിരിച്ചെത്തുകയായിരുന്നു.

ഹിമാലയം കണ്ട ജലന്തർ

punjab-dhauladhar-himalaya
പഞ്ചാബിലെ ജലന്തറിൽ ദൃശ്യമായ ഹിമാലയത്തിന്റെ ചിത്രം

പഞ്ചാബിലെ ജലന്തർ നിവാസികൾ 30 വർഷങ്ങൾക്കു ശേഷം ഹിമാലയം കണ്ട ശുഭവാർത്തയ്ക്കും ലോക്ഡൗൺ അവസരമൊരുക്കി. അന്തരീക്ഷത്തിലെ മലിനമറ ലോക്ഡൗൺ നീക്കിയപ്പോൾ മഞ്ഞുമൂടിയ ഹിമാലയത്തിന്റെ ധൗലധർ റേഞ്ചിന്റെ നീണ്ടനിര ജലന്തർ നിവാസികൾ അവരുടെ കണ്‍മുന്നിൽ കണ്ടാസ്വദിച്ചു. ഇതിന്റെ ചിത്രത്തിനൊപ്പം ‘പ്രകൃതിയോട് നമ്മൾ ചെയ്തുവന്ന ക്രൂരതയുടെ വ്യക്തമായ ഉദാഹരണ’മെന്ന് ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങും ട്വീറ്റ് ചെയ്തു.

എവറസ്റ്റ് കണ്ട് സിങ്‌വാഹിനി

everest-bihar-singhwahini
ബിഹാറിലെ സിങ്‌വാഹിനിയിൽ ദൃശ്യമായ എവറസ്റ്റിന്റെ ദൃശ്യം

ബിഹാറിലെ സിങ്‌വാഹിനി ഗ്രാമവാസികൾ നൂറുകണക്കിന് കിലോമീറ്റർ അകലെ നേപ്പാളിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റ് കൊടുമുടിയുടെ സുന്ദരകാഴ്ച വീട്ടിലിരുന്ന് കണ്ടു. 1980 കളിൽ ദൃശ്യങ്ങൾ പ്രകടമായിരുന്നെങ്കിലും പിന്നീട് കാണാൻ കഴിയാതെയായി. ആ ദൃശ്യങ്ങളാണ് ലോക്ഡൗണിൽ വീണ്ടും കൺമുന്നിൽ തെളിഞ്ഞത്.

flamingos-mumbai
മുംബൈയിലെത്തിയ രാജഹംസങ്ങൾ

മുംബൈയെ ‘പിങ്ക’ണിയിച്ച വിരുന്നുകാർ

മുംബൈയെ ‘പിങ്ക് സിറ്റി’യാക്കിയതാണ് മറ്റൊരു ലോക്ഡൗണ്‍ കാഴ്ച. എല്ലാവർഷവും ദേശാടന പക്ഷികളായ രാജഹംസങ്ങൾ മുംബൈയിൽ വിരുന്നെത്താറുണ്ടെങ്കിലും ഒരു ലക്ഷത്തോളം രാജഹംസങ്ങൾ കൂട്ടത്തോടെ എത്തിയത് ഇതാദ്യമായി. മുൻവർഷങ്ങളെ അപേക്ഷിച്ച് 25 ശതമാനത്തിലധികം വർധന ഇത്തവണയുണ്ടായെന്നാണ് വിലയിരുത്തൽ. നിറസാന്നിധ്യം കൊണ്ട് ഹംസങ്ങൾ മുംബൈയെ പിങ്കണിയിച്ചത് വാർത്തകളിൽ ഇടം നേടി.

കാണാകാഴ്ചകളാണ് പ്രകൃതി ലോക്ഡൗണിൽ മനുഷ്യനായി കണിയൊരുക്കിയത്. എത്രകാലം അതുണ്ടാകുമെന്നത് വിലപ്പെട്ട ചോദ്യവും. ലോക്ഡൗൺ ‘അൺലോക്കി’ലേക്ക് നീങ്ങുമ്പോൾ ഈ കാഴ്ചകൾക്ക് ‘ലോക്ക്’ വീഴാതിരിക്കട്ടെയെന്ന് കരുതാം.

English Summary: Environmental Changes seen in India since Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com