ADVERTISEMENT

ടെഹ്റാന്‍ ∙ ഇറാൻ സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ വധിക്കുന്നതിൽ പങ്കാളിയായ സിഐഎ ചാരന്റെ വധശിക്ഷ വൈകാതെ നടപ്പാക്കുമെന്ന് ഇറാൻ. കോടതി വക്താവ് ഗൊലാംഹൊസൈൻ ഇസ്മയ്‌ലി വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘യുഎസ് രഹസ്യാന്വേഷണ വിഭാഗമായ സിഐഎയുടെയും ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെയും ചാരനായ മഹ്മൂദ് മൊവ്സവി മജ്ദിനെ വധശിക്ഷയ്ക്കു വിധിച്ചു. ഇറാൻ പൗരനായ ഇയാളാണ് ഖാസിം സുലൈമാനിയെ സംബന്ധിച്ച വിവരങ്ങൾ ശത്രുക്കൾക്കു കൈമാറിയത്.’ – ഗൊലാംഹൊസൈൻ ഇസ്മയ്‌ലി വ്യക്തമാക്കി.

ഇറാന്റെ സൈനിക ശക്തിയിൽ നിർണായക പങ്ക് വഹിച്ച, സൈന്യത്തിലും സർക്കാരിലും നിർണായക ശക്തിയായിരുന്ന ജനറൽ ഖാസിം സുലൈമാനി ഉൾപ്പെടെ ഏഴു പേർ ജനുവരി മൂന്നിന് യുഎസ് ഡ്രോൺ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്.

ഇറാനിലെ ഖുദ്സ് സേനാ തലവനായിരുന്ന സുലൈമാനി ഡൽഹി മുതൽ ലണ്ടൻ വരെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തെന്നും യുദ്ധം നിർത്താൻ വേണ്ടിയാണ് സുലൈമാനിയെ കൊലപ്പെടുത്തിയതെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിദശീകരിച്ചിരുന്നു. അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും സൈനിക ഉദ്യോഗസ്ഥർക്കും നേരെ സുലൈമാനി പൈശാചികമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്തെന്നും ട്രംപ് അന്നു പറഞ്ഞിരുന്നു.

സുലൈമാനിയെ വധിച്ചതിനു തിരിച്ചടിയായി ഇറാഖിലെ യുഎസ് സേനയ്ക്കു നേരെ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. യുഎസ് സൈന്യം താവളമടിച്ചിട്ടുള്ള അൽ അസദ്, ഇർബിൽ എന്നീ വ്യോമതാവളങ്ങൾക്കു നേരെയായിരുന്നു ആക്രമണം. ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലും റോക്കറ്റ് ആക്രമണം നടത്തി.

English Summary: Iran will execute CIA agent involved in commander Soleimani’s killing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com