ADVERTISEMENT

കൊച്ചി∙ നഗരത്തിലെ ഒരു സൂപ്പർമാർക്കറ്റിന്റെ ക്യാഷ് കൗണ്ടറിലെ നീണ്ട ക്യൂ. തൊട്ടുപിന്നിൽ നിൽക്കുന്നയാൾ മാസ്ക് ധരിക്കാത്തതു ശ്രദ്ധയിൽപ്പെട്ടതോടെ ഇവിടെ നിൽക്കരുതെന്നായി മുന്നിലുള്ളയാൾ. സൂപ്പർവൈസറെ വിളിച്ചു കാര്യം പറഞ്ഞു. ഒന്നും രണ്ടും പറഞ്ഞ് തർക്കം മൂത്ത് തമ്മിലടി വരെയെത്തി. പരാതിക്കാരന്റെ മാസ്ക് വലിച്ചുപറിച്ചെറിഞ്ഞു കളഞ്ഞു മാസ്ക്കില്ലാത്തയാൾ. പൊലീസിനെ വിളിക്കാൻ പലരും പറഞ്ഞെങ്കിലും സൂപ്പർമാർക്കറ്റ് സൂപ്പർവൈസർ തന്നെ കാര്യം കൈകാര്യം ചെയ്തതാണ് പിന്നെ കണ്ടത്.

കിട്ടേണ്ടത് കിട്ടിയതോടെ ഇനി നിൽക്കുന്നത് ബുദ്ധിയല്ലെന്നു മനസിലാക്കിയാകണം, സാധനം ബില്ല് ചെയ്യാതെ അയാൾ സ്ഥലം കാലിയാക്കി. കഴിഞ്ഞ ദിവസം കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച തേവരയ്ക്ക് വളരെ അടുത്താണ് ഈ സംഭവമുണ്ടായത് എന്നതറിയുമ്പോഴാണ് ഇതെത്ര ഗൗരവമുള്ളതാണെന്ന ചിന്ത കൂടി കടന്നുവരുന്നത്. 

പിന്നിട്ട ദിനങ്ങളിൽ രോഗബാധയിൽ ഉയരുന്ന കണക്കുകൾ മാത്രം പരിശോധിച്ചാൽ രോഗം നമുക്കു തൊട്ടടുത്തു തന്നെയുണ്ടെന്നതു തിരിച്ചറിയാം. ഏതു നിമിഷവും ആരും കോവിഡ് 19 പോസിറ്റീവായി മാറിയേക്കാം. ഈ സത്യം തിരിച്ചറിയാതെയാണ് പലരുടെയും പെരുമാറ്റം. ലോക്ഡൗൺ ഇളവുകൾ കൂടി വന്നതോടെ രോഗഭീതി അകന്ന മട്ടിലാണ് ആളുകളുടെ പ്രതികരണം.

നിരത്തുകൾ നിറഞ്ഞുകവിഞ്ഞ് വാഹനങ്ങൾ, കടകളിലും വഴിയരികിലുമെല്ലാം വലിയ ആൾക്കൂട്ടം. അകലം എന്ന നിബന്ധന ഒരു തമാശയെന്ന മട്ടിൽ പ്രതികരിക്കുന്നവരാണു നമുക്കു ചുറ്റുമുള്ള ചിലർ. സൂപ്പർമാർക്കറ്റിൽ ബിൽ ചെയ്യുന്നിടത്തെല്ലാം തമ്മിൽമുട്ടി നിൽക്കുന്നത് സാധാരണ കാഴ്ച. മൽസ്യ, പച്ചക്കറി മാർക്കറ്റുകളിലും പലരും പെരുമാറുന്നത് പഴയതു പോലെ തന്നെ. ലോക്ഡൗൺ തന്നെ പരാജയമായിരുന്നെന്നും എന്തിനാണ് അടച്ചിട്ടതെന്നും ഇപ്പോൾ റോഡിലിറങ്ങി ചോദിക്കുന്നവരാണ് ചിലർ. ആവശ്യത്തിനും അനാവശ്യത്തിനും പുറത്തിറങ്ങുന്ന, കൂട്ടം കൂടുന്ന ശീലത്തിനു വിലക്കിടാനുള്ള പരിശീലന കാലാവധിയായി ലോക്ഡൗൺ കാലത്തെ കാണുന്നവരുമുണ്ട് നമുക്കിടയിൽ. 

corona-pandemic-world

റിവേഴ്സ് ക്വാറന്റീൻ എന്ന രക്ഷാവഴി

പൊതുവാഹനങ്ങളിൽ യാത്ര ചെയ്യാനുള്ള അനുമതി കൂടി വന്നതോടെ പതിവു ജോലിസ്ഥലത്തേയ്ക്കുള്ള യാത്രക്കാരെ മാറ്റി നിർത്തിയാൽ കാണുന്നത് ഏറെയും പ്രായമായവരെയാണ്. സർക്കാർ ഓഫിസുകളിൽ ഫയലുകളുമായി കയറിയിറങ്ങുന്നവർ മുതൽ മക്കളെയും ബന്ധുക്കളെയും സന്ദർശിക്കാൻ വരെ ഇറങ്ങിപ്പുറപ്പെടുന്നവരാണ് ഇതിൽ പലരും. ലോക്ഡൗൺ ഒഴിഞ്ഞതിന്റെ ആശ്വാസത്തിൽ വീടുവിട്ടിറങ്ങുമ്പോൾ സ്വയം അപകടത്തിലേയ്ക്കാണ് ഇവർ യാത്ര ചെയ്തെത്തുന്നതെന്ന് ഇവരെ ആര് ഉപദേശിക്കും.

60 വയസിനു മുകളിലുള്ളവരും പത്തു വയസിൽ താഴെയുള്ളവരും പുറത്തിറങ്ങരുതെന്നു സർക്കാർ പലതലങ്ങളിൽ ബോധവത്കരണം നൽകിയിട്ടും അതു ഫലം കണ്ടിട്ടില്ല. രോഗം ബാധിച്ചാൽ ഗുരുതരാവസ്ഥയിലേയ്ക്ക് പോകാൻ സാധ്യത കൂടുതൽ ഉള്ളവർ എന്ന നിലയിലാണ് ഈ പ്രത്യേക വിഭാഗത്തെ പൂർണമായും പൊതു സമ്പർക്കത്തിൽ നിന്ന് വിലക്കണമെന്ന ആവശ്യം ഉയർത്തുന്നത്. പ്രായമായവരെയും പ്രതിരോധ ശേഷി കുറഞ്ഞവരെയും പൊതു സമ്പർക്കത്തിൽ നിന്നു നിന്ന് മാറ്റി ഐസലേഷനിലാക്കുന്ന സംവിധാനം യുകെയും ജർമനിയുമടക്കം പലരാജ്യങ്ങളും പരീക്ഷിച്ച് വിജയം കണ്ടതാണ്. 

രോഗം ബാധിച്ചാൽ രക്ഷപ്പെടുമെന്ന് ഉറപ്പിച്ചു പറയാനാവാത്ത വിഭാഗത്തെ മറ്റുള്ളവരിൽ നിന്നുള്ള ഇടപെടലിൽ നിന്ന് മാറ്റുന്ന സംവിധാനമാണ് റിവേഴ്സ് ക്വാറന്റീൻ. ഇവർ പുറത്തു പോകാതിരിക്കുക മാത്രമല്ല, പുറത്തു പോകുന്നവർ ഇവരുമായി നേരിട്ട് ഇടപെടുന്നത് ഒഴിവാക്കുകയൊ ശ്രദ്ധയോടെ ഇടപെടുകയോ ചെയ്യണം. എന്തെങ്കിലും രോഗലക്ഷണം പ്രകടമായാൽ ഒരു കാരണവശാലും പ്രായമായവരുമായി ഇടപഴകരുത്. മാത്രമല്ല, ചികിത്സ തേടുകയും വേണം. പ്രായമായവർ യാത്രകൾ ഒഴിവാക്കുന്നതു പോലെ തന്നെ അത്യാവശ്യത്തിനല്ലാതെ മറ്റുള്ളവരും യാത്ര ഒഴിവാക്കുന്നതാണ് ഉത്തമം. ആരാധനാലയങ്ങളിലും ആഘോഷ പരിപാടികളിലും കൂട്ടം കൂടാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്നും ഏവരും തിരിച്ചറിയേണ്ടതു പ്രധാനം.

Covid - Corona Virus

അത്ര വിശ്വസിക്കേണ്ട, ഹെർഡ് ഇമ്യൂണിറ്റിയിൽ 

കോവിഡ് 19 രോഗവ്യാപനം തുടങ്ങിയപ്പോൾ മുതൽ കേട്ടു തുടങ്ങിയ വാചകമാണ് ഹെർഡ് ഇമ്യൂണിറ്റി അഥവാ സാമൂഹിക പ്രതിരോധം. ഹെർഡ് ഇമ്യൂണിറ്റി നേടിയെടുക്കാനായാൽ രോഗത്തെ പൂർണമായും തുരത്താൻ സാധിക്കും എന്നു പലരും പ്രചരിപ്പിച്ചിരുന്നു. വാക്സിനേഷൻ വഴിയല്ലാതെ പ്രതിരോധം നേടിയെടുത്ത് രോഗത്തെ അകറ്റാം എന്നത് തെറ്റായ ധാരണയാണെന്ന് ഈ വിഷയത്തിൽ പഠനം നടത്തിയിട്ടുള്ള ഡോ. എൻ.എസ്. ദീപക് വിശദീകരിക്കുന്നു.

ബ്രിട്ടനിൽ ഹെർഡ് ഇമ്യൂണിറ്റി എന്ന ആശയം നടപ്പാക്കാനൊരുങ്ങിയതു മരണനിരക്കു വർധിപ്പിക്കുന്നതു നാം കണ്ടതാണ്. ഒടുവിൽ ആ ആശയത്തിൽ നിന്നുതന്നെ ബ്രിട്ടനിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പിൻമാറുകയായിരുന്നു. ഹേർഡ് ഇമ്യൂണിറ്റിയിലൂടെ പ്രതിരോധം സ്വന്തമാക്കും എന്ന് ചിന്തിക്കുന്നവർ അറിയേണ്ടത്, നാം അതിജീവിച്ചേക്കാം. പക്ഷെ നമ്മളിൽ നിന്നു രോഗം പകർന്നു കിട്ടാനിടയുള്ള പ്രതിരോധശേഷി കുറവായ ഏറ്റവും അടുപ്പത്തിലുള്ള മറ്റൊരാൾ  അത് അതിജീവിച്ചേക്കില്ല എന്നതാണത്. അവരുടെ മരണത്തിനു നമുക്കും ഉത്തരവാദിത്തമുണ്ടാകും.

മാസ്ക് ധരിക്കുന്നില്ലേ, പിന്നെന്താ?

പലരുടെയും ചോദ്യമാണിത്, ലോക്ഡൗണിനു ശേഷം നല്ലൊരു പങ്ക് ആളുകളും മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്. ഏറെക്കുറെ പൊലീസു പിടിക്കുമെന്ന ഭയം കൊണ്ടാണെങ്കിലും മുഖാവരണം ശീലമാക്കിയവർ നിരവധി. ഇപ്പോഴും തുണി ഉപയോഗിച്ചുള്ള മാസ്ക് ധരിച്ച് പുറത്തിറങ്ങാമെന്നു തന്നെയാണ് വിദഗ്ധർ ഉപദേശിക്കുന്നത്. പക്ഷെ അത് സ്വന്തം സുരക്ഷയ്ക്ക് മാത്രല്ലെന്ന് ഓർക്കണം. നമ്മൾ സംസാരിക്കുമ്പോൾ പുറത്തേയ്ക്കു വരുന്ന ചെറുകണങ്ങൾ മറ്റുള്ളവരിൽ എത്താതിരിക്കാനും അവർ ശ്വസിക്കാതിരിക്കുന്നതിനുമാണ് മാസ്ക് ഉപയോഗിക്കുന്നത്.

അതേസമയം ആരോഗ്യ പ്രവർത്തകർ ഈ മാസ്ക് ഉപയോഗിക്കുന്നതിലൂടെ സ്വയം സുരക്ഷ ലഭിക്കണമെന്നില്ല. ആരോഗ്യപ്രവർത്തകർക്കും മറ്റു മേഖലയിലും ഉള്ളവർ ഉപയോഗിക്കേണ്ടത് വ്യത്യസ്ത മാസ്കുകളാണ്. അതിന് കൃത്യമായ പ്രോട്ടോക്കോളുകളുണ്ട്. മിക്ക ആശുപത്രികളും ഇത് പിന്തുടരുന്നു. അതേസമയം വലിയ വിലയ്ക്കു വാങ്ങിയ എൻ 95 മാസ്കുകൾ പൊതുജനം ധരിക്കേണ്ടതില്ലെന്നു തന്നെയാണ് വിദഗ്ധർ നിർദേശിക്കുന്നത്. സാധാരണക്കാരും മാസ്കുകൾ ഉപയോഗിക്കുന്ന കാര്യത്തിൽ പാലിക്കേണ്ട നിർദേശങ്ങൾ പിന്തുടരണം. ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിയുന്നതും കഴുകാതെ ഉപയോഗിക്കുന്നതും വ്യക്തികൾ മാറി ഉപയോഗിക്കുന്നതും ഒഴിവാക്കണം.

Covid - Corona Virus

കൈകഴുകലും സാനിറ്റൈസറും

കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ ‘ബ്രേയ്ക്ക് ദ് ചെയിൻ’ പ്രചാരണവുമായി കൈകഴുകൽ സജീവമായിരുന്നു.  വഴിയോരങ്ങളിലെല്ലാം സോപ്പും വെള്ളവും വയ്ക്കുന്നത് രാഷ്ട്രീയക്കാരും ആഘോഷമാക്കി. ഇപ്പോൾ മിക്ക സ്ഥലത്തും ടാങ്കുകൾ കാലി, സോപ്പുമില്ല. എടിഎമ്മുകളിലും കടകളിലും സാനിറ്റൈസർ നിർബന്ധമാണെന്ന് സർക്കാർ നിർദേശം പുറത്തു വന്നപ്പോൾ അത് പാലിച്ചു. ഇപ്പോൾ അത് പലരും മറന്നു തുടങ്ങി. ഏറ്റവും അധികം രോഗവ്യാപന സാധ്യതയുള്ള എടിഎമ്മുകളിൽ പോലും ഇപ്പോൾ സാനിറ്റൈസർ ഇല്ല. മിക്കയിടത്തും ഒഴിഞ്ഞ കുപ്പികൾ മാത്രം. കൃത്യസമയത്ത് അത് നിറച്ചു വയ്ക്കുന്നതിൽ ബാങ്കുകൾ നടപടി സ്വീകരിക്കുന്നില്ല എന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. കൈകൾ കഴുകുന്ന കാര്യത്തിൽ പഴയ ശ്രദ്ധയും ആരും പുലർത്തുന്നില്ല.

ലോക്ഡൗണിനിടെ കടകളിലും മറ്റും അകലം നിയന്ത്രിച്ച്, താപനില പരിശോധിച്ച്, സാനിറ്റൈസറും നൽകി മാത്രമായിരുന്നു പ്രവേശിപ്പിച്ചിരുന്നെങ്കിൽ ഇപ്പോൾ അങ്ങനെ ഒരു രീതി പലയിടത്തും കാണുന്നില്ല. സാമൂഹിക അകലം പാലിക്കുന്നതിലും കാര്യമായ വീഴ്ചയുണ്ട്. അകലം പാലിച്ചു മാത്രമേ ബസുകളിൽ യാത്ര ചെയ്യാവൂവെന്ന് അധികൃതർ നിർദേശിക്കുന്നുണ്ടെങ്കിലും രാവിലെയും വൈകിട്ടും ഈ നിയന്ത്രണങ്ങളെല്ലാം താളം തെറ്റും. അധികൃതരുടെ ശക്തമായ ഇടപെടലുകളുണ്ടെങ്കിൽ മാത്രമേ ഇളവുകൾക്കിടയിലും നിയന്ത്രണങ്ങൾ പാലിക്കാൻ ജനം തയാറാവുകയുള്ളൂ.

കുട്ടിക്കൂട്ടങ്ങളും ആഘോഷങ്ങളും

രണ്ടു മാസത്തോളം വീട്ടിനുള്ളിൽ ഒതുങ്ങിയിരുന്ന കുട്ടികളും യുവാക്കളും ഇപ്പോൾ ഒരുമിച്ചു കൂട്ടുകൂടി നടക്കുന്നത് പലയിടത്തും കാണാം. ഗ്രാമപ്രദേശങ്ങളിലും നഗരങ്ങളിലെ ഇടവഴികളിലുമെല്ലാം വൈകിട്ടായാൽ കൂട്ടുകൂടുന്ന സംഘം പതിവു കാഴ്ചയായി മാറുന്നു. പ്ലസ്ടു പരീക്ഷ കഴിഞ്ഞതോടെ കൂട്ടുകാർക്കൊപ്പം വെറുതെ കറങ്ങാനിറങ്ങുന്നവരും നിരവധി. അതുപോലെ തന്നെ ബർത്ഡേ പാർട്ടികൾ, ചെറിയ ആഘോഷങ്ങളും സംഘടിപ്പിക്കുന്നവരും നിരവധി. അടച്ചിട്ട മുറികളിൽ നടക്കുന്ന ഇത്തരം ആഘോഷങ്ങൾ വേണ്ടെന്നു പറയാൻ മാതാപിതാക്കളും മുതിരുന്നില്ല. കുട്ടികളല്ലേ, എത്രനാളാ ഇങ്ങനെ എന്ന് പിന്തുണയ്ക്കുന്നവരും നിരവധി. എന്നാൽ നിലവിലുള്ള സാഹചര്യത്തിൽ കുട്ടികൾ അനാവശ്യമായി വീടിനു പുറത്തിറങ്ങാതിരിക്കുന്നതിന് മുതിർന്നവർ വേണം ശ്രദ്ധിക്കാൻ.

Covid - Corona Virus

രോഗം വരാതിരിക്കാൻ, ബോധ്യത്തോടെ

എന്തൊക്കെ ചെയ്താലും വരാനുള്ളതാണെങ്കിൽ വരും എന്ന ചിന്ത എല്ലാവരും ഉപേക്ഷിക്കണം. അടച്ചുപൂട്ടൽ അവസാനിച്ചെങ്കിലും രോഗം വരാതിരിക്കാൻ നാം നിർബന്ധമായും സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെന്ന് അറിഞ്ഞിരിക്കണം. അവ പാലിക്കണം. നമ്മൾ എവിടെയാണെങ്കിലും ചുറ്റുമുള്ള എല്ലാവർക്കും കോവിഡ് ഉണ്ട് എന്ന് സങ്കൽപിച്ച് മുൻകരുതലെടുക്കാനാണ് കൊച്ചി ഐഎംഎ പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്റെ നിർദേശം.

ആളുകൾ സുരക്ഷിത അകലം പാലിക്കണം. രോഗലക്ഷണമില്ലാത്തവരോടും ഈ മുൻകരുതൽ വേണം. ആരുമായും ഹസ്തദാനം ചെയ്യരുത്. സ്വന്തം കൈ മുഖത്ത് സ്പർശിക്കരുത്. ഇടവിട്ട് കൈകഴുകുക. ആൾക്കൂട്ടത്തിൽ ചെന്നു പെടാതിരിക്കുക. ലിഫ്റ്റ് ഉപയോഗം പരമാവധി ഒഴിവാക്കുക. മാസ്ക് ഉപയോഗിക്കേണ്ടതു പോലെ ഉപയോഗിക്കുക. മൂക്കും വായയും എപ്പോഴും മൂടിയിരിക്കണം. മാസക് അണിഞ്ഞതിനുശേഷം അതിന്റെ പുറംഭാഗം കൈ കൊണ്ടു തൊടാതിരിക്കുക. അത്യാവശ്യമില്ലെങ്കിൽ കഴിവതും ആശുപത്രികളിൽ നിന്നും വിട്ടു നിൽക്കുക. എത്ര ആരോഗ്യവാനാണെങ്കിലും രോഗം കീഴ്പ്പെടുത്തും എന്ന ബോധത്തോടെ ജീവിക്കുക തുടങ്ങിയ നിർദേശങ്ങളാണ് അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്. 

English summary: Lockdown relaxation; Crowd in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com