ADVERTISEMENT

കംബോഡിയ∙ ലോകം കോവിഡ് ഭീതിയില്‍ കഴിയുമ്പോള്‍ കൊതുകു പരത്തുന്ന രോഗങ്ങള്‍ ചെറുക്കാന്‍ കൊതുകിന്റെ ഉമിനീരില്‍നിന്നുള്ള വാക്‌സിനുമായി ജെസിക്ക മാനിങ് എന്ന ഗവേഷക. വാക്‌സിന്റെ ആദ്യ ക്ലിനിക്കല്‍ ട്രയലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലാന്‍സെറ്റ് മാസിക വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു. 

വാക്‌സിന്‍ യാഥാര്‍ഥ്യമായാല്‍ മലേറിയ, ചിക്കന്‍ ഗുനിയ, ഡെങ്കു, സിക്ക, യെല്ലോ ഫീവര്‍, വെസ്റ്റ് നൈല്‍, മയാറോ വൈറസുകളെ ചെറുക്കാന്‍ ശേഷിയുള്ളതായിരിക്കും ഇത്. മലേറിയ വാക്‌സിനു വേണ്ടിയുള്ള ഗവേണങ്ങള്‍ക്കിടെയാണ് കൊതുകുജന്യ രോഗങ്ങള്‍ക്കെല്ലാം ചേര്‍ത്ത് ഒരു വാക്‌സിന്‍ എന്ന ആശയം ജെസിക്കയ്ക്ക് ഉണ്ടായത്.

യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്‌ഷ്യസ് ഡിസീസസില്‍ ക്ലിനിക്കല്‍ റിസര്‍ച്ചറാണ് ജെസിക്ക മാനിങ്. കൊതുകിന്റെ ഉമിനീരില്‍നിന്നുള്ള പ്രോട്ടീന്‍ ഉപയോഗിച്ച് വാക്‌സിന്‍ നിര്‍മിക്കുകയാണു ജെസിക്കയുടെയും സംഘത്തിന്റെയും ലക്ഷ്യം. അനോഫിലിസ് കൊതുകിന്റെ ഉമിനീര്‍ അടിസ്ഥാനമാക്കിയുള്ള വാക്‌സിന്‍ സുരക്ഷിതമാണെന്നും ശരീരത്തില്‍ ആന്റിബോഡി നിര്‍മിക്കപ്പെടുന്നുണ്ടെന്നും പരീക്ഷണത്തില്‍ വ്യക്തമായെന്ന് ഗവേഷകർ പറയുന്നു. മേരിലാന്‍ഡിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ക്ലിനിക്കല്‍ സെന്ററിലായിരുന്നു പരീക്ഷണം.

കൊതുകിന്റെ ഉമിനീര്‍ തിരിച്ചറിഞ്ഞ് പ്രതികരിച്ച് അണുബാധ ഒഴിവാക്കുകയോ ക്ഷയിപ്പിക്കുകയോ ചെയ്യാന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുകയാണ് വാക്‌സിന്റെ ലക്ഷ്യം. ആരോഗ്യവാന്മാരായ 49 വൊളന്റിയര്‍മാരിലാണ് വാക്‌സിന്‍ ആദ്യഘട്ടത്തില്‍ പരീക്ഷിച്ചത്. വാക്‌സിന്‍ നല്‍കി ആഴ്ചകള്‍ക്കു ശേഷം ഇവരുടെ കൈകളില്‍ കൊതുകിനെ വയ്ക്കുകയാണ് ചെയ്തത്. കൊതുകിന്റെ ഉമിനീരിനോടു ശരീരത്തിന്റെ പ്രതിരോധസംവിധാനം പ്രതികരിക്കുന്നതെങ്ങിനെയെന്നു നിരീക്ഷിച്ചു. ഇതില്‍ അനുകൂലമായ ഫലമാണു ലഭിച്ചത്. എന്നാല്‍ രോഗാണുവിന് എതിരെ വാക്‌സിന്‍ എങ്ങിനെ പ്രതികരിക്കുന്നുവെന്നത് രണ്ടാംഘട്ടത്തിലാണു പരീക്ഷിക്കുന്നത്.

ലോകത്ത് ഏറ്റവും അപകടകാരിയായ ജീവി കൊതുകാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. മലേറിയ മാത്രം ലോകത്ത് പ്രതിവര്‍ഷം ലക്ഷത്തോളം ആളുകളെ കൊല്ലുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. വാക്‌സിന്‍ ഗവേഷണമോ ഫണ്ടിങ്ങോ ഇല്ലാത്ത അവികസിത രാജ്യങ്ങളിലാണ് കൂടുതല്‍ മരണങ്ങളും. എന്നാല്‍ ആഗോളതാപനത്തിന്റെ ഫലമായി ഉഷ്ണമേഖലയില്‍നിന്ന് കൊതുകുകള്‍ കൂട്ടമായി കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുകയാണ്. പരീക്ഷണത്തിനു ശേഷം കംബോഡിയയില്‍ തിരിച്ചെത്തിയ ജെസിക്ക ഈഡിസ്, ക്യൂലെക്‌സ് കൊതുകുകളില്‍നിന്നുള്ള രോഗാണുക്കളെക്കുറിച്ചുള്ള ഗവേഷണത്തിലാണ്.

English Summary: How a Vaccine Made of Mosquito Spit Could Help Stop the Next Epidemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com