ADVERTISEMENT

ലണ്ടൻ ∙ രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ സഖ്യകക്ഷികളോടൊപ്പം വിജയത്തിലേക്ക് നയിച്ചത് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിലായിരുന്നു. ലണ്ടനിലെ പാർലമെന്റ്  ചത്വരത്തിൽ ചർച്ചിലിന്റെ പ്രതിമ സ്ഥാപിച്ചാണ് ബ്രിട്ടിഷുകാർ മരണശേഷം അദ്ദേഹത്തെ ആദരിച്ചത്. എന്നാൽ അമേരിക്കയിലെ മിനിയപ്പലിസിൽ പൊലീസ് അതിക്രമത്തിൽ ജോർജ് ഫ്ലോയ‌്ഡ് എന്ന കറുത്തവർഗക്കാരൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ബ്രിട്ടനിലും അലയടിക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റിൽ ചർച്ചിലിന്റെ പ്രതിമ സംരക്ഷിക്കാൻ പാടുപെടുകയാണ് ബോറിസ് ജോൺസൻ സർക്കാർ.

കൺസർവേറ്റീവ് പാർട്ടി നാടു ഭരിക്കുമ്പോൾ അവരുടെ ഏറ്റവും ആരാധ്യനായ നേതാവിന്റെ പ്രതിമ തകർക്കപ്പെട്ടാൽ അതിന്റെ നാണക്കേടും അപമാനവും വലുതാകും.  അതുകൊണ്ടുതന്നെ പ്രതിമ കൂട്ടിലടച്ച് സംരക്ഷിക്കുകയാണ് സർക്കാർ. ഒരാഴ്ചയിലേറെയായി കത്തിപ്പടരുന്ന പ്രതിഷേധാഗ്നി വാരാന്ത്യത്തിൽ വീണ്ടും ശക്തിയാർജിക്കുമെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെത്തുർന്നാണ് പാർലമെന്റ് ചത്വരത്തിലെ ചർച്ചിൽ പ്രതിമയെ അധികൃതർ പെട്ടിയിലാക്കിയത്. കഴിഞ്ഞദിവസത്തെ പ്രതിഷേധത്തിനിടെ ചിലർ ചർച്ചിൽ പ്രതിമയിൽ ‘വർഗീയവാദി’ എന്ന് പെയിന്റുകൊണ്ട് എഴുതിയിരുന്നു. 

Churchill-statue-1

മഹാത്മാഗാന്ധി, നെൽസൻ മണ്ഡേല, ഏബ്രഹാം ലിങ്കൻ, ലോയിഡ് ജോർജ്, ലോർഡ് കാനിങ് തുടങ്ങിയ ചരിത്രപുരുഷന്മാരുടെ പ്രതിമ സ്ഥാപിച്ചിട്ടുള്ള വെസ്റ്റ്മിനിസ്റ്ററിലെ പാർലമെന്റ് ചത്വരത്തിന് കനത്ത പൊലീസ് കാവലും സർക്കാർ ഏർപ്പെടുത്തി. കറുത്തവർഗക്കാരുടെ പ്രതിഷേധം ഭയന്നു പ്രമുഖരുടെയെല്ലാം പ്രതിമകൾക്കു സംരക്ഷണം നൽകേണ്ട സ്ഥിതിയിലാണ് ബ്രിട്ടനിലെ സ്ഥിതിഗതികൾ. അമേരിക്കയിൽ തുടങ്ങി, പാശ്ചാത്യ ലോകത്തേക്കു പടർന്ന കറുത്തവന്റെ പോരാട്ടം  ഭയത്തോടെയാണ് പലരും കാണുന്നത്. അടിച്ചമർത്തപ്പെട്ടവന്റെ പുതിയ തലമുറ ഉയർത്തുന്ന രോഷത്തിൽ പല പൈതൃകങ്ങളും സംരക്ഷിക്കാൻ പാശ്ചാത്യലോകം പാടുപെടും എന്നുറപ്പ്. 

ആഫ്രിക്കൻ നാടുകളിൽനിന്നും വർഷങ്ങൾക്കു മുമ്പ് ചങ്ങലകളിൽ കെട്ടി തെരുവുകളിൽ വിറ്റഴിക്കപ്പെട്ട അടിമകളുടെ കൊച്ചുമക്കൾ ഉയർത്തെഴുന്നേൽക്കുമ്പോൾ തെറ്റായി രേഖപ്പെടുത്തിയ പലതും തിരുത്തിയെഴുതപ്പെടുമോ എന്ന ഭീതിയിൽ ചരിത്രം വിറച്ചുനിൽക്കുകയാണ്.

രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അടിമ വ്യാപാരികളുടെയും അവരുമായി ബന്ധമുള്ളവരുടെയും 78 പ്രതിമകൾ ലക്ഷ്യമിട്ടാണ് പ്രക്ഷോഭകാരികളുടെ പോരാട്ടം. 

Churchill-statue-2

80,000 ആഫ്രിക്കക്കാരെ അമേരിക്കയ്ക്കു വിറ്റ എഡ്വേർഡ് കോൾസ്റ്റന്റെ പ്രതിമ തകർത്ത് ഹാർബറിൽ താഴ്ത്തിയ ബ്രിസ്റ്റോളിലെ പ്രതിഷേധക്കാരിൽനിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ നീക്കം രാജ്യമെങ്ങും ശക്തി പ്രാപിച്ചിരിക്കുന്നത്. ചില പ്രതിമകൾ നീക്കം ചെയ്യുന്നതിനോട് ഭരണനേതൃത്വത്തിനും എതിർപ്പില്ലെങ്കിലും ആളുകൾ അക്രമാസക്തരായി കൂട്ടംകൂടി പ്രതിമകൾ തകർക്കുന്ന രീതി അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്.

പ്രതിമകൾ തകർക്കുന്നതിനെ വിമർശിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൻ തന്നെ രംഗത്തെത്തി. ചർച്ചിലിന്റെ പ്രതിമ ലക്ഷ്യമിട്ടുള്ള പ്രക്ഷോഭം യുക്തിരഹിതവും രാജ്യത്തിനു തന്നെ നാണക്കേടുമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അദ്ദേഹം പണ്ടുപറഞ്ഞ പല അഭിപ്രായങ്ങളും നമുക്കിപ്പോൾ സ്വീകാര്യമല്ലായിരിക്കാം, എന്നാൽ രാജ്യത്തെ രക്ഷിച്ച ധീരനായ നേതാവിനെ അപമാനിക്കാൻ ആവില്ല. ഭൂതകാലത്തെ എഡിറ്റ് ചെയ്യാനോ സെൻസർ ചെയ്യാനോ സാധ്യമല്ലെന്നും പ്രതിമ കൂടുകെട്ടി സംരക്ഷിക്കുന്നതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി പറയുന്നു. 

English Summary: Churchill statue covered in London

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com