ആരോഗ്യ സംവിധാനം കമ്യൂണിസ്റ്റ് നേട്ടം; ഡോക്ടർമാരെ കയറ്റി അയച്ച് ക്യൂബ
Mail This Article
ഹവാന∙ കൊറോണ വൈറസ് മഹാമാരി വടക്കൻ ഇറ്റലിയെ കശക്കിയെറിഞ്ഞപ്പോൾ മാർച്ചിൽ ക്യൂബയിൽനിന്നുള്ള ഡോ. യസീൽ കാസ്റ്റിലോയും സംഘവും ഇറ്റലിയിലെ വിമാനത്താവളത്തിൽ പറന്നിറങ്ങി. ശ്വാസകോശരോഗ വിദഗ്ധനായ ഡോ. യസീലിനും സംഘത്തിനും രണ്ടു കാര്യങ്ങളായിരുന്നു ലക്ഷ്യം – കോവിഡ്–19 മഹാമാരിയിൽ പകച്ചുപോയ ഇറ്റാലിയൻ ഡോക്ടർമാരെ സഹായിക്കലും ക്യൂബയുടെ സമ്പദ്‌വ്യവസ്ഥയെ ഉയർത്തിക്കൊണ്ടുവരലും!
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷം ഇത്രയും മോശമായ സാമ്പത്തിക മാന്ദ്യത്തിലൂടെ ക്യൂബ കടന്നുപോയിട്ടില്ലെന്നാണ് വിലയിരുത്തൽ. അതിനാൽത്തന്നെ ലോക രാജ്യങ്ങളെ സഹായിച്ചു കാശുണ്ടാക്കാൻതന്നെ ക്യൂബ തീരുമാനിക്കുകയായിരുന്നു.
‘വിമാനത്താവളത്തിലിറങ്ങിയ ആദ്യ രാത്രിയിൽ ഇറ്റലിക്കാരുടെ സ്നേഹം ഞങ്ങൾ കണ്ടു’ – ഡോ. യസീൽ കാസ്റ്റിലോ പറഞ്ഞു. രണ്ടരമാസമായി ഇറ്റലിയിലെ മിലാനിലാണ് കാസ്റ്റിലോ. താനെത്തിയപ്പോൾ ഒട്ടുമിക്ക രോഗികളും അതിഗുരുതരാവസ്ഥയിലും വെന്റിലേറ്ററുകളിലുമായിരുന്നുവെന്ന് കാസ്റ്റിലോ ഓർമിക്കുന്നു. എന്നാൽ ഇപ്പോളവരിൽ പലരും രോഗമുക്തിയുടെ പാതയിലാണ്. ഏകദേശം 5000ൽ അധികം രോഗികളെയാണ് കാസ്റ്റിലോയും സംഘവും ചികിത്സിച്ചത്.
ഉപരോധങ്ങളും കൊറോണയും; സമ്പദ്‌വ്യവസ്ഥ തകർന്നു
1990കളിലേതുവച്ചുനോക്കുമ്പോൾ ക്യൂബയുടെ സമ്പദ്‌വ്യവസ്ഥ ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണ്. 2019ൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ക്യൂബയുടെ മേൽ ശക്തമായ ഉപരോധം ഏർപ്പെടുത്തിയിരുന്നു. കൂടാതെ അടിയുറച്ച രാഷ്ട്രീയ സഖ്യമായ വെനസ്വേലയ്ക്കുമേലും ഉപരോധമുള്ളതിനാൽ അവർക്കുപോലും ക്യൂബയെ സഹായിക്കാനാകുന്നില്ല.
വിനോദസഞ്ചാരമേഖലയാണ് ക്യൂബയെ മുന്നോട്ടുകൊണ്ടുപോയിരുന്നത്. എന്നാൽ കോവിഡ് മൂലം ആ സാധ്യതയും അടഞ്ഞു. മാന്ദ്യത്തെത്തുടർന്ന് യുഎസിലുള്ള നിരവധി ക്യൂബൻ വംശജരായ അമേരിക്കക്കാർക്കും ജോലി പോയി. 2020ൽ 3.7 ശതമാനത്തിലേക്ക് സമ്പദ്‌വ്യവസ്ഥ കൂപ്പുകുത്തുമെന്നാണ് പ്രവചനം. ലാറ്റിൻ അമേരിക്ക, കരീബിയൻ മേഖലകൾക്കുവേണ്ടിയുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ഇക്കണോമിക് കമ്മിഷനാണ് ഈ വിലയിരുത്തൽ നടത്തിയത്.
ഇതോടെ വിദേശ കറൻസിയുടെ പ്രധാന സ്രോതസ്സായി മെഡിക്കൽ രംഗം മാറി. കോവിഡിനെ നേരിടാൻ മറ്റു രാജ്യങ്ങളെ സജ്ജമാക്കാൻ ക്യൂബ ‘ആരോഗ്യസേന’യെ രംഗത്തിറക്കി. ചൈന, ജമൈക്ക, കെനിയ, പെറു, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി തുടങ്ങിയ രാജ്യങ്ങളിലേക്ക് ഡോക്ടർമാരെ കയറ്റി അയച്ചു.
ഡോക്ടർമാർ ഒരു കയറ്റുമതി ഉൽപ്പന്നം!
കമ്യൂണിസ്റ്റ് ഭരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നായി ക്യൂബ എടുത്തുപറയുന്നത് രാജ്യത്തിന്റെ ആരോഗ്യ സംവിധാനത്തെയാണ്. 1000 രോഗികൾക്ക് 8.19 ഡോക്ടർമാരാണ് ക്യൂബയിലെ അനുപാതം. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കിൽ ഈ അനുപാതം വളരെ ഉയർന്നതാണ്. ഇറ്റലിയിൽ ഈ അനുപാതം 4.09 ആണ്. 2018ൽ ആരോഗ്യ സേവനം കയറ്റുമതി ചെയ്തതിലൂടെ 6.4 ബില്യൺ യുഎസ് ഡോളറാണ് ക്യൂബ കൊയ്തത്.
ആറു പതിറ്റാണ്ടുമുൻപ് ക്യൂബ രൂപീകൃതമായതുമുതൽ ലക്ഷക്കണക്കിന് ഡോക്ടർമാരെയും നഴ്സുമാരെയും ട്രെയ്നർമാരെയും ടെക്നീഷ്യൻമാരെയുമാണ് ക്യൂബ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരിക്കുന്നത്. കരിബിയൻ ചുഴലിക്കാറ്റു മുതൽ ഭൂകമ്പവും പടിഞ്ഞാറൻ ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട എബോളയും വരെ നേരിടാൻ വിവിധ രാജ്യങ്ങൾ ക്യൂബൻ ആരോഗ്യ സേനയുടെ സഹായം തേടി.
2000 മുതൽ സർക്കാരിന്റെ വരുമാനമാർഗങ്ങളിലൊന്നായിരുന്നു മെഡിക്കൽ സേവനങ്ങളുടെ കയറ്റുമതി. വെനസ്വേലൻ പ്രസിഡന്റായിരുന്ന അന്തരിച്ച ഹ്യൂഗോ ഷാവെസ് ഡോക്ടർമാരുടെ സേവനത്തിനു പകരം ക്യൂബയ്ക്കു നൽകിയത് എണ്ണ ടാങ്കറുകളായിരുന്നു. അന്നുമുതൽ ക്യൂബയും തന്ത്രം മാറ്റി. സമ്പന്ന രാജ്യങ്ങളിൽനിന്ന് ഡോക്ടർമാരുടെ സേവനത്തിന് കാശുവാങ്ങുകയും ദരിദ്രരാജ്യങ്ങൾക്ക് സേവനം കഴിയുന്നതും സൗജന്യമാക്കിക്കൊടുക്കുകയും ചെയ്തു.
ആരോഗ്യസേനയെയും വിലക്കാൻ നോക്കിയ ട്രംപ് ഭരണകൂടം
ആരോഗ്യ പ്രവർത്തകരെ കയറ്റി അയയ്ക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം കമ്യൂണിസ്റ്റ് ദുർഭരണത്തെ നിലനിർത്താനാണ് ക്യൂബ ഉപയോഗിക്കുന്നതെന്നും ഡോക്ടർമാരുടെ സേവനം സ്വീകരിക്കരുതെന്നു യുഎസിലെ ട്രംപ് ഭരണകൂടം വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. മനുഷ്യക്കടത്ത് ലാഭകരമാക്കാൻ ക്യൂബൻ സർക്കാരിനെ സഹായിക്കുകയാണ് ഡോക്ടർമാരുടെ സേവനം സ്വീകരിക്കുന്നതിലൂടെ മറ്റു സർക്കാരുകൾ ചെയ്യുന്നതെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഏപ്രിലിൽ പറഞ്ഞിരുന്നു. എന്നാൽ കോവിഡ് വ്യാപനം അതിശക്തമാകുകയും പല രാജ്യങ്ങളുടെയും ആരോഗ്യ സംവിധാനം തകരുകയും ചെയ്തതോടെ യുഎസിന്റെ മുന്നറിയിപ്പ് രാജ്യങ്ങൾ അവഗണിച്ചു.
ക്യൂബ സർക്കാരിന്റെ കണക്ക് അനുസരിച്ച് ഒരു ലക്ഷത്തിലധികം കോവിഡ് രോഗികളെ ഇത്തരം ആരോഗ്യ സേന ചികിത്സിച്ചിട്ടുണ്ട്. ‘ഈ രാജ്യങ്ങൾക്ക് ആരോഗ്യരംഗത്ത് സഹായം വേണം. പിന്നെന്തിന് അവർ വേണ്ടെന്നു പറയണം’ – ഹവാനയിലെ യുഎസ് എംബസിയിലെ മുൻ ഉദ്യോഗസ്ഥൻ അംബാസഡർ ജെഫ്രി ഡിലൗറെന്റിസ് ചോദിച്ചു. സ്വന്തം ആവശ്യങ്ങള്‍ക്കാണ് അവർ പ്രാധാന്യം കൊടുക്കത്തത്, ട്രംപിന്റെ മുന്നറിയിപ്പിനല്ല, അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപ് ഭരണകൂടം കഴിഞ്ഞ വർഷം ഏർപ്പെടുത്തിയ ഉപരോധം ക്യൂബയുടെ സമ്പദ്‌വ്യവസ്ഥയെ തകർത്തുകളഞ്ഞു. ഇതേത്തുടർന്ന് വിനോദസഞ്ചാരത്തിനെത്തുന്ന അമേരിക്കക്കാരുടെ എണ്ണത്തിൽ വൻ കുറവുണ്ടായി. നിക്ഷേപത്തിലും ഇടിവുണ്ടായി. കോവിഡ് വന്നതോടെ എല്ലാം വഷളായി. വെനസ്വേലയുടെ തദ്ദേശീയ എണ്ണക്കമ്പനിയുടെ തകർച്ചയോടെ ഇന്ധന ഷിപ്മെന്റുകളിലും കുറവുണ്ടായി. ഇതേത്തുടർന്ന് മറ്റു രാജ്യങ്ങളില്‍നിന്ന് ഇന്ധനം വാങ്ങേണ്ട അവസ്ഥയിലായി ക്യൂബ. ഇതും സാമ്പത്തിക പ്രയാസമുണ്ടാക്കി.
ക്യൂബൻ ഭക്ഷണരീതിയുടെ ഭാഗമായ കോഴിയും ചോറും ഇപ്പോൾ വളരെ ദുർലഭമായേ ലഭിക്കുന്നുള്ളൂ. ഇതോടെ സർക്കാർ റേഷൻ സംവിധാനം ഏർപ്പെടുത്തേണ്ടി വന്നിരിക്കുകയാണ്. ഭക്ഷണത്തിന്റെ 60 – 70 ശതമാനം വരെ ക്യൂബ ഇറക്കുമതി ചെയ്യുകയായിരുന്നു.
English Summary: Cuba Is Exporting Doctors to Make Up for Lost Tourism Revenue