ADVERTISEMENT

ന്യൂഡൽഹി∙ അതിർത്തിയിൽ അഴിച്ചുവിട്ട ഏറ്റുമുട്ടലിനു പിന്നാലെ ഇന്ത്യയ്‌ക്കെതിരെ സൈബർ ആക്രമണവുമായി ചൈന. ഇന്ത്യയുടെ വിവരദായക വെബ്സൈറ്റുകളിലും സാമ്പത്തിക സേവനങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങളിലും ഡിഡിഒഎസ് (ഡിസ്ട്രിബ്യൂട്ടട് ഡിനയൽ ഓഫ് സർവീസ്) ആക്രമണം ചൈന അഴിച്ചുവിട്ടതായാണ് ഇന്റലിജൻസ് റിപ്പോർട്ട്. 

കൃത്രിമമായി സൃഷ്ടിച്ച ട്രാഫിക് ഉപയോഗിച്ച് ഇന്റർനെറ്റുമായി കണക്ടു ചെയ്തിരിക്കുന്ന ഒരു സിസ്റ്റത്തിൽ അല്ലെങ്കിൽ ഒരു നെറ്റ്‌വർക്കിൽ തള്ളിക്കയറ്റം സൃഷ്ടിച്ച് വൈബ്സൈറ്റുകൾ തകർക്കുന്ന ഒരുതരം സൈബർ ആക്രമണമാണ് ഡിഡിഒഎസ് അറ്റാക്ക്. ഇന്ത്യയുടെ സർക്കാർ വെബ്സൈറ്റുകൾ, എടിഎം ഉൾപ്പെടുന്ന ബാങ്ക് സർവീസുകൾ എന്നിവയാണ് ചൈന ലക്ഷ്യം വയ്ക്കുന്നതെന്നാണ് വിവരം.

മധ്യ ചൈനീസ് നഗരമായ ചെംഗ്ഡുവിലാണ് ഇന്ത്യക്കെതിരെയുള്ള സൈബർ യുദ്ധത്തിനു പടയൊരുക്കം നടക്കുന്നത്. സിചുവാൻ പ്രവിശ്യയുടെ തലസ്ഥാനമായ ചെംഗ്ഡു ചൈനീസ് മിലിട്ടറിയുടെ പ്രാഥമിക രഹസ്യ സൈബർ വാർഫെയർ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 61398 യൂണിറ്റിന്റെ ആസ്ഥാനമായാണ് അറിയപ്പെടുന്നത്. അതിർത്തിയിൽ ഇന്ത്യ– ചൈന സംഘർഷം നടന്ന് 20 ജവാന്മാർ വീരമൃത്യു വരിച്ചതിനു പിറ്റേ ദിവസമാണ് ഇന്ത്യയ്ക്കെതിരെ സൈബർ ആക്രമണത്തിനു ചെംഗ്ഡു നീക്കങ്ങൾ ആരംഭിച്ചത്. ചൊവ്വാഴ്ച തുടങ്ങിയ ആക്രമണം ബുധനാഴ്ചയും തുടർന്നെന്നാണ് വിവരം.

ഡിഡിഒഎസ് ആക്രമണം

ഡിനയൽ ഓഫ് സർവ്വീസ് അറ്റാക്ക് അഥവാ ഡിഡിഒഎസ് രൂപകൽപ്പന ചെയ്തിരിക്കുന്നത് ഒരു സിസ്റ്റമോ നെറ്റ്‌വർക്കിന്റെ ഉറവിടമോ അതിന്റെ ഉപയോക്താവിന് ലഭ്യമല്ലാതാക്കുന്നതിനാണ്. ഇതിനായി വ്യാജ ട്രാഫിക്ക് അഥവാ ഓവർലോഡി സൃഷ്ടിച്ച് വെബ്‌സൈറ്റിന്റെ സര്‍വറുകളെ മറയ്‌ക്കുക വഴി ആ വെബ്‌സൈറ്റിനെ തകര്‍ക്കുന്ന രീതിയാണ്. ഒരു പുതിയ ഫയർവാൾ  ഉപയോഗിച്ച് ഒരു പ്രത്യേക ഐപി അഡ്രസിൽ നിന്നു വരുന്ന നെറ്റ്‌വർക് ആക്രമണം തടയാൻ കഴിയും.

എന്നാൽ വിവിധ പൊയിന്റുകളിൽ നിന്നു വരുന്നതിനാൽ ഡി‌ഡി‌ഒ‌എസ് ആക്രമണങ്ങൾ പ്രതിരോധിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അത്തരം ആക്രമണങ്ങൾ ഒരു ബോട്ട്നെറ്റിന്റെ സോംബി കമ്പ്യൂട്ടറുകളിൽ നിന്നോ അല്ലെങ്കിൽ റിഫ്ലക്ഷനും ആംപ്ലിഫിക്കേഷൻ ആക്രമണങ്ങളും ഉൾപ്പെടെയുള്ള സാധ്യമായ മറ്റ് സാങ്കേതിക വിദ്യകളിൽ നിന്നോ ഉത്ഭവിച്ചേക്കാം.

ചെംഗ്ഡു എന്ന ഹാക്കർ കേന്ദ്രം

പടിഞ്ഞാറൻ ചൈനയിലെ പ്രധാന മൂന്നു നഗരങ്ങളിൽ ഒന്നായ ചെംഗ്ഡുവിനെ ഒരു പറ്റം ഹാക്കർ ഗ്രൂപ്പുകളുടെ വാസകേന്ദ്രമെന്നു തന്നെ  വിശേഷിപ്പിക്കാം. സേനാ പ്രവർത്തനങ്ങൾക്ക് സഹായം നൽകാനായി നിയമച്ചിരിക്കുന്നത് ചൈനീസ് സർക്കാർ വൻ പ്രതിഫലം നൽകി നിയമിച്ചിരിക്കുന്നവരാണ് ഇവരിൽ മിക്കതും. പടിഞ്ഞാറൻ ചൈനയുടെ പ്രധാന സാമ്പത്തിക– സാംസ്കാരിക കേന്ദ്രം കൂടിയാണ് ചെംഗ്ഡു. 

English Summary : China opens another front, steps up cyberattacks that target India: Intel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com