ADVERTISEMENT

ബെയ്ജിങ്∙ ചൈനയെ അടിക്കാൻ പുതിയ വടിയുമായെത്തിയ യുഎസ് അതിന്റെ പരിണിതഫലവും അനുഭവിക്കേണ്ടിവരുമെന്ന് ബെയ്ജിങ്ങിന്റെ മുന്നറിയിപ്പ്. ഉയിഗുർ ഉൾപ്പെടെയുള്ള മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളെ കൂട്ടമായി തടങ്കലിലടയ്ക്കുന്ന ചൈനീസ് ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള യുഎസിന്റെ പുതിയ നിയമത്തെയാണ് ചൈന എതിർക്കുന്നത്. സിൻജിയാങ് മേഖലയിലെ ചൈനയുടെ നയത്തിനുനേർക്കുള്ള ‘വിദ്വേഷമുളവാക്കുന്ന ആക്രമണമാണെന്ന്’ ചൈന വ്യക്തമാക്കി.

നിയമം നടപ്പാക്കിയാൽ ചൈനയുടെ ഭാഗത്തുനിന്നു തിരിച്ചടിയുണ്ടാകും. അതിന്റെ പരിണിതഫലം യുഎസ് അനുഭവിക്കേണ്ടിവരുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ബുധനാഴ്ചയാണ് ഉയിഗുർ മനുഷ്യാവകാശ നിയമം പ്രാബല്യത്തിൽവരുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചത്.

ഏകകണ്ഠമായാണ് യുഎസ് കോൺഗ്രസ് നിയമം പാസാക്കിയത്. ഇതനുസരിച്ച് ഉയിഗുർ ഉൾപ്പെടെയുള്ള മറ്റ് ന്യൂനപക്ഷങ്ങൾക്ക് ‘ഏകപക്ഷീയമായ തടങ്കലും പീഡനവും യാതനയും’ നൽകുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തിയാൽ അവരെ യുഎസിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കും. യുഎസിലെ അവരുടെ സ്വത്തുവകകൾ മരവിപ്പിക്കും.

‘ചൈനയുടെ ആഭ്യന്തര കാര്യത്തിൽ യുഎസിന്റെ അനാവശ്യമായ കൈകടത്തലാണിത്. യുഎസ് സ്വന്തം തെറ്റുകൾ തിരുത്തണം. സിൻജിയാങ്ങിലെ മനുഷ്യാവകാശ വിഷയത്തെ ഈ നിയമം അപഖ്യാതിപ്പെടുത്തുകയാണ്’ വാർത്താക്കുറിപ്പിൽ ചൈന പറഞ്ഞു.

10 ലക്ഷത്തിലധികം ഉയിഗുറുകളെയും മറ്റു തുർക്കി മുസ്‌ലിംകളെയും നിർബന്ധിതമായി പരിവര്‍ത്തനം ചെയ്ത്‌ ആ സംസ്കാരത്തെയും അടിസ്ഥാന ഇസ്‌ലാമിക ആചരണത്തെയും ഉന്മൂലനം ചെയ്യാനാണ് ചൈന പദ്ധതിയിടുന്നതെന്നാണ് സാമൂഹിക പ്രവർത്തകരുടെ വാദം. അതേസമയം, മത തീവ്രവാദത്തിനെതിരായി വിദ്യാഭ്യാസ കേന്ദ്രങ്ങൾ നടത്തുകയാണ് തങ്ങളെന്നാണ് ഈ വാദത്തെ ഖണ്ഡിച്ച് ചൈനയുടെ മറുപടി.

English Summary: China Threatens US Of "Consequences" After Trump Signs US Law On Uighurs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com