ADVERTISEMENT

കൊച്ചി∙ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിക്കുണ്ടായ ഹൃദയാഘാതം അനസ്തീസിയ നൽകിയതിലെ പിഴവല്ലെന്ന് വിശദീകരിച്ച് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ചാക്കോ. ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തെറ്റിസ്റ്റ് ഇതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ വൈകിട്ട് നാലു മണിക്ക് അനസ്തീസിയ നൽകി ആറേകാലിന് ശസ്ത്രക്രിയ പൂർത്തിയാക്കിയിരുന്നു. തുടർന്ന് 11.30 സച്ചി മറ്റുള്ളവരോട് സംസാരിക്കുകയും കാപ്പി കുടിക്കുകയും ചെയ്തതായാണ് വിവരം. ഇതും കഴിഞ്ഞ് 11.50 നാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകുന്നതെന്നും ഡോ. ജോസഫ് ചാക്കോ പറഞ്ഞു. അതേസമയം സച്ചിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

സാധാരണ നിലയിൽ അനസ്തീസിയ നൽകിയാൽ മൂന്നു മണിക്കൂറിൽ കൂടുതൽ അതിന്റെ ഫലം നിൽക്കില്ല. അനസ്തീസിയയുടെ ഫലവും കഴിഞ്ഞ് പോസ്റ്റ് ഓപ്പറേഷൻ വാർഡിൽ ചെന്ന് അവിടെയുള്ളവരോട് സംസാരിക്കുകയും കാപ്പി കുടിക്കുകയും ചെയ്ത ശേഷമാണ് ഹൃദയാഘാതമുണ്ടാകുന്നതും ബാക്കി പ്രശ്നങ്ങളുണ്ടാകുന്നതും. ഇതൊരിക്കലും അനസ്തെറ്റിസ്റ്റിന്റെ പിഴവല്ലെന്ന് ഉറപ്പാണ്. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാണ് സച്ചിക്ക് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്തത്. ഒന്നര മാസം മുമ്പ് ഇതേ ആശുപത്രിയിൽ ഒരു ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞതാണ്. അത് പൂർണ വിജയമായതിനെ തുടർന്നായിരുന്നു രണ്ടാമത്തെ ശസ്ത്രക്രിയ.

സച്ചിയുടെ ഹൃദയാഘാതത്തിനു കാരണം പൾമനറി എംബോളിസമോ ഫാറ്റ് എംബോളിസമോ ആകാം. നേരത്തേ വേണ്ട പരിശോധനകളെല്ലാം നടത്തിയിരുന്നു എന്നാണ് വിവരം. എന്നിരുന്നാലും ഏതൊരു ശസ്ത്രക്രിയയ്ക്കും ഇത്തരത്തിലൊരു അപൂർവ സാധ്യതയുണ്ടാകും. നിർഭാഗ്യവശാൽ ഇദ്ദേഹത്തിന് സംഭവിച്ചു എന്നേ ഉള്ളൂ. ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ മികച്ച സംവിധാനങ്ങളുള്ള ആശുപത്രിയാണ് വടക്കാഞ്ചേരിയിലെ ഈ ആശുപത്രി എന്നാണ് അന്വേഷണത്തിൽ നിന്ന് മനസ്സിലാക്കാനായത്. സർജനും പരിചയ സമ്പന്നനാണ്. രണ്ടേകാൽ മണിക്കൂറുകൊണ്ട് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യാൻ ഒരു വിദഗ്ധനു മാത്രമേ സാധിക്കൂ. സമയമാണ് നമ്മൾ നോക്കുന്നത്. അത് കൃത്യമാണ്. അനസ്തീസിയയുടെ സെഡേഷൻ കഴിഞ്ഞ ശേഷമാണ് ഹൃദയാഘാതമുണ്ടായത്.

ഇങ്ങനെ ഒരു സംഭവമുണ്ടായാൽ ഡോക്ടർമാർ എന്ന നിലയിൽ ഉറങ്ങാൻ പോലും പറ്റാത്ത മാനസിക അവസ്ഥയിലാകും ഞങ്ങൾ. ശസ്ത്രക്രിയ ചെയ്ത ഡോക്ടറും അനസ്തെറ്റിസ്റ്റും കടുത്ത മാനസിക സമ്മർദത്തിലായിരിക്കും. സമൂഹത്തിന് അല്ലെങ്കിൽത്തന്നെ അനസ്തീസിയ ഭയമാണ്. ആ സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു വാർത്ത വരുന്നത് അനസ്തീസിയ ഡോക്ടർമാരുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ഡോ. ജോസഫ് ചാക്കോ പറഞ്ഞു. 

English Summary: Director Sachy's Health Condition remains critical

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com