ADVERTISEMENT

വാഷിങ്ടന്‍∙ അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ചൈനയെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ്. ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാന്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണു അക്രമങ്ങള്‍ക്കു തുടക്കമിട്ടതെന്നു കരുതുന്നതായി മുതിര്‍ന്ന അമേരിക്കന്‍ സെനറ്റര്‍ മിച്ച് മക്കോണല്‍ പറഞ്ഞു. സെനറ്റില്‍ വിദേശനയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താല്‍പര്യങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി ചൈനയാണെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് ആണവശക്തികള്‍ തമ്മിലുള്ള സംഘര്‍ഷം ലോകരാജ്യങ്ങള്‍ ഏറെ ആശങ്കയോടെയാണു വീക്ഷിക്കുന്നത്. സംഘര്‍ഷം ലഘൂകരിച്ച് സമാധാനം നിലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മക്കോണല്‍ പറഞ്ഞു. സ്വന്തം അതിര്‍ത്തിക്കുള്ളില്‍ ആളുകളെ ക്രൂരമായി പീഡിപ്പിക്കുന്ന ചൈന ലോകഭൂപടം തന്നെ മാറ്റിവരയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോവിഡ് രോഗവ്യാപനം പുകമറയാക്കി ഹോങ്കോങ്ങിൽ കടന്നുകയറ്റം ശക്തമാക്കി മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാണു ചൈനയുടെ നീക്കം. കടലിലാണെങ്കില്‍ സെന്‍കാക്കു ദ്വീപിനു സമീപം ജപ്പാനെ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വ്യോമമേഖലയുടെ കാര്യമെടുത്താല്‍ ചൈനീസ് ജെറ്റുകള്‍ അടുത്തിടെ നാലു തവണയാണ് തായ്‌വാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതെന്നും മക്കോണല്‍ പറഞ്ഞു.

ഹുവെ, ഇസെഡ്ടിഇ എന്നീ കമ്പനികള്‍ക്കു ടെലികോം മേഖലയില്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തെ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ജിം ബാങ്ക്‌സ് സ്വാഗതം ചെയ്തു. കരുത്തുറ്റ തീരുമാനമാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെതെന്ന് ജിം പറഞ്ഞു.

English Summary: Chinese Army May Have Provoked Clash To "Grab Indian Territory": US Senator

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com