ADVERTISEMENT

ചെന്നൈ∙ ‘ഇവിടെ ഇത്രയും കടകൾ തുറന്നിരിക്കുമ്പോൾ എന്തിനാണ് നിങ്ങൾ എന്നോട് മാത്രം അടയ്ക്കാൻ ആവശ്യപ്പെടുന്നത്. ഒരു സാധാരണക്കാരന്റെ പ്രതിഷേധത്തിന് പൊലീസ് ശിക്ഷ വിധിച്ചത്‌ മരണമായിരുന്നു. ജൂൺ 18 വ്യാഴാഴ്ച രാത്രി 8.15 ന് നടന്ന സംഭവത്തിന് പൊലീസ് കണക്കുതീർത്തത് അടുത്ത ദിവസങ്ങളിൽ.

കരുതിക്കൂട്ടി അച്ഛനെയും മകനെയും കൊടിയ പീഡനങ്ങൾക്കു ശേഷം പൊലീസ് കൊന്നുകളഞ്ഞുഞ്ഞുവെന്നാണു ബന്ധുക്കളുടെ ആരോപണം. യുഎസിലെ മിനിയപൊളിസിൽ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊന്ന സംഭവത്തിനു സമാനമായ ക്രൂരതയാണു തൂത്തുക്കുടിയിലെ കൊലപാതകമെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു. അച്ഛനും മകനും ലോക്കപ്പില്‍ പ്രകൃതിവിരുദ്ധ ലൈംഗിക ആക്രമണത്തിനു വിധേയമായതായും ആരോപണമുണ്ട്.

‘ക്രൂരമായി കൊലചെയ്യപ്പെടാൻ മാത്രം എന്ത് തെറ്റാണ് ഇരുവരും ചെയ്തത്. നിങ്ങൾ ഈ മരണത്തിനു ഉത്തരം പറയുന്നതു വരെ, നിങ്ങളുടെ ശിരസ്സ് നാണം കൊണ്ട് നിലം തൊടുന്നതു വരെ ഞങ്ങൾ പോരാടും’. തൂത്തുക്കുടി ജില്ലയിലെ സാത്തൻകുളം കസ്റ്റഡി മരണത്തിൽ ദുഖവും രോഷവും രേഖപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ കുറിക്കപ്പെട്ട വാക്കുകൾ ഇപ്രാകാരമായിരുന്നു. ജോർജ് ഫ്ലോയിഡിന്റെ മരണത്തോട് സാത്താൻകുളം കസ്റ്റഡി മരണം ഉപമിച്ചായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രതിഷേധം.

ജയരാജ് (59), മകൻ ബെന്നിക്സ് (31) എന്നിവരാണു കോവിൽപെട്ടി സബ് ജയിലിൽ കൊല്ലപ്പെട്ടത്. ജൂൺ 18 വ്യാഴാഴ്ച രാത്രി അനുവദിക്കപ്പെട്ടതിലും അധികം 15 മിനിട്ട് കടതുറന്നുവെന്നാണ് ജയരാജിനു മേൽ ചാർത്തപ്പെട്ട കുറ്റം. കസ്റ്റഡിയിൽ അച്ഛനെ പൊലീസുകാർ അകാരണമായി മർദിക്കുന്നത് ചോദ്യം ചെയ്തതാണ് ബെന്നിക്സിനു നേരേ പൊലീസ് തിരിയാൻ കാരണം. പൊലീസ് സ്റ്റേഷനിൽ അതിക്രൂരമായി ഇരുവരും ആക്രമിക്കപ്പെട്ടു. മലദ്വാരത്തിൽ കമ്പികയറ്റിയതായും ലൈംഗികമായി ഉപദ്രവിച്ചതായും ദൃക്സാക്ഷികളുടെ വെളിപ്പെടുത്തലുണ്ട്. ചോരയിൽ കുതിർന്ന വസ്ത്രങ്ങളുമായാണ് ഇരുവരെയും മുറിയിൽ നിന്ന് പുറത്തിറക്കിയതെന്നും ദൃക്സാക്ഷികൾ പറയുന്നു.

കഴിഞ്ഞ പത്തുവർഷമായി ടൗണിൽ കട നടത്തുന്നവരാണ് ജയരാജും മകനും. അച്ഛന് മരക്കച്ചവടം മകന് മൊബൈൽ ഷോപ്പ്. ജയരാജിന്റെ ഏറ്റവും ഇളയമകനാണ് ബെന്നിക്സ്. രണ്ടുമാസത്തിനുള്ളിൽ ബെന്നിക്സിന്റെ വിവാഹം നടത്താനായി തയാറെടുക്കുമ്പോഴാണ് അതിദാരുണ മരണം. തുണിയുരിഞ്ഞ് പൂർണ നഗ്നരാക്കിയായിരുന്നു െപാലീസ് മർദ്ദനമെന്നു ബന്ധുക്കൾ ആരോപിക്കുന്നു. ദൃക്സാക്ഷികളുടെ മൊഴിയും ഈ വസ്തുത അടിവരയിടുന്നു.

മലദ്വാരത്തിൽ സ്റ്റീൽ കെട്ടിയ ലാത്തി പലതവണ കയറ്റിയിറക്കി. ബെന്നിക്സിന്റെ നെഞ്ചിലെ രോമം പിഴുതെടുത്തു. മലദ്വാരത്തിൽ നിന്നുള്ള രക്തസ്രാവം നിയന്ത്രിക്കാൻ കഴിയുമായിരുന്നതല്ല. ജൂൺ 19 നാണ് ജയരാജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊലീസ് കോൺസ്റ്റബിളിനോട് കയർത്ത് സംസാരിച്ചതിന് അരിശം തീർക്കാനായി ജയരാജിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

കുറ്റവാളിയെ കൊണ്ടു പോകുന്നതു പോലെ ഉന്തിയും തള്ളിയും ജീപ്പിൽ കയറ്റി ബലം പ്രയോഗിച്ചാണ് െകാണ്ടു പോയത്. അച്ഛനെ പൊലീസ് കൊണ്ടു പോയി എന്നറിഞ്ഞ് പൊലീസ് സ്റ്റേഷനിൽ ഓടിയെത്തിയതായിരുന്നു ബെന്നിക്സെന്നു സുഹൃത്തുക്കൾ പറയുന്നു. അച്ഛനെ തല്ലുന്നത് ചോദ്യം ചെയ്തതോടെ ബെന്നിക്സും പ്രതിയാക്കപ്പെട്ടു. പൊലീസ് അതിക്രൂരമായി മർദ്ദിക്കുമ്പോൾ ബെന്നിക്സിന്റെ സുഹൃത്തുക്കൾ െപാലീസ് സ്റ്റേഷന്റെ പുറത്തു കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളെ പുറത്താക്കി അവർ വാതിലടച്ചു. സഹായത്തിനും ആരും എത്തിയതുമില്ല– സുഹൃത്തുക്കൾ പറയുന്നു.

3 മണിക്കൂർ നേരം അതിക്രൂരമായി െപാലീസ് തല്ലിച്ചതച്ചു. നിലവിളികൾ കേട്ട് നിൽക്കുകയെന്നതല്ലാതെ മറ്റൊന്നും ഞങ്ങൾക്കു ചെയ്യാൻ കഴിയുമായിരുന്നില്ല– ബെന്നിക്സിന്റെ സുഹൃത്തുക്കൾ പറയുന്നു. അതിഗുരുതര നിലയിൽ ഇരുവരെയും ജൂൺ 20 ന് സർക്കാർ ആശുപത്രിയിയിൽ എത്തിക്കുമ്പോൾ രക്തസ്രാവം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. നാല് മണിക്കൂറിനിടെ ആശുപത്രിയിൽ വച്ച് 7 തവണയാണ് ധരിച്ചിരുന്ന ലുങ്കി ഇരുവരും മാറിയത്. ആശുപത്രിയിൽ കൊണ്ടും പോകും വഴി ജീപ്പിൽ കറപറ്റാതിരിക്കാൻ സ്വന്തം ചിലവിൽ കാർ വിളിക്കാൻ ആവശ്യപ്പെട്ടതായും സുഹൃത്തുക്കൾ പരാതിപ്പെടുന്നു.

ജയരാജിനെയും മകനെയും നിലത്തിട്ട് ഉരുട്ടിയെന്നും ഇതാണ് ആന്തരിക പരുക്കുകൾക്കു കാരണമെന്നും എഫ്ഐആറിൽ വ്യക്തമായ പരാമർശമുണ്ട്. ജയരാജും ബെന്നിക്സും പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു. ചോരയൊലിപ്പിച്ചു കൊണ്ടാണ് ഇരുവരെയും മജിസ്ട്രേറ്റിന്റെ മുൻപിൽ എത്തിച്ചത്. കോവിഡ് കാലമായതിനാൽ ഇരുവരെയും നാൽപതടി അകലം നിൽക്കണമെന്ന് മജിസ്ട്രേറ്റ് വാശിപിടിച്ചതിനാൽ അദ്ദേഹത്തിന്റെ അടുത്തേക്ക് കൊണ്ടുപോകാനായില്ലെന്നും കാറിൽ ഇരുത്തിയിരിക്കുകയായിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. ദേഹത്തെ പരുക്കുകൾ അറസ്റ്റ് ചെയ്യുമ്പോൾ നിലത്തുകിടന്നു ഇരുണ്ടതാണെന്നാണ് പൊലീസ് പറഞ്ഞത്.

മജിസ്ട്രേറ്റിനോട് എല്ലാം തുറന്നു പറയാൻ സുഹൃത്തുക്കൾ നിർബന്ധിച്ചെങ്കിലും അവർ എന്റെ കുടുംബത്തെ തീർത്തു കളയും എന്റെ അമ്മയും സഹോദരിമാരും ഇതൊന്നും അറിയരുതെന്നുമാണ് ബെന്നിക്സ് പറഞ്ഞതെന്നും സുഹൃത്തുക്കൾ പറയുന്നു. ജയരാജനെയും മകൻ ബെന്നിക്സിനെയും നേരിട്ടു കാണാതെയാണ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തതെന്ന് മനുഷ്യാവകാശ സംഘടനയായ പീപ്പിൾസ് വാച്ച് വെളിപ്പെടുത്തിയിരുന്നു.

ആരോഗ്യപ്രശ്നങ്ങളാണ് മരണത്തിലേക്കു നയിച്ചതെന്നായിരുന്നു െപാലീസ് ഭാഷ്യം. സംഭവത്തിൽ സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ രണ്ട് ഇൻസ്പെക്ടർമാരെ സസ്പെൻഡ് ചെയ്തിരുന്നു. #JusticeforJayarajAndFenix എന്ന ഹാഷ്ടാഗിൽ കസ്റ്റഡി മരണത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ഇരമ്പുകയാണ്. യുഎസിലെന്ന പോലെ പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് നടത്തുവാനും അനീതിക്കെതിരെ പൊരുതുവാനും വൈകരുതെന്നാണ് ആഹ്വാനം.

English Summary: Tuticorin custodial death: Kin say father-son duo was sexually abused in police custody, outrage in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com