ADVERTISEMENT

കൊച്ചി∙ നടി ഷംന കാസിമിനെ വിവാഹം ആലോചിച്ച് എത്തിയ സംഘം ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പിനു ശ്രമിച്ചതെന്ന് ഷംനയുടെ മാതാവ് റൗലാബിയുടെ വെളിപ്പെടുത്തൽ. ഷംന പറഞ്ഞിട്ട് അച്ഛനെയാണ് തട്ടിപ്പു സംഘം ആദ്യം വിളിച്ചത്. ചെറുക്കന്റെ അമ്മയുടെ ചേട്ടനും ഭാര്യയും വന്നോട്ടെ എന്നു രാവിലെ വിളിച്ചു ചോദിച്ചപ്പോൾ വരാൻ പറയുകയായിരുന്നു. പെട്ടെന്ന് പോകണം, അതുവഴി പോകുമ്പോൾ കയറിക്കോട്ടെ എന്നാണ് ചോദിച്ചത്.

ചെറുക്കന്റെ അമ്മാവൻ, അച്ഛന്റെ സഹോദരൻ എന്നും പറഞ്ഞ് രണ്ടു പേരും മറ്റു മൂന്നു പേരുമാണ് എത്തിയത്. സ്ത്രീകളാരും സംഘത്തിൽ ഇല്ലായിരുന്നു. അവരുടെ സംസാരം ശരിയല്ലെന്നു തോന്നിയതിനാൽ വലിയ താൽപര്യം കാണിച്ചില്ല. ചെറുക്കന്റേത് എന്നു പറഞ്ഞ് ഒരു ഫോട്ടോ കാണിച്ചിരുന്നു.

ലൈവ് വിഡിയോയിൽ വരാൻ ആവശ്യപ്പെട്ടപ്പോൾ സംസാരിച്ചത് മറ്റൊരാളാണ്. ഇവർക്ക് ഷംനയുടെ നമ്പർ എവിടുന്ന് കിട്ടിയെന്ന് അറിയില്ല. പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കൂടുതൽ പേർ തട്ടിപ്പ് സംഘത്തിലുണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത്. മറ്റു പരാതികളുമായി ബന്ധമില്ലെന്നും സിനിമയിൽ എല്ലാവരുമായി നല്ല ബന്ധമാണ് ഉള്ളതെന്നും അവർ പറഞ്ഞു.

അതേസമയം, ഷംന കാസിം തിങ്കളാഴ്ച ഉച്ചയോടെ കൊച്ചിയിലെത്തി പൊലീസിന് മൊഴി നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൊച്ചിയിലെത്തിയ ശേഷം വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിയാനാണ് തീരുമാനിച്ചിരിക്കുന്നത്.

പ്രതികൾ കൂടുതൽ തട്ടിപ്പു നടത്തിയതായി പരാതികൾ

ഷംന കാസിമിന്റെ പരാതിക്കു പിന്നാലെ അറസ്റ്റിലായ പ്രതികൾക്കെതിരെ കൂടുതൽ പരാതികളുമായി യുവതികൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതി റഫീഖിന്റെ നേതൃത്വത്തിൽ തൃശൂർ വാടാനപ്പിള്ളിയിൽ യുവതിയെ പറ്റിച്ച് 16 ലക്ഷം രൂപ തട്ടിയെടുത്തതായി നേരത്തെ പൊലീസിൽ പരാതി ലഭിച്ചിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇപ്പോൾ പ്രതികളുടെ കൂടുതൽ തട്ടിപ്പുകൾ പുറത്തു വന്നതോടെ പൊലീസ് അന്വേഷണവുമായി രംഗത്തെത്തിയിട്ടുണ്ട്.

വിവാഹം ആലോചിച്ച് 2018 ജൂലൈയ്ക്കും 2019 ജനുവരിക്കും ഇടയിൽ യുവതിയിൽനിന്ന് പണം തട്ടിയെടുത്തെന്നാണ് ആരോപണം. ബാങ്ക് അക്കൗണ്ടിലൂടെയും നേരിട്ടും പണം വാങ്ങിയിട്ടുണ്ടെന്ന് ഇവർ പറയുന്നു. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെയാണ് പറ്റിച്ചത്. വിദേശത്തും മറ്റും ആഡംബര വാഹനങ്ങളുടെ ഷോറും ഉണ്ടെന്നു പറഞ്ഞായിരുന്നു വിവാഹാലോചനയുമായി എത്തിയത്. വിവിധ ആവശ്യങ്ങൾ പറഞ്ഞാണ് പണം ചോദിച്ചു വാങ്ങിയത്. ഇവിടെയും ആൾമാറാട്ടവും നടത്തിയത് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

വിവാഹത്തിന്റെ തുടർ ആലോചനയ്ക്കായി വീട്ടിലേയ്ക്ക് എത്താമെന്നു പറഞ്ഞിട്ട് പല ഒഴിവുകഴിവുകൾ പറഞ്ഞ് ഇവർ വരാതിരുന്നതോടെയാണ് തട്ടിപ്പു മനസിലായത്. ഇതോടെ പണം തിരികെ വേണം എന്നാവശ്യപ്പെട്ടതോടെ യുവതിയെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ലെന്ന് ഇവർ പറയുന്നു.

English Summary: Shamns Kasim's Mother on Police Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com