പാംഗോങ്ങിൽ ചൈനീസ് അക്ഷരങ്ങളും വമ്പന്‍ ഭൂപടവും; ദുരൂഹ സാറ്റലൈറ്റ് ചിത്രങ്ങൾ

India-China-Standoff-Satellite-Image
ഫിംഗർ 4നും ഫിംഗർ 5നും ഇടയ്ക്ക് ചൈനയുടെ നുഴഞ്ഞുകയറ്റം. ചിത്രം: പ്ലാനറ്റ് ലാബ് ക്യു
SHARE

ന്യൂഡൽഹി∙ അതിർത്തി സംഘർഷത്തിൽ ചർച്ചകൾ തുടരുന്നതിനിടെ പാംഗോങ് തടാകത്തോടു ചേർന്ന് ചൈനീസ് അക്ഷരങ്ങളും ഭൂപടവും വരച്ചുചേർത്ത് ചൈന. ഫിംഗർ 4നും ഫിംഗർ 5നും ഇടയ്ക്കായി ചൈന അതിക്രമിച്ചു കയറിയിരിക്കുന്ന മേഖലയിലാണ് ഇവ ചിത്രീകരിച്ചിരിക്കുന്നത്. 81 മീറ്റർ നീളവും 25 മീറ്റർ വീതിയും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സാറ്റലൈറ്റ് ചിത്രങ്ങളിൽ ഇവ വ്യക്തമായി കാണുന്നുണ്ട്. അതേസമയം, അതിർത്തിയിൽ ചൈന ഇത്തരമൊരു നീക്കം നടത്തുന്നതായി സ്ഥിരീകരിക്കാനാവില്ലെന്ന് ഇന്ത്യൻ സേനാ വൃത്തങ്ങൾ അറിയിച്ചു.

ടിബറ്റിലെ ചൈനീസ് സേന കമാൻഡർ വാങ് ഹാജിങ്ങിന്റെ നേതൃത്വത്തിൽ ഇന്ത്യ – ചൈന അതിർത്തിയോടു ചേർന്ന് ചൈനീസ് അക്ഷരങ്ങൾ വരയ്ക്കുന്നതിന്റെ വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പ്ലാനറ്റ് ലാബ് പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങൾ അനുസരിച്ച് മേഖലയിൽ ചൈനീസ് സേനയുടെ വൻ ഏകീകരണമാണ് നടക്കുന്നത്. ഇന്ത്യൻ സൈന്യം ഇവിടെ നടത്തിയിരുന്ന പട്രോളിങ് മേയിൽ നിർ‍ത്തിയിരുന്നു.

ചൈന അതിക്രമിച്ചു കയറിയിരിക്കുന്ന മേഖലകളിൽ 186 കുടിലുകളും ടെന്റുകളുമൊക്കെ സ്ഥാപിച്ചിട്ടുള്ളതായിട്ടാണ് വിലയിരുത്തൽ. തടാകത്തിന്റെ കരയ്ക്കു പുറമേ പാംഗോങ്ങിൽ എട്ടു കിലോമീറ്റർ ഉള്ളിലേക്കു കയറിയാണിത്. ഫിംഗർ 5നോടു ചേർന്ന് രണ്ട് ഇന്റർസെപ്റ്റർ വിമാനം കിടക്കുന്നതും ഫിംഗർ 4ൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതും നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ ഫിംഗർ 1ലേക്കും ഫിംഗർ 3ലേക്കും ചൈനീസ് സേന നീങ്ങുന്നതും സാറ്റലൈറ്റ്  ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്.

india-china-lac
ഇന്ത്യൻ മേഖലയിലെ ചൈനീസ് കടന്നുകയറ്റം

പാംഗോങ് തടാകത്തോടു ചേർന്ന് മേഖലകളാണ് പല ഫിംഗറുകളായി തിരിച്ചിട്ടുള്ളത്. ഫിംഗർ 1 മുതൽ ഫിംഗര്‍ 8 വരെ ഇന്ത്യ പട്രോളിങ് നടത്തുന്ന മേഖലയാണ്. എന്നാൽ ഫിംഗർ 8 മുതൽ ഫിംഗർ 4 വരെ തങ്ങളുടെ കൈവശമാണെന്ന് ചൈന അവകാശപ്പെടുന്നു. നിലവിൽ ഫിംഗര്‍ 4 ആണു ഇന്ത്യയുടെയും ചൈനയുടെയും അതിരായി കൽപിക്കപ്പെടുന്നത്. മേയിൽ ഇന്ത്യ ചൈന സൈനികർ ഏറ്റുമുട്ടിയതും ഇവിടെ വച്ചായിരുന്നു. ഫിംഗർ 8 ലേക്ക് ഇന്ത്യ പട്രോളിങ് നടത്താതിരിക്കാൻ ഇവിടെ ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുകയാണ്.

india-China-conflict
ഇന്ത്യൻ മേഖലയിലെ ചൈനീസ് കടന്നുകയറ്റം

അതേസമയം, പാംഗോങ് തടാകത്തോടു ചേർന്ന് നിർമിക്കുന്ന ഹെലിപ്പാഡ് 23.1 കിലോമീറ്ററുകൾ കൂടി നീട്ടിയതായി വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങളും പുറത്തുവന്നു. പുതിയ ഹെലിപ്പാ‍ഡുകൾ നിർമിച്ചതായി ചിത്രത്തിൽ വ്യക്തമല്ല. പഴയ ഹെലിപ്പാഡ് പുനർനിർമിച്ചതിന്റെയും കൂടുതൽ വിപുലപ്പെടുത്തിയതിന്റെയും സാറ്റലൈറ്റ് ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഗൽവാനിൽനിന്ന് 176 കിലോമീറ്റർ വടക്കുമാറി ഷിൻജിയാങ്ങിലെ ഹോട്ടനിൽ പിഷൻ കൗണ്ടിയോടു ചേർന്നാണ് ഹെലിപ്പാഡ്. ജൂൺ 22ന് എടുത്ത ചിത്രം 2017ൽ എടുത്തതുമായി താരതമ്യം ചെയ്തപ്പോഴാണ് വ്യത്യാസം ശ്രദ്ധയിൽപ്പെടുന്നത്.

GALWAN- CHINA
ഇന്ത്യൻ മേഖലയിലെ ചൈനീസ് കടന്നുകയറ്റം

കിഴക്കൻ ലഡാക്കിലെ 7 സ്ഥലങ്ങളിലാണു സംഘർഷം തുടരുന്നത്. ഇതിൽ പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകളിലെ കടന്നുകയറ്റമാണ് ഏറ്റവും രൂക്ഷം. ഇന്ത്യൻ ഭാഗത്തുള്ള പാംഗോങ്ങിൽ 8 കിലോമീറ്ററും കഴിഞ്ഞ 15ന് ഏറ്റുമുട്ടലുണ്ടായ ഗൽവാനിൽ 400 മീറ്ററുമാണ് ചൈനീസ് സേന അതിക്രമിച്ചു കയറിയിരിക്കുന്നത്. ഗൽവാനിൽ ഇന്ത്യൻ ഭാഗത്തുള്ള 3 കിലോമീറ്ററാണ് അവർ പിടിച്ചെടുക്കാൻ ശ്രമിക്കുന്നത്. വ്യോമതാവളം (എയർ സ്ട്രിപ്) സ്ഥിതി ചെയ്യുന്ന ദൗലത് ബേഗ് ഒാൾഡിക്കു സമീപമുള്ള ഡെപ്സാങ് ഇന്ത്യയുടെ സേനാ നീക്കങ്ങളിൽ അവിഭാജ്യ ഘടകമാണ്.

English Sumamry: Chinese Inscribe Huge Symbol, Map Onto Disputed Territory In Pangong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA