ADVERTISEMENT

തിരുവനന്തപുരം∙ കരമന കൂടത്തിൽ തറവാട്ടിൽ ഏഴു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ, അവസാനം മരിച്ച ജയമാധവൻ നായരെ (63) ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴും പിന്നീട് ഇൻക്വസ്റ്റ് നടക്കുമ്പോഴും ക്രിമിനൽ കേസിലെ പ്രതികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇൻക്വസ്റ്റ് നടക്കുമ്പോൾ എടുത്ത ജനക്കൂട്ടത്തിന്റെ ഫോട്ടോകളിൽ ക്രിമിനൽ കേസിലെ പ്രതികളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴും ക്രിമിനൽ സംഘം കൂടെയുണ്ടായിരുന്നതായി വ്യക്തമായത്.

ആദ്യം കേസ് അന്വേഷിച്ച സംഘത്തിന് ഈ വിവരങ്ങൾ ലഭിച്ചിരുന്നെങ്കിലും പകുതിവഴിയിൽ അന്വേഷണം നിലച്ചു. അന്വേഷണത്തിലെ പിഴവുകൾ സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം സർക്കാരിനു റിപ്പോർട്ട് നൽകിയതിനെത്തുടർന്ന് പുതിയ സംഘം ചുമതലയേറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. കരമനയിലെ വീട്ടിൽനിന്ന് കണ്ടെടുത്ത രക്തക്കറ പുരണ്ട തടികഷ്ണവുമായി ബന്ധപ്പെട്ട ഫൊറൻസിക് റിപ്പോർട്ട് ഈയാഴ്ച ലഭിക്കുന്നതോടെ കേസിൽ വഴിത്തിരിവുണ്ടാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

2017 ഏപ്രിൽ രണ്ടിന് കൂടത്തിൽ തറവാട്ടിലെത്തിയപ്പോൾ കട്ടിലിൽനിന്ന് വീണുകിടക്കുന്ന ജയമാധവൻ നായരെ കണ്ടെന്നും ഓട്ടോറിക്ഷയിൽ മെഡിക്കൽ കോളജിലെത്തിച്ചെന്നുമാണ് കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ മൊഴി. വീട്ടുജോലിക്കാരി ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവൻ നായർ മരിച്ചതായി ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷയിൽ ലീലയും രവീന്ദ്രൻ നായരും കരമന പൊലീസ് സ്റ്റേഷനിലെത്തി. മൊഴി നൽകാൻ താൻ ഇറങ്ങിയെന്നും ലീല ഓട്ടോയിൽ കൂടത്തിൽ തറവാട്ടിലേക്കു പോയെന്നുമാണ് രവീന്ദ്രൻ നായരുടെ മൊഴി. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനുള്ളതിനാൽ തന്നോട് ഓട്ടോ വിളിച്ച് വീട്ടിൽ പോകാൻ രവീന്ദ്രൻ നായർ ആവശ്യപ്പെട്ടതായാണ് ലീലയുടെ മൊഴി. ഈ മൊഴികളിലെ വൈരുധ്യം ആദ്യസംഘം പരിശോധിച്ചില്ല. 

ജയമാധവൻ നായരെ ആശുപത്രിയിലേക്കു കൊണ്ടുപോയതായി ആദ്യം പറഞ്ഞ ഓട്ടോഡ്രൈവർ പിന്നീട് മൊഴി മാറ്റിയിരുന്നു. ആശുപത്രിയിൽ പോയിട്ടില്ലെന്നും 5 ലക്ഷം രൂപ  രവീന്ദ്രൻ നായർ വാഗ്ദാനം ചെയ്തതു കൊണ്ടാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി. വിഡിയോയിൽ റെക്കോർഡ് ചെയ്ത ഈ മൊഴി ആദ്യ അന്വേഷണസംഘം പരിശോധിച്ചില്ല. അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവർ തന്റെ വണ്ടി രാത്രി പാർക്ക് ചെയ്തിരുന്നത് കൂടത്തിൽ തറവാട്ടിലായിരുന്നു.

ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവൻ നായരെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ടെന്ന് കേസിലെ പരാതിക്കാരി പ്രസന്നകുമാരിയമ്മയും മൊഴി നൽകിയിരുന്നു. ഇക്കാര്യങ്ങൾ പുതിയ സംഘം വിശദമായി പരിശോധിക്കും.

തലയ്ക്കേറ്റ പരുക്കാണ് ജയമാധവൻ നായരുടെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലുമുള്ളത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകൾ എങ്ങനെ സംഭവിച്ചു എന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമാകും. സഹോദരൻ ജയപ്രകാശ് രക്തം ഛര്‍ദ്ദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല.

കൂടത്തില്‍ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടേയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. നഗരത്തില്‍ കോടിക്കണക്കിനു രൂപ വില മതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്.

English Summary: Koodathil case follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com