ADVERTISEMENT

കൊച്ചി ∙ ഇരട്ടക്കുട്ടികൾ റോസ്മേരിയുടെയും ആൻമേരിയുടെയും കുഞ്ഞു മോണകാട്ടിയുള്ള ചിരിയിൽ എറണാകുളം ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വിഭാഗം ഡോക്ടർമാരും സംഘവും ആഹ്ലാദത്തിലാണ്. കോവിഡ് ഭീതിക്കാലത്ത്, അസൗകര്യങ്ങൾക്കു നടുവിൽനിന്ന് മാസം തികയാതെ പ്രസവിച്ച പിഞ്ചു കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് കൊണ്ടു വന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ഡോ. എം.എസ്. നൗഷാദ്. രണ്ടു മാസം നീണ്ട പരിചരണങ്ങൾക്കു ശേഷം ഡോക്ടേഴ്സ് ദിനത്തിൽത്തന്നെ കുഞ്ഞുങ്ങളെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചതും യാദൃച്ഛികമായി. പെരുമ്പാവൂർ ചേരാനല്ലൂർ സ്വദേശി ടി.ആർ. സേവിയുടെയും ഷാന്റിയുടെയും ഇരട്ടക്കുട്ടികളാണ് ജീവിതത്തിലേക്കു തിരിച്ചെത്തിയശേഷം ഇന്ന് വീട്ടിലേക്കു മടങ്ങുന്നത്.

ഇവർ ജനറൽ ആശുപത്രിയിലെത്തുമ്പോൾ തൂക്കം ഒരാൾക്ക് 650 ഗ്രാമും മറ്റേയാൾക്ക് 750 ഗ്രാമും മാത്രം. സാധാരണ ലവൽ മൂന്നു മുതൽ നാലു വരെയുള്ള സിക് ന്യൂബോൺ കെയർ യൂണിറ്റിന്റെ (എസ്എൻസിയു) സൗകര്യത്തിലാണ് 34 ആഴ്ചയിൽ താഴെ പ്രായത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിചരിക്കുന്നത്. വെന്റിലേറ്റർ സൗകര്യമുൾപ്പെടെ വേണ്ടി വരും ഇവർക്ക്. മെഡിക്കൽ കോളജുകളിലാണ് സാധാരണയായി ഈ സംവിധാനമുള്ളത്.

Twin Baby
ആൻമേരിയും റോസ്മേരിയും

കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയെ കോവിഡ് കേന്ദ്രമാക്കിയതോടെ പ്രദേശത്തെ ചികിത്സകളെല്ലാം നടക്കുന്നത് എറണാകുളം ജനറൽ ആശുപത്രിയിലാണ്. ഇവിടെയുള്ളതാകട്ടെ ലവൽ 1ഉം 2ഉം കെയർ യൂണിറ്റുകളാണ്. 34 ആഴ്ചയെങ്കിലും പ്രായമായ, 1.5 കിലോഗ്രാം തൂക്കമുള്ള കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കാണ് ഇത് ഉപയോഗിക്കാറ്. പക്ഷേ അടിയന്തര സാഹചര്യത്തിൽ അതിലും താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ചികിത്സിക്കേണ്ട സാഹചര്യമാണ് ജനറൽ ആശുപത്രിയിലുള്ളത്. ഡോ. അനിൽ കുമാറാണ് ഇവിടെ കുട്ടികളുടെ ചികിത്സാ വിഭാഗത്തിന് നേതൃത്വം നൽകുന്നത്.

ലക്ഷങ്ങൾ മുടക്കിയുള്ള ചികിത്സകൾക്കും കാത്തിരിപ്പിനും ഒടുവിൽ ഭാര്യയുടെ വയറ്റിലുള്ളത് ഇരട്ടക്കുഞ്ഞുങ്ങളാണെന്ന സന്തോഷത്തിലായിരുന്നു സേവി. പക്ഷേ ഏഴാം മാസത്തിൽ കുഞ്ഞുങ്ങൾ ജനിച്ചു. കുഞ്ഞുങ്ങൾക്കായുള്ള ഐസിയുവിൽ രണ്ടു മാസത്തിലേറെ ഇവരെ കിടത്തേണ്ടി വരും എന്നുകൂടി കേട്ടതോടെ ഊബർ ടാക്സി ഡ്രൈവറായ ഇദ്ദേഹത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റു. പ്രസവം നടന്ന മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ അഞ്ചു ദിവസം മാത്രം കുഞ്ഞുങ്ങളെ കിടത്തിയപ്പോഴേക്ക് ചെലവ് ഒരു ലക്ഷത്തിന് അടുത്തെത്തി. ഇനി രണ്ടു മാസം കൂടി കിടന്നാൽ കിടപ്പാടം പോലും ഇല്ലാതാകും എന്നറിഞ്ഞാണ് ബദൽ മാർഗം തേടിയത്. നേരത്തേ ഏഴാം മാസത്തിൽ ജനിച്ച കുഞ്ഞുങ്ങളുടെ വാർത്ത ഒരു സുഹൃത്ത് ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ഡോ. നൗഷാദിനെ ബന്ധപ്പെട്ടതും ഡോക്ടർ ദൗത്യം ഏറ്റെടുത്തതും.

Twin Baby
ടി.ആർ. സേവിയും ഷാന്റിയും കുഞ്ഞുങ്ങൾക്കൊപ്പം

ഇതേസമയം തന്നെ ജാർഖണ്ഡിൽ നിന്നുള്ള വിഗ്നേഷ് എന്നയാളുടെ ഒരു കിലോ ഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞ് ഇവിടെ ചികിത്സയ്ക്ക് എത്തിയിരുന്നു. ഈ കുഞ്ഞിന് തൂക്കം 1.450 ഗ്രാമിലെത്തി ഡിസ്ചാർജായി. ഒരു അസം സ്വദേശിയുടെ ഇരട്ടകളിൽ ഒരാളും 750 ഗ്രാം തൂക്കത്തിൽ ഇപ്പോൾ ചികിത്സയിലുണ്ട്. ആലുവയിലായിരുന്നു പ്രസവം.

ഏഴാം മാസത്തിൽ ജനിക്കുന്ന കുഞ്ഞിന് ശ്വാസകോശം, കുടൽ തുടങ്ങി ആന്തരാവയവങ്ങൾ എല്ലാം വളർച്ച എത്തിയിട്ടില്ലാത്ത അവസ്ഥയിലായിരിക്കും. രണ്ടു മാസം എസ്എൻസിയുവിലെ പരിചരണത്തിലൂടെ മാത്രമേ അവരെ സാധാരണ നിലയിലെത്തിക്കാനാവൂ. മുഴുവൻ സമയം ഓക്സിജൻ വേണം, ഇബിഎം ട്യൂബിലൂടെയാണ് പാല് കൊടുക്കുക, 34 ആഴ്ച ആയാലേ വലിച്ചു കുടിക്കാനാകൂ. നല്ല നഴ്സിങ് കെയർ വേണം. അസമിൽ നിന്നുള്ള ദമ്പതികളുടെ കുഞ്ഞിന് സർഫാക്ടന്റ് തെറപ്പി നൽകേണ്ടി വന്നു. 9000 രൂപയുടെ മരുന്നാണ് സൗജന്യമായി ലഭ്യമാക്കിയത്. കൃത്രിമ ശ്വാസം കൊടുക്കുന്നതിനു പകരം ചെറിയ സപ്പോർട്ടായി സിപാപ് സംവിധാനവും ഉപയോഗപ്പെടുത്തി. ഇപ്പോൾ കുഞ്ഞ് 1.3 കിലോ ആയിട്ടുണ്ട്.

Twin Baby
കുഞ്ഞുങ്ങൾക്കൊപ്പം ആശുപത്രി ജീവനക്കാർ

ഇത്തരത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ ഇവിടെനിന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. മറ്റൊരു മെഡിക്കൽ കോളജിലേക്കു റഫർ ചെയ്താൽ അവിടെ എത്തുന്നതു വരെ കുഞ്ഞ് അതിജീവിക്കുമെന്ന് പ്രതീക്ഷിക്കാനുമാകില്ല. അതുകൊണ്ടാണ് അപകടമെന്ന് അറിഞ്ഞിട്ടും ദൗത്യം ഏറ്റെടുക്കുന്നത്. മെഡിക്കൽ കോളജിലല്ലാതെ ഹെൽത്ത് സർവീസിൽ ഇത്തരത്തിൽ റിസ്കെടുത്ത് കുഞ്ഞുങ്ങളെ വളർത്തിയെടുക്കുന്നത് അപൂർവമാണെന്നും ഡോ. നൗഷാദ് പറയുന്നു. ഒരു വർഷം മുമ്പ്, 27 ആഴ്ച പ്രായവും 450 ഗ്രാമുണ്ടായിരുന്ന ഒരു കുഞ്ഞിനെ മൂന്നു മാസം ഇതേ സംവിധാനങ്ങൾ ഉപയോഗിച്ച് വളർത്തിയെടുത്തതാണ് അനുഭവ പരിചയം. ആ കുഞ്ഞിനിപ്പോൾ ഒരു വയസ്സായി. തൂക്കക്കുറവുണ്ടെങ്കിലും കുഞ്ഞ് പൂർണ ആരോഗ്യത്തോടെയാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമേ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഇവിെടത്തന്നെ ജനിച്ച ഒരു കുഞ്ഞിന് രക്തത്തിന് മഞ്ഞിപ്പുണ്ടായി ചികിത്സിക്കേണ്ടി വന്നത്. തലച്ചോറിലേക്ക് ഇത് ബാധിച്ചാൽ ബുദ്ധിവൈകല്യം ഉൾപ്പടെയുണ്ടാകാൻ കാരണമാകും. ഈ സാഹചര്യത്തിലാണ് ഇവിടെ ആദ്യമായി പൊക്കിൾകൊടി വഴി രക്തം മാറിക്കൊടുക്കുന്ന എക്സ്ചേഞ്ച് ട്രാൻസ്ഫ്യൂഷനിലൂടെ കുഞ്ഞിനെ ചികിത്സിച്ചതെന്നും ഡോക്ടർ പറഞ്ഞു.

Twin Baby
കുഞ്ഞുങ്ങൾക്കൊപ്പം ആശുപത്രി ജീവനക്കാർ

ഡോ. ബിലു, ഡോ. ശിവപ്രസാദ്, ഡോ. സുരേഷ്, ഡോ. ഉഷ, ഡോ. ശ്രീജ, ഡോ. സുനിൽ എന്നിവരാണ് കുട്ടികളുടെ ചികിത്സാ ദൗത്യം ഇവിടെ ഏറ്റെടുത്തിട്ടുള്ള മറ്റ് ഡോക്ടർമാർ. കുഞ്ഞുങ്ങളെ ചികിത്സിക്കുന്നതിനുള്ള എസ്എൻസിയു എത്രത്തോളം അണുരഹിതമായി സൂക്ഷിക്കുന്നു എന്നതും കുഞ്ഞുങ്ങൾക്ക് 24 മണിക്കൂറും ഇടവിടാതെ ശ്രദ്ധ കൊടുക്കുന്നതുമാണ് ഈ ചികിത്സയുടെ വിജയം. ആ ഉത്തരവാദിത്തം നിർവഹിക്കുന്നത് നഴ്സിങ് സംഘമാണ്. പലപ്പോഴും പുറത്താരും അറിയാതെ പോകുന്ന അവരും ഡോക്ടേഴ്സ് ദിനത്തിൽ അഭിനന്ദനങ്ങൾ അർഹിക്കുന്നതായി എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത പറഞ്ഞു. സിസ്റ്റർ ആലിസ് ആണ് ഇവിടെ നഴ്സിങ് ഇൻ ചാർജ്.

English Summary: Doctors Day Special - Dr MS Noushad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com