ADVERTISEMENT

ബെയ്ജിങ്∙ ചൈനയില്‍ കണ്ടെത്തിയ ‘ജി 4’ ശ്രേണിയിൽപെട്ട സ്വൈൻ ഫ്ലൂ വൈറസ് പുതിയതല്ലെന്ന് ചൈനീസ് സർക്കാർ. ഇത്തരം വൈറസിന് മനുഷ്യനെയോ മൃഗങ്ങളെയോ ബാധിക്കാനും രോഗിയാക്കാനും എളുപ്പത്തിൽ സാധിക്കില്ലെന്ന് ചൈനീസ് കൃഷി, ഗ്രാമീണകാര്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു. വൈറസ് ഗുരുതരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന പഠനങ്ങളെയും ചൈന തള്ളി.

ചൈനീസ് ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ഒരു യുഎസ് ജേർണലിലാണ് പ്രസിദ്ധീകരിച്ചത്. ജി 4 എന്നു വിളിക്കുന്ന പുതിയ സ്വൈൻ ഫ്ലൂ വൈറസ് വളരെ വേഗം മനുഷ്യരിലേക്കു പടരുമെന്നും മഹാമാരിയാകാനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു ഗവേഷകരുടെ കണ്ടെത്തൽ. പഠന റിപ്പോർട്ട് മാധ്യമങ്ങൾ‌ പെരുപ്പിച്ചു കാണിച്ചതാണെന്നും ചൈനീസ് മന്ത്രാലയം ആരോപിച്ചു. റിപ്പോര്‍ട്ടിൽ പറയുന്ന കാര്യങ്ങൾക്ക് ആവശ്യമായത്രയും  തെളിവുകളില്ലെന്നും ചൈന വ്യക്തമാക്കി.

പൊതുജനാരോഗ്യ കാര്യത്തിലും പന്നി വ്യവസായത്തിലും ജി 4 വൈറസ് എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ സെമിനാറുകൾ സംഘടിപ്പിച്ച ശേഷമാണ് ഇങ്ങനെയൊരു നിഗമനത്തിൽ ചൈന എത്തിയത്. മൃഗഡോക്ടർമാർ, ആന്റി വൈറസ് വിദഗ്ധർ, പ്രൊസീഡിങ്സ് ഒഫ് ദ് നാഷനൽ അക്കാദമി ഓഫ് സയൻസസിലെ എഴുത്തുകാർ തുടങ്ങിയവരാണ് ഇതിൽ പങ്കെടുത്തത്. ജി 4 വൈറസുമായി ബന്ധപ്പെട്ട പഠനം തയാറാക്കിയവർ തന്നെ വൈറസ് മനുഷ്യശരീരത്തിലേക്ക് എളുപ്പത്തില്‍ പടരില്ലെന്നും രോഗമുണ്ടാക്കില്ലെന്നും സ്ഥിരീകരിച്ചതായും ചൈന അവകാശപ്പെട്ടു.

ചൈന കാർഷിക സർവകലാശാലയിലെ സ്വൈൻ വൈറൽ ഡിസീസ് ശാസ്ത്രജ്ഞൻ യാങ് ഹാൻചുനാണ് ചൈനീസ് മന്ത്രാലയത്തിനായി പ്രസ്താവന തയാറാക്കിയത്. ചൈനയിലെ ആന്റി എപിഡമിക് കമ്മിറ്റിയിലും അംഗമാണ് യാങ് ഹാൻചുന്‍. ജനിതകഘടനയില്‍ വ്യത്യാസം വന്ന ജി4 എന്ന വൈറസ് ശ്രേണി പക്ഷിപ്പനിക്ക് കാരണമായ എച്ച്1എൻ1 വൈറസിന് സമാനമാണെന്നായിരുന്നു റിപ്പോർട്ടുകൾ. 2011 മുതൽ 2018 വരെ അറവുശാലകളിലെ പന്നികളിൽനിന്ന് 30,000 നേസൽ സ്വാബുകള്‍ ശേഖരിച്ചാണു ഗവേഷകർ പഠനവിധേയമാക്കിയത്.

English Summary: G4 Swine Flu Not New, Does Not Infect Humans Easily, Says China

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com