ADVERTISEMENT

തിരുവനന്തപുരം ∙ കാർഷിക സർവകലാശാല 152 ബ്ലോക്കുകളിൽ വിജ്ഞാന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നു മന്ത്രി വി.എസ്.സുനിൽകുമാർ. സർക്കാരിന്റെ സുഭിക്ഷ കേരളവുമായി സഹകരിച്ച് കൈറ്റ്സ് ഫൗണ്ടേഷൻ ആരംഭിച്ച പുനർജനി പദ്ധതിയുടെ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘കേരളത്തിലെ ഭക്ഷ്യമേഖല: സ്വയം പര്യാപ്തതയുടെ ആവശ്യകതയും വെല്ലുവിളികളും’ എന്ന വിഷയത്തിലായിരുന്നു വെബിനാർ.

സുഭിക്ഷ കേരളം പദ്ധതി ഭക്ഷ്യസുരക്ഷയും സുരക്ഷിതമായ ഭക്ഷണ ലഭ്യതയുമാണ് ഉന്നം വയ്ക്കുന്നത്. പാൽ ഉൽപാദനത്തിൽ 90 ശതമാനത്തോളം സ്വയം പര്യാപ്തത കൈവരിച്ചെങ്കിലും ഭക്ഷ്യധാന്യ ഉൽപാദനമേഖലയിൽ ഭൂദൗർലഭ്യം ആശങ്കയുളവാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ദുരന്തങ്ങളുടെ ആഘാതവും തീവ്രതയും വർധിപ്പിക്കുന്നതിലെ നിർണായക ഘടകം ഭൂവിനിയോഗ ശൈലിയാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ.കുര്യാക്കോസ് പറഞ്ഞു.

150 വർഷം കൊണ്ട് ഇന്ത്യയിലെ ശരാശരി താപനില 1 ഡിഗ്രി സെൽഷ്യസ് കൂടിയെന്നും വനനശീകരണവും നഗരവൽക്കരണവുമാണ് ഇതിലേക്ക് നയിച്ചതിനു മുഖ്യകാരണമെന്നും കേരള കാർഷിക സർവകലാശാല അക്കാദമി ഓഫ് ക്ലൈമറ്റ് ചേഞ്ച് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടർ ഡയറക്ടർ ഡോ. ജി.എസ്.എൽ.എച്ച്.വി. പ്രസാദ റാവു പറഞ്ഞു. മൺസൂൺ കാലത്തെ വരൾച്ച ഭക്ഷ്യധാന്യങ്ങളുടെ വളർച്ചയെ വലിയ രീതിയിൽ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കൃഷിയോഗ്യമായതും കൃഷിയോഗ്യമാക്കാവുന്നതുമായ രണ്ടു ലക്ഷം ഹെക്ടറിലധികമുള്ള തരിശു നിലങ്ങൾ ഉപയോഗപ്പെടുത്തണമെന്നു കാർഷിക സർവകലാശാല ഗവേഷണ വിഭാഗം മുൻ മേധാവി ഡോ. ഇന്ദിരാദേവി പറഞ്ഞു. കാർഷിക സർവകലാശാല ഡയറക്ടർ ഓഫ് എക്സ്റ്റങ്ഷൻ ഡോ. ജിജു പി.അലക്സ്, കാർഷിക സർവകലാശാല സയന്റിഫിക് ഓഫിസർ ഡോ. ഗോപകുമാർ ചോലയിൽ, സി.ആർ.നീലകണ്ഠൻ, കൈറ്റ്സ് ഫൗണ്ടേഷൻ പരിസ്ഥിതി വിഭാഗം ഡയറക്ടർ ഗോപിക സുരേഷ്, ആന്റണി എന്നിവരും പങ്കെടുത്തു. 2020 മുതൽ 2021 വരെ 1000 ഏക്കർ തരിശുനിലത്തിൽ കൃഷി ചെയ്യുകയാണു പുനർജനി പദ്ധതിയുടെ ലക്ഷ്യം. വെബിനാർ കൈറ്റ്സ് ഫൗണ്ടേഷന്റെ യൂട്യൂബ് ചാനലിൽ കാണാം.

English Summary: Kerala agricultural university will start Vigyan Kendras in 152 blocks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com