ADVERTISEMENT

തിരുവനന്തപുരം∙സ്വർണക്കടത്തുകേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഉന്നത ബന്ധങ്ങളുടെ തെളിവുകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. കോൺസുലേറ്റിലെയും സംസ്ഥാന സർക്കാരിലെയും ഉദ്യോഗസ്ഥരെ സ്വപ്ന നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. ചില ഉദ്യോഗസ്ഥരുടെ നമ്പരിലേക്കു ദിവസം പത്തിലേറെ തവണ കോളുകൾ പോയിട്ടുണ്ട്. ജോലിയുടെ ഭാഗമായാണോ മറ്റെന്തെങ്കിലും ബന്ധങ്ങളുടെ പേരിലാണോ ഫോൺ വിളികളെന്ന് പരിശോധിക്കും.

കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥർക്കു സ്വപ്നയുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് കസ്റ്റംസിന് പരിമിതികളുള്ളതിനാൽ ഐബിയുടേയും റോയുടേയും സഹായവും ലഭിക്കുന്നുണ്ട്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നതിനാൽ കരുതലോടെയാണ് നീക്കം. ഡിപ്ലോമാറ്റിക് ബാഗേജ് പരിശോധിക്കരുതെന്ന് കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ കസ്റ്റംസിനോട് ആവശ്യപ്പെട്ടതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2019 മേയ് 13ന് 25 കിലോ സ്വർണം ഡിആർഐ പിടികൂടിയ സംഭവത്തിലെ പ്രതികൾക്ക് ഇപ്പോൾ പിടിയിലായ സരിത്തുമായും ഒളിവിലുള്ള സ്വപ്നയുമായും ബന്ധമുണ്ടോയെന്ന കാര്യം ഡിആർഐ പരിശോധിക്കും. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നടന്ന വിരുന്നുകളിൽ ഇവർ ഒരുമിച്ചു പങ്കെടുത്തതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം. 25 കിലോ സ്വർണം പിടികൂടിയ കേസിൽ കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ളവർ അറസ്റ്റിലായിരുന്നു. കേസ് സിബിഐയും അന്വേഷിക്കുന്നുണ്ട്.

ആവശ്യമെങ്കിൽ ഐടി വകുപ്പിലെ ഉദ്യോഗസ്ഥരിൽനിന്നു വിവരങ്ങൾ ശേഖരിക്കുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കുന്നു. സരിത്തും സ്വപ്നയും വിദേശത്തേക്കു നടത്തിയ യാത്രകളെക്കുറിച്ചും കോൺസുലേറ്റിൽനിന്ന് ഇവർ പുറത്തായ കാരണങ്ങളെക്കുറിച്ചും അന്വേഷണം നടക്കും. പുറത്തായിട്ടും സരിത്തിന് കോൺസുലേറ്റിലെ ബാഗേജിന്റെ കരാർ എങ്ങനെ ലഭിച്ചുവെന്ന് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. കോൺസുലേറ്റിൽനിന്നു പുറത്തായിട്ടും, ക്രൈംബ്രാഞ്ച് കേസിൽ പ്രതിയായിട്ടും സ്വപ്നയ്ക്ക് ഐടി വകുപ്പിൽ എങ്ങനെ ജോലി ലഭിച്ചു എന്നതിനെക്കുറിച്ചും പരിശോധന ആരംഭിച്ചു.

English Summary : Swapna Suresh phone number based investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com