ADVERTISEMENT

തിരുവനന്തപുരം/ന്യൂഡൽഹി ∙ തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര പാഴ്സലിൽ കോടികളുടെ സ്വർണം കടത്തിയ കേസ് എൻഐഎ അന്വേഷിക്കും. ഇതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. രാജ്യസുരക്ഷയ്ക്കു ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് കള്ളക്കടത്തെന്നാണു കേന്ദ്ര സർക്കാർ നിലപാട്.

കേസിൽ എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. കേസിൽ വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യമാണെന്നും ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും ഏകോപിപ്പിച്ചു ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കള്ളക്കടത്തിന്റെ ഉറവിടം മുതൽ എത്തിച്ചേരുന്നിടം വരെ കണ്ടെത്തുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇനി ആവർത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം. എല്ലാ സഹായവും പിന്തുണയും സംസ്ഥാന സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് അയച്ച കത്തിലും മുഖ്യമന്ത്രി ഇതേ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ഒളിവിൽ തന്നെയാണ്. കേരള പൊലീസിനെ അറിയിക്കാതെ ഇന്റലിജൻസ് ബ്യൂറോയുടെ സഹായത്തോടെയാണ് അന്വേഷണ സംഘം ഇവരെ തിരയുന്നത്. സ്വപ്നയ്ക്ക് ഏതാനും ഐപിഎസ് ഉന്നതരുമായി അടുത്ത ബന്ധമുള്ള പശ്ചാത്തലത്തിൽ വിവരങ്ങൾ ചോരുന്നതു തടയാൻ കേരള പൊലീസിനെ മാറ്റിനിർത്തിയാണു കസ്റ്റംസിന്റെ അന്വേഷണം.

സ്വപ്നയുടെ അടുത്ത സുഹൃത്തും ബിസിനസ് പാർട്ണറുമായ സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്തു വിട്ടയച്ചു. തിരുവനന്തപുരം അരുവിക്കരയിലെ വീട്ടിൽ നിന്നു ചൊവ്വാഴ്ച രാത്രിയാണ് സൗമ്യയെ കൊച്ചിയിലേക്കു കൊണ്ടുപോയത്. കേസിൽ സൗമ്യയെ സാക്ഷിയാക്കുന്നതും ആലോചനയിലാണ്. സ്വപ്ന ഒളിവിൽ പോയ സമയം തന്നെ സന്ദീപും ഒളിവിൽ പോയി. കള്ളക്കടത്തിൽ സ്വപ്നയുടെ കൂട്ടാളിയാണ് സന്ദീപ് എന്നാണ് അന്വേഷകരുടെ നിഗമനം.

കേസിൽ അറസ്റ്റിലായ പി.എസ്.സരിത്തിനെ വിശദമായി ചോദ്യം ചെയ്യാനാണു തീരുമാനം. കസ്റ്റംസിന്റെ കസ്റ്റഡിയിലായ ശേഷവും സരിത്തുമായി ഫോണിൽ സ്വപ്ന സംസാരിച്ചിട്ടുണ്ട്. തുടർന്നു കസ്റ്റംസ് എത്തിയപ്പോഴേക്കും അപകടം മണത്ത സ്വപ്ന കടന്നുകളഞ്ഞു. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു നീളാനുളള സാധ്യത തെളിഞ്ഞതോടെ സ്വപ്ന സുരേഷിന്റെ നിയമനം അടക്കമുള്ള വിഷയങ്ങളിൽ വിശ്വസ്തരായ ഉദ്യോഗസ്ഥരെ നിയമിച്ച് അന്വേഷണം പ്രഖ്യാപിക്കാനും സർക്കാർ നീക്കമുള്ളതായി സൂചനയുണ്ട്.

English Summary: NIA to probe Kerala gold smuggling case: Union Home Ministry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com