ADVERTISEMENT

ന്യൂഡൽഹി∙ ലഡാക്കിലെ പാംഗോങ് തടാകത്തിനു സമീപത്തെ പ്രദേശങ്ങളിൽ ഇന്ത്യ പട്രോളിങ് ആരംഭിച്ചേക്കും. തടാകത്തിനടുത്തെ ‘ഫിംഗേഴ്സ്’ മേഖലയിൽ ഇന്ത്യ പട്രോളിങ് തുടങ്ങുമെന്ന് കേന്ദ്ര സർക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണു റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയുടെ പ്രദേശങ്ങളിലേക്ക് ചൈനീസ് സൈനികർ കടന്നുകയറിയതിനുശേഷം ഇന്ത്യ ഇവിടങ്ങളിൽ പരിശോധന നടത്തിയിട്ടില്ല. ‘പട്രോളിങ് നിർത്തിയിരുന്നെങ്കിലും സാഹചര്യം സമാധാനപരമാകുമ്പോൾ ആരംഭിക്കും. ഇന്ത്യയുടെ ഓരോ സ്ഥലവും നേരിട്ടു പരിശോധിക്കും’– സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

‘8 ഫിംഗേഴ്സ്’ എന്നു വിളിക്കപ്പെടുന്ന മലമ്പ്രദേശങ്ങളിൽ പട്രോളിങ് നടത്താനുള്ള അവകാശവാദം തുടക്കം മുതൽ ഇന്ത്യ നടത്തുന്നതാണ്. പാംഗോങ് തടാകത്തിന് വടക്കുള്ള എട്ട് മലനിരകളിൽ നാല് എണ്ണമാണു നിലവിൽ ഇന്ത്യയുടെ ഭാഗത്ത് ഉള്ളത്. എട്ട് വരെയുള്ള 8 കിലോമീറ്റർ വരുന്ന ബാക്കി മലനിരകൾ തർക്കമേഖലയിലാണ്. എട്ടാമത്തെ മലനിര വരെയാണ് യഥാർഥ അതിർത്തിയെന്നാണ് ഇന്ത്യ പറയുന്നത്. എന്നാൽ അതിർത്തി നാലാം മലയിലാണെന്നു ചൈനയും വാദിക്കുന്നു. നാലിൽനിന്ന് എട്ടിലേക്കു പോകുന്ന ഇന്ത്യൻ സേനയെ തടഞ്ഞതും ഫിംഗർ നാലിൽ ചൈന ടെന്റ് സ്ഥാപിച്ചതുമാണു സംഘർഷത്തിലേക്കു നയിച്ചത്.

ഫിംഗര്‍ നാല് മുതൽ എട്ട് വരെയുള്ള പ്രദേശങ്ങളിൽനിന്ന് ചൈന വിട്ടുപോകുമെന്നാണു ഇന്ത്യ പ്രതീക്ഷിക്കുന്നത്. പ്രദേശത്ത് സംഘർഷം തുടങ്ങിയതുമുതൽ തർക്ക മേഖലയിൽ 186ൽ അധികം ടെന്റുകൾ ചൈന നിർമിച്ചിരുന്നുവെന്നാണു ഉപഗ്രഹ ചിത്രങ്ങളിൽനിന്നു വ്യക്തമായത്. സംഘര്‍ഷത്തിന് അയവുവന്നതോടെ ചൈനീസ് സൈനികരുടെ വിന്യാസത്തിലും കുറവുണ്ടായിട്ടുണ്ട്. ഗൽവാന്‍ താഴ്‍വര, ഹോട് സ്പ്രിങ്സ്, ഗോഗ്ര എന്നിവിടങ്ങളിൽനിന്ന് 2 കിലോമീറ്ററോളം പിന്നോട്ടു പോകാൻ ഇന്ത്യയും ചൈനയും ധാരണയായിരുന്നു.

ഗൽവാനിൽ ചൈനീസ് സൈന്യത്തിന്റെ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെ ആരംഭിച്ച വിവിധ തലത്തിലുള്ള ഇന്ത്യ– ചൈന ചർച്ചകൾ തുടരുകയാണ്. ചൈനയുടെ വിലപേശലിനെ പ്രതിരോധിക്കുന്നതിന് ഇന്ത്യയ്ക്ക് ഒന്നുമില്ലാത്തത് ബുദ്ധിമുട്ടേറിയ സാഹചര്യമാണെന്ന് ഒരു മുതിർന്ന സർക്കാര്‍ ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സ്വന്തം നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുന്നു. ചൈനയുടെ മനസ്സു മാറുന്നുവെന്നതാണു നല്ല വാര്‍ത്തയെന്നും അദ്ദേഹം പറഞ്ഞു.

English Summary: India To Resume Patrols In Key Ladakh Area After Tensions Ease: Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com