ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തില്‍ ശനിയാഴ്ച 488 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാനത്ത് ഒരു ദിവസം കോവിഡ് രോഗബാധയിൽ രേഖപ്പെടുത്തുന്ന ഉയർന്ന കണക്കാണിത്. 234 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. രണ്ടു പേർ കൂടി കോവിഡ് രോഗം കാരണം മരിച്ചു. തിരുവനന്തപുരത്ത് സെയ്ഫുദ്ദീൻ (66), എറണാകുളത്ത് പി.കെ. ബാലകൃഷ്ണൻ (77) എന്നിവരാണ് മരിച്ചത്.

ഇവരുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിൽ പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീൻ വെള്ളിയാഴ്ചയാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് ഐടിബിപി ഉദ്യോഗസ്ഥർക്കും രണ്ട് ബിഎസ്എഫ് ജവാനും നാലു ഡിഎസ്‌സി ജവാനും രോഗം സ്ഥിരീകരിച്ചു. .സംസ്ഥാനത്ത് 143 പേർ രോഗമുക്തി നേടി.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

പത്തനംതിട്ട – 43
കൊല്ലം – 26
തൃശൂർ – 17
മലപ്പുറം – 15
ആലപ്പുഴ – 11
പാലക്കാട് – 7
തിരുവനന്തപുരം – 6
കോട്ടയം – 6
കോഴിക്കോട് – 4
ഇടുക്കി – 4
എറണാകുളം – 3
കണ്ണൂർ – 1

24 മണിക്കൂറിനിടെ 12,104 സാംപിളുകൾ പരിശോധിച്ചു. 1,82,050 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 3694 പേർ ആശുപത്രികളിലാണ്. ശനിയാഴ്ച 570 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 2,33,809 സാംപിൾ പരിശോധനയ്ക്ക് അയച്ചു.  6449 സാംപിളിന്റെ റിസൾട്ട് വരാനുണ്ട്. മുന്‍ഗണനാ ഗ്രൂപ്പുകളിൽനിന്ന് 73,768 സാംപിളുകൾ ശേഖരിച്ചു. 66,636 സാംപിളുകൾ നെഗറ്റീവ് ആയി.

ഹോട്സ്പോട്ടുകൾ 195

പുതുതായി 16 ഹോട്സ്പോട്ടുകളാണ് നിലവിൽവന്നത്. ഇതോടെ സംസ്ഥാനത്്ത ഹോട്‌സ്പോട്ടുകളുടെ എണ്ണം 195 ആയി. സംസ്ഥാനത്താകെ രോഗവ്യാപനം വർധിക്കുന്നതിന്റെ സൂചനയാണ് പുതിയ കണക്കുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് 69 പേർക്കു കൂടി ശനിയാഴ്ച രോഗം ബാധിച്ചു. ഇതിൽ 46 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. എവിടെനിന്ന് ബാധിച്ചു എന്ന് അറിയാത്ത 11 കേസുകളുണ്ട്. ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ, ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകൾ, ബഫർ സോണുകൾ ഇവിടങ്ങളിൽ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമായി തുടരുന്നു. ജില്ലയിലെ ഒൻപതു തദ്ദേശ സ്ഥാപനങ്ങളിലായി 45 വാർഡുകളാണ് ഇതുവരെ കണ്ടെയ്ൻമെന്റ് സോണിലുള്ളത്. ഇവിടങ്ങളിൽ സാമൂഹിക അവബോധം വർധിപ്പിക്കുന്നതിന് നോട്ടിസ് വിതരണം, മൈക്ക് അനൗൺസ്മെന്റ്, സോഷ്യൽ മീഡിയ പ്രചരണം ഇവയെല്ലാം നടത്തുന്നു. കണ്ടെയ്ൻമെന്റ് പ്രദേശങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ്, റവന്യു, ആരോഗ്യ, ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ക്വിക് റെസ്പോൺസ് ടീം രൂപീകരിച്ചു. ഈ സംഘം 24 മണിക്കൂറും പ്രവർത്തിക്കും. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിലേക്കുള്ള ചരക്കു വാഹന നീക്കം, വെള്ളം,. വൈദ്യുതി, തുടങ്ങി എല്ലാം സംഘം നിരീക്ഷിക്കും, പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സംഘത്തിനൊപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്നലെ വരെ ജില്ലയിലെ കണക്ക് അനുസരിച്ച് 1,88,28 പേർ വീടുകളിലും 1901 പേര്‍ വിവിധ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലാണ്. ഇതുവരെ പൂന്തുറയിൽ 1366 ആന്റിജന്‍ പരിശോധന നടത്തി. 262 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. പരിശോധന തുടരുന്നു. 150 കിടക്കകകൾ ഉള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ അവിടെ സജ്ജാമാക്കും. മൊബൈൽ മെഡിസിന്‍ ഡിസ്പെൻസറി യൂണിറ്റ് അവിടെ സജ്ജമാക്കിയിട്ടുണ്ട്. കൺട്രോൾ റൂമും ഹെൽപ് ഡെസ്കും മുഴുവൻ സമയവും പ്രവർത്തിക്കും. മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകളിൽ രോഗവ്യാപനം കൂടുതലുള്ള സാഹചര്യത്തിലാണ് അവിടെ കൂടുതൽ കർക്കശ നിലപാടിലേക്ക് നീങ്ങിയത്. ഇത് ജനങ്ങൾക്കുണ്ടാകുന്ന പ്രയാസം കണക്കിലെടുത്താണ് ഓരോ കുടുംബത്തിനും 5 കിലോ അരി വീതം വിതരണം ചെയ്യാൻ തീരുമാനിച്ചത്.

മൂന്ന് വാർഡുകളിലും ആകെ 8110 കാർ‍ഡുടമകളാണ് ഉള്ളത്. അവിടെ നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്നതിന് അധിക സംവിധാനം ഏർപ്പാടാക്കി. ഇന്ന് ആലപ്പുഴ ജില്ലകളിലാണ് ഏറ്റവും കൂടുതൽ പുതിയ രോഗികളുള്ളത്. 87 പേർ. 87ൽ 51 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലാണ്. താമരക്കുളം പഞ്ചായത്തിലെ ഐടിബിപി ക്യാംപ്, കായംകുളം മാർക്കറ്റ് ഇവ കേന്ദ്രീകരിച്ചാണ് കൂടുതൽ രോഗവ്യാപന സാധ്യത റിപ്പോർട്ട് ചെയ്തത്. ചെല്ലാനം ഹാർബറിൽ മത്സ്യ ബന്ധനത്തിന് പോയ ജില്ലയിലെ 2 മത്സ്യ തൊഴിലാളികൾക്കും ഇതിൽ ഒരാളുടെ കുടുംബത്തിനും രോഗം ബാധിച്ചു. താമരക്കുളം, നൂറനാട് മേഖലകളിലും കായംകുളത്തും തീരദേശ മേഖലയിലും കൂടുതൽ ജാഗ്രതയും നിയന്ത്രണവും ഏർപ്പെടുത്തി. നൂറനാട് ഐടിബിപി ക്യാംപില്‍ കോവിഡ് സ്ഥിരീകരിച്ചതിനാൽ ബാരക്കിലെ മുഴുവൻ പേർക്കും വ്യക്തിഗത ക്വാറന്റീന്‍ ഉറപ്പാക്കും. ക്യാംപിന് പുറത്ത് വീടുകളിൽ കുടുംബമായി താമസിക്കുന്ന ഉദ്യോഗസ്ഥരെ ക്വാറന്റീനിൽ ആക്കി.

തീരദേശത്തെ രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനത്തിന് ആരോഗ്യ പ്രവർത്തകരെ സഹായിക്കാമൻ വിവിധ വകുപ്പ് ജീവനക്കാരെ കമ്യൂണിറ്റി സെന്ററിൽ നിയോഗിച്ചു. കൂടുതൽ ഫസ്റ്റ് ലൈൻ ട്രീറ്റ് മെന്റ് സെന്ററുകൾ തയാറാക്കും. പത്തനംതിട്ടയിൽ പുതുതായി രോഗം ബാധിച്ചത് 54 പേർക്കാണ്. 25 സമ്പർക്കം. പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ കണ്ടെയ്ന്‍മെന്റ് സോണിൽ നടത്തിയ റാപിഡ് ആന്റിജൻ ടെസ്റ്റിൽ ജൂലൈ 10ന് നാലു പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവർ മുൻപ് രോഗം ബാധിച്ചവരുമായി സമ്പ‍ർക്കമുള്ളവരാണ്. മലപ്പുറത്ത് 51 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 27 ഉം സമ്പർക്കം വഴി. മലപ്പുറത്ത് 4 ക്ലസ്റ്ററുകളാണ്. സമ്പർക്കം വഴി പല മേഖലകളിലും രോഗവ്യാപനം ഉണ്ടാകുന്നതിനാൽ ജില്ല അതീവജാഗ്രതയിലാണ്.

പൊന്നാനി താലൂക്കിൽ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, മുനിസിപ്പൽ കൗൺസിലർ, വിവിധ ഓഫിസുകളിലെ ജീവനക്കാർ ഇങ്ങനെ 25 ൽ അധികം വ്യക്തികൾക്ക് ഉറവിടം വ്യക്തമാകാതെ സമ്പർക്കത്തിലൂടെ രോഗം സ്ഥീരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് കർശന നിയന്ത്രണമാണ്. 7266 ആന്റിജൻ ടെസ്റ്റ് പൊന്നാനിയില്‍ നടത്തി. അതിൽ 89 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്.

പൊന്നാനിയിൽ സ്ഥിതിയുടെ പശ്‍ചാത്തലത്തിൽ നഗരസഭാ പരിധിയിൽ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ആക്കി. മെഡിക്കൽ ആവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യകാര്യങ്ങൾക്കുമല്ലാതെ ആളുകൾ പുറത്തിറങ്ങരുത്. അവശ്യവസ്തുക്കൾ വാങ്ങുന്നതുൾപ്പെടെയുള്ള അത്യാവശ്യകാര്യങ്ങൾക്കു പുറത്തിറങ്ങുന്ന ആളുകൾ നിര്‍‌ബന്ധമായും റേഷൻ കാർഡ് കൈവശം വയ്ക്കണം,

പാലക്കാട് 48 പേർ രോഗികളായി. ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയായി. പാലക്കാട് മെഡിക്കൽ കോളജും മാങ്ങോട് കേരള മെഡിക്കൽ കോളജും ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളായി പ്രവർത്തിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രി ഒറ്റപ്പാലം, മണ്ണാർക്കാട് താലൂക്ക് ആശുപത്രികളിൽ എന്നിവിടങ്ങളിൽ ഐസലേഷൻ വാർഡ് സജ്ജമാക്കി. കഞ്ചിക്കോട് കിൻഫ്രയിൽ 1000 ബെഡ് സൗകര്യത്തോടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ നടപ്പാക്കുന്നുണ്ട്.

അട്ടപ്പാടിയിലെ പുതൂർ, ഷോളയൂർ, അഗളി പഞ്ചായത്തുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി. എറണാകുളത്ത് 47 രോഗികൾ. 30 പേർക്ക് സമ്പർക്കം വഴിയാണ്. അഞ്ചു പേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ 45 കണ്ടെയ്ൻമെന്റ് സോണുകളുണ്ട്. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീക്ക് കോവി‍ഡ് ബാധിച്ചതോടെയാണ് ചെല്ലാനം മേഖലയില്‍ പരിശോധന നടത്തിയത്. ഇവരുടെ കോൺട്രാക്ട് ട്രേസിങ്ങിൽ 123 പ്രൈമറി കോൺടാക്ടും 243 സെക്കൻഡറി കോൺടാക്ടും കണ്ടെത്തി. എല്ലാ പ്രൈമറി കോൺടാക്ടിലും ടെസ്റ്റ് നടത്തി. 13 പോസിറ്റീവ് കേസ് കണ്ടെത്തി.

സർവയലൻസ് ശക്തമാക്കി. ജൂലൈ 9,10 തീയതികളിൽ ഫീൽഡ് ടീം പ്രദേശം സന്ദർശിച്ച് രോഗലക്ഷണമുള്ളവരെ കണ്ടെത്തി. ആലുവ മാർക്കറ്റിനെ ക്ലസ്റ്റർ എന്ന നിലയിൽ പരിഗണിച്ച് അടിയന്തര നടപടികളെടുത്തു. എല്ലാ പ്രൈമറി കോൺടാക്ടുകളെയും ടെസ്റ്റ് നടത്തി. അതിനായി മൊബൈൽ സ്വാബ് കളക്‌ഷൻ ടീമുകളെ നിയോഗിച്ചു. 448 സാംപിളുകൾ ശേഖരിച്ചു. 24 പോസിറ്റീവ്. തൃശൂരിൽ 29 പേർക്ക് രോഗബാധ. മുളംകുന്നത്തുകാവ് ഇഎസ്ഐ ആശുപത്രി, കൊരട്ടി ത്വക്ക് രോഗആശുപത്രി ഇവയെല്ലാം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി.

നാട്ടികയിൽ എം.എ.യൂസഫലിയുടെ കെട്ടിടം സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കാൻ വിട്ടുനൽകിയിട്ടുണ്ട്. 1000 ബെഡ് ഇവിടെ തയാറാക്കും. മാര്‍ക്കറ്റുകളിൽ കർശന നിയന്ത്രണമാണ്. തൃശൂർ പൊലീസ് ഓപറേഷൻ ഷീൽഡ് ദൗത്യം നടപ്പാക്കി വരുന്നു. തൃശൂർ മെഡിക്കൽ കോളജിൽ വൈറോളജി ലാബുകൾ പ്രവർത്തിക്കുന്നതിന് പുറമേ 2 നെഗറ്റീവ് പ്രഷർ ഓപറേഷൻ തിയേറ്ററുകൾ സജ്ജമാക്കുകയും പ്ലാസ്മ ചികിത്സ ആരംഭിക്കുകയും ചെയ്തു.

കണ്ണൂരിൽ 19 പേർക്കാണ് രോഗബാധ. കോവിഡ് ചികിത്സയ്ക്ക് കൂടുതൽ സംവിധാനം ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ആദ്യത്തെ ഫസ്റ്റ്‍ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പരിയാരം ആയുർ‌വേദ ആശുപത്രി പ്രവർത്തനം ആരംഭിച്ചു. എല്ലാ മാർക്കറ്റുകളിലും ലോറി ജീവനക്കാർക്ക് വിശ്രമ സൗകര്യം ഒരുക്കുന്നുണ്ട്. കണ്ണൂർ മിംസ് ആശുപത്രിയെ കോവിഡ് ചികിത്സാ കേന്ദ്രമാക്കി. കാസർകോട് 18 പേർക്ക് രോഗം ബാധിച്ചു. 7 പേർക്ക് സമ്പർക്കം. 2 പേർക്ക് എവിടെനിന്ന് ബാധിച്ചെന്ന് വ്യക്തമല്ല.

മൂന്നാം ഘട്ട രോഗവ്യാപനം ആരംഭിച്ച ശേഷം ആദ്യമായി കാസർകോട് ജില്ലയില്‍ വെള്ളിയാഴ്ച 12 പേർക്ക് സമ്പർക്കം വഴി രോഗം ബാധിച്ചിരുന്നു. 4 പച്ചക്കറി കടകളിൽനിന്നും 1 പഴവിൽപന കടയിൽനിന്നുമാണ് ഇതിൽ 5 പേർക്ക് രോഗം ബാധിച്ചത്. രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മാർക്കറ്റ് പ്രദേശങ്ങളിൽ ജൂലൈ 17 വരെ നിയന്ത്രണങ്ങളുണ്ട്. കാസര്‍കോട് നിന്ന് മംഗളൂരുവിൽ പോയി പച്ചക്കറി കൊണ്ടുവരുന്ന വാഹനങ്ങൾക്ക് പ്രത്യേക പാസ് ഏർപെടുത്തും.

540 പേരെ കിടത്തി ചികിത്സിക്കാവുന്ന ടാറ്റ കോവിഡ് ആശുപത്രിയുടെ നിർ‌മാണം അവസാന ഘട്ടത്തിലാണ്. ഈ മാസം കൊണ്ടു പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കൊല്ലത്ത് 18 പേർക്ക് രോഗം ബാധിച്ചു. സമ്പർക്കം 7. ഉറവിടം വ്യക്തമാകാത്തത് 2. കൊല്ലത്ത് മത്സ്യവിൽപനക്കാരായ മൂന്ന് പേർക്ക് രോഗം ബാധിച്ചത് ആശങ്കയുണ്ടാക്കുന്നതാണ്. ഇവരിൽനിന്ന് സമ്പർക്കത്തിലൂടെ 15 ഓളം പേർക്ക് രോഗംബാധിച്ചു. വിൽപന നടന്ന സ്ഥലം, വാസസ്ഥലം ഇവിടങ്ങളിൽ അതീവ ജാഗ്രത പുലര്‍ത്തുന്നു.

സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കി സംശയമുള്ളവരുടെ പരിശോധന നടത്തിവരുന്നു. ജില്ലയിൽ ഇന്നലെയാണ് വിദേശത്തിനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരെക്കാൾ സമ്പ‍ർക്കരോഗികൾ എണ്ണത്തിൽ മുന്നിൽവന്നത്. കോവിഡ് രോഗികളെ ചികിത്സിക്കാൻ നിലവിലെ പാരിപ്പള്ളി മെ‍ഡിക്കൽ കോളജിന് പുറമേ വാളകം മേഴ്സി ആശുപത്രി പ്രഥമ പരിശോധനയ്ക്കായി തയാറാക്കി. ഇന്ന് കോഴിക്കോട് 17 പേർക്ക് രോഗ‌ം ബാധിച്ചു. സമ്പ‍ർക്കം വഴി 8 പേർക്ക്. വലിയങ്ങാടി, പാളയം, എസ്എം സ്ടീറ്റ്, സെൻട്രൽ മാർക്കറ്റ് ഇവ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു.

English Summary: CM Pinarayi Vijayan Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com