ADVERTISEMENT

ന്യൂ‍ഡൽഹി∙ ലഡാക്ക് പാംഗോങ് തടാകത്തിന് സമീപത്തെ ഫിംഗര്‍ 4 പ്രദേശത്തെ ചൈനീസ് സാന്നിധ്യം കുറയുന്നതായി ഉപഗ്രഹ ചിത്രങ്ങൾ. ജൂലൈ പത്തിന് പുറത്തുവന്ന ചിത്രങ്ങളാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടത്. നേരത്തേയുള്ള ചിത്രങ്ങളിൽ പ്രദേശത്തു നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതായി കാണാമായിരുന്നു. ടെന്റുകളും ഷെഡുകളും ഉൾപ്പെടെ നൂറു കണക്കിന് ചൈനീസ് നിർമിതി‌കൾ ഫിംഗർ 4 ൽ കാണാമായിരുന്നു. എന്നാൽ പുതിയ ചിത്രങ്ങളിൽ ചൈനീസ് സാന്നിധ്യം കുറയുന്നതായി വ്യക്തമാണ്.

മേഖലയിൽനിന്ന് ചൈനീസ് സൈന്യം ഭാഗികമായി പിന്നോട്ടുപോയതായാണു ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്കൈസാറ്റ് ഉപഗ്രഹത്തിൽനിന്ന് പകർത്തിയ ചിത്രങ്ങളാണ് ഇതിന് ആധാരം. പുതിയ ചിത്രങ്ങൾ പ്രകാരം ചൈനീസ് വാഹനങ്ങളും നിർമിതികളും ഫിംഗർ 4ൽനിന്ന് ഫിംഗർ 5ലേക്കാണു നീക്കിയത്. പാംഗോങ് തടാകക്കരയിൽ ചൈനീസ് ഭാഷയായ മാൻഡരിൻ അക്ഷരങ്ങളും ഭൂപടവും വരച്ചു വച്ചിരുന്നതും ഇപ്പോള്‍ മറഞ്ഞിട്ടുണ്ട്.

ഫിംഗർ 4ൽ ചൈനയുടെ ചെറിയ ക്യാംപുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എങ്കിലും ക്യാംപുകൾ ഇനിയും ബാക്കിയുള്ളതായി കാണാം. ഫിംഗർ 4നും ഫിംഗർ 5നും ഇടയിലെ ചൈനീസ് സൈന്യത്തിന്റെ ചില ക്യാംപുകള്‍ക്കു കാര്യമായ മാറ്റങ്ങളില്ല. ചില ടെന്റുകളിൽ നിന്ന് ടാർപോളിൻ നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും സൈനികർ ഇവിടെ തുടരുന്നു. പ്രദേശത്തെ സൈനികരെ പൂർണമായും നീക്കുന്ന വിഷയമാകും അടുത്ത ഇന്ത്യ–ചൈന കമാൻഡർതല കൂടിക്കാഴ്ചയിൽ ചർച്ചയാകുക. ഇരു വിഭാഗങ്ങളിലെയും സൈനികരെ ഇനി എങ്ങനെ വിന്യസിക്കണമെന്ന കാര്യത്തിലും അടുത്ത ആഴ്ച നടക്കുന്ന ചർച്ചയിൽ‌ തീരുമാനമായേക്കും.

ഹോട് സ്പ്രിങ്സ്, ഗോഗ്ര, ഗൽവാൻ താഴ്‍വര എന്നിവിടങ്ങളിൽ ഇന്ത്യയും ചൈനയും മൂന്ന് കിലോമീറ്റർ വരുന്ന ബഫർ സോണുകളുടെ നിര്‍മാണം പൂർത്തിയാക്കിയിട്ടുണ്ട്. തർക്കപ്രദേശങ്ങളില്‍നിന്നുള്ള സൈനികരുടെ പിന്‍മാറ്റം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. കിഴക്കൻ ല‍ഡാക്കിന്റെ പല ഭാഗങ്ങളിലും എട്ട് ആഴ്ചയോളം ഇന്ത്യ– ചൈന സൈനികർ നേർക്കു നേർ വന്നതിനു ശേഷമാണ് ഇപ്പോഴത്തെ പിൻമാറ്റം.

English Summary: Partial Chinese Withdrawal From Fingers Area Along Pangong Lake: Satellite Pics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com