ADVERTISEMENT

ന്യൂഡൽഹി ∙ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കുന്ന അയൽരാജ്യത്തെ പുതിയ സാഹചര്യങ്ങള്‍ മുതലെടുത്തു കുതികാല്‍ വെട്ടാനുള്ള തയാറെടുപ്പിൽ ഇന്ത്യ. വമ്പന്‍ ടെക്‌നോളജി കമ്പനികളടക്കമുള്ള നിക്ഷേപകരെ ചൈനയില്‍നിന്ന് ഇന്ത്യയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാനാണു രാജ്യം ഒരുങ്ങുന്നത്. ഇന്ത്യയുടെ എഫ്ഡിഐ നിയമങ്ങളില്‍ വീണ്ടും ഇളവു നല്‍കി വിദേശ കമ്പനികളെ സ്വീകരിക്കാനാണു നീക്കം. ഖനനം, ബാങ്കിങ്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് എന്നിവയ്ക്കു പുറമെയായിരിക്കും കൂടുതല്‍ ഇളവുകളെന്നു വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.

ആഗോള തലത്തില്‍ പല കമ്പനികളും ചൈനാ ബന്ധം വിച്ഛേദിക്കാനോ കുറയ്ക്കാനോ തക്കംപാര്‍ത്തിരിക്കുന്ന സമയമാണിത് എന്നതാണു സുവര്‍ണാവസരം വന്നുവെന്ന് ഇന്ത്യയ്ക്കു തോന്നാന്‍ കാരണം. അമേരിക്കന്‍ കമ്പനികളടക്കം ചൈനയിലെ ഉത്പാദന കേന്ദ്രങ്ങള്‍ മാറ്റി സ്ഥാപിക്കാനോ അവയ്ക്കു ബ്രാഞ്ചുകള്‍ സ്ഥാപിക്കാനോ ശ്രമിക്കുന്ന അവസരമാണിത്. കോവിഡും യുഎസ്-ചൈന വാണിജ്യ യുദ്ധവും ഉണ്ടാക്കിയ സവിശേഷ സാഹചര്യം അനുകൂലമാക്കാമെന്നാണ് ഇന്ത്യന്‍ ബുദ്ധികേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കമാണ് ഇപ്പോള്‍ ഇന്ത്യയെ പ്രകോപിപ്പിച്ചിരിക്കുന്നത്.

സ്വദേശ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. പുതിയ എഫ്ഡിഐ നിയമങ്ങള്‍ വരുന്ന ആഴ്ചകളില്‍ പ്രഖ്യാപിച്ചേക്കും. ഇന്ത്യയില്‍ അധികാരികളുടെ അംഗീകാരം നേടല്‍, ബ്യൂറോക്രാറ്റിക് നടപടികള്‍ തുടങ്ങിയവ ഇനിയും ലളിതമാക്കുക എന്നതായിരിക്കും പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇന്ത്യയെ നിര്‍മാണ കേന്ദ്രമാക്കാന്‍ ആഗ്രഹിക്കുന്ന വിദേശകമ്പനികള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചുവുപ്പുനാടയില്‍ കുരുങ്ങില്ലെന്ന് ഉറപ്പുവരുത്താനാണു സർക്കാർ ശ്രമിക്കുന്നത്. നിരവധി കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണനയിലുണ്ട്. ഖനന മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും. കൂടുതല്‍ മേഖലകളില്‍ എഫ്ഡിഐയും അനുവദിക്കും. പുതിയ വ്യവസായ നയവും പ്രഖ്യാപിച്ചേക്കും.

pangong-india-china
അതിർത്തിയിലെ സംഘർഷ പ്രദേശമായ പാംഗോങ് തടാകം.

വ്യാവസായിക ആവശ്യങ്ങള്‍ക്കു പ്രോത്സാഹനം നല്‍കാനായി പുതിയ വന നയവും നടപ്പാക്കും. ബാങ്കിങ് മേഖലയിലും ക്യാപിറ്റല്‍ മാര്‍ക്കറ്റ് മേഖലയിലും എന്തെല്ലാം പരിഷ്‌കാരങ്ങളാണു വരുത്താനാവുക എന്ന കാര്യവും പരിഗണിക്കുകയാണെന്നു മന്ത്രി വെളിപ്പെടുത്തി. കഴിഞ്ഞ 30-40 ദിവസത്തിനിടയ്ക്കു വ്യവസായ പ്രവര്‍ത്തനങ്ങള്‍, കോവിഡ് ബാധയ്ക്കു ശേഷം പൂര്‍വസ്ഥിതിയിലേക്ക് എത്തിയതായി അദ്ദേഹം പറഞ്ഞു. വൈദ്യുതിയുടെ ഉപയോഗം തിരിച്ച് 90 ശതമാനത്തിലെത്തി. ജിഎസ്ടി ടാക്‌സ് ശേഖരണവും മെച്ചപ്പെട്ടു. ഇന്ത്യയ്ക്ക് അതിവേഗം പൂര്‍വസ്ഥിതി പ്രാപിക്കാനാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

English Summary: To wean business away from China, India eased FDI norms likely

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com