ADVERTISEMENT

തിരുവനന്തപുരത്തെ പഴയ വിമാനത്താവളത്തില്‍ 15 സൂപ്രണ്ടുമാരും 52 ഇന്‍സ്‌പെക്ടര്‍മാരുമാണ് കസ്റ്റംസിനുണ്ടായിരുന്നത്. ഇപ്പോഴുള്ളത് 15 സൂപ്രണ്ടുമാരും 14 ഇന്‍സ്‌പെക്ടര്‍മാരും. ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം അധികൃതര്‍ പരിഗണിച്ചിട്ടില്ല. അധികജോലി ഭാരവും സമ്മര്‍ദവുമെല്ലാം മറികടന്നാണ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിക്കുന്നത്. എന്തു റിസ്‌ക് എടുത്താലും കുറ്റവാളികളെ പിടികൂടാന്‍ തയാറായി ഇറങ്ങുന്ന ഉദ്യോഗസ്ഥരാണ് കസ്റ്റംസിന്റെയും ഡിആര്‍ഐയുടെയും കരുത്ത്. സംശയിക്കാന്‍ ഒരു പഴുതുമില്ലാത്ത കേസുകളില്‍ കൃത്യമായ നിരീക്ഷണത്തോടെ സ്വര്‍ണം പിടികൂടിയ ഉദ്യോഗസ്ഥരുണ്ട്. ചില സംഭവങ്ങളിലൂടെ:

വര്‍ഷങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് വിമാനത്താവളത്തില്‍ സാധാരണ ടേബിള്‍ ലാംപുമായി ഒരു യാത്രക്കാരനെത്തി. പ്രത്യേകതകളൊന്നും ഇല്ലാത്ത ഒരു ടേബിള്‍ ലാംപാണെങ്കിലും ഉദ്യോഗസ്ഥന്റെ മനസ്സില്‍ ഒരു സംശയം. നീണ്ട പരിശോധനയ്ക്കുശേഷം സഹപ്രവര്‍ത്തകര്‍ കയ്യൊഴിഞ്ഞെങ്കിലും ഉദ്യോഗസ്ഥന്റെ സംശയം മാറിയില്ല. ടേബിള്‍ ലാംപിന്റെ ഉടമസ്ഥന്‍ ഒരു ചെറുപ്പക്കാരനാണ്. അത് തുറന്നു പരിശോധിക്കട്ടേ എന്നു ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോള്‍ അയാള്‍ക്കും സമ്മതം. ലാംപ് ഉറപ്പിച്ചിരിക്കുന്ന കുഴലെല്ലാം ലൈറ്റടിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ലാംപിന്റെ ചട്ടക്കൂട് ഗ്രാനൈറ്റ് കഷ്ണത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. പുറമേ കൃത്രിമം നടത്തിയതിന്റെ തെളിവില്ല. 800 രൂപയോളം വില വരുന്ന ലാംപിന്റെ ഗ്രാനൈറ്റ് ചട്ടക്കൂട് പൊളിക്കാന്‍ ഉദ്യോഗസ്ഥന്‍ തീരുമാനിച്ചു. സ്വര്‍ണം കിട്ടിയില്ലെങ്കില്‍ ലാംപിന്റെ പണം സ്വന്തം കയ്യില്‍നിന്ന് നല്‍കാമെന്ന ഉറപ്പും മേലുദ്യോഗസ്ഥര്‍ക്ക് നല്‍കി. ഗ്രാനൈറ്റ് കഷ്ണത്തിന്റെ മുകള്‍ ഭാഗം പൊട്ടിച്ചു. അതിനടിയില്‍ തടികൊണ്ടുള്ള അറ. അതും പൊട്ടിച്ചപ്പോള്‍ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ ഒരു കിലോ വരുന്ന സ്വര്‍ണക്കട്ടകള്‍. കാര്‍ബണ്‍ പേപ്പര്‍ വച്ച് പൊതിഞ്ഞാല്‍ എക്‌സ്‌റേയില്‍ പിടിക്കാന്‍ കഴിയില്ലെന്ന വിശ്വാസത്തിലായിരുന്നു കടത്തലുകാര്‍.

സ്വപ്ന സുരേഷ്, സന്ദീപ് നായർ, റമീസ്
സ്വപ്ന സുരേഷ്, സന്ദീപ് നായർ, റമീസ്

ദുബായിലെ സ്വര്‍ണ മാര്‍ക്കറ്റുകളില്‍ സ്വര്‍ണം പാക്ക് ചെയ്യുന്ന വിദഗ്ധരുണ്ട്. ഉപകരണത്തിലും വസ്ത്രത്തിലും ശരീരത്തിലുമെല്ലാം സ്വര്‍ണം ഒളിപ്പിക്കാന്‍ പല മാര്‍ഗങ്ങളറിയാവുന്നവര്‍. ഇവർ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടണമെങ്കില്‍ ഉദ്യോഗസ്ഥരും ജാഗരൂകരായിരിക്കണം. പാക്കിങ്ങിലെ വൈദഗ്ധ്യം മറികടന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ സ്വര്‍ണം പിടികൂടിയതിങ്ങനെ:

എസിയുടെ അറ്റകുറ്റപ്പണിക്കുള്ള ഗ്രീസെന്ന പേരില്‍ 2 ട്യൂബുകളെത്തി. രേഖകളെല്ലാം കൃത്യം. എങ്കിലും സംശയം തോന്നി ഉദ്യോഗസ്ഥര്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. സാധാരണ ട്യൂബിന് 300 ഗ്രാമാണ് ഭാരമെങ്കില്‍ ഇതിനു ഭാരം കൂടുതലായിരുന്നു. ഉദ്യോഗസ്ഥര്‍ ട്യൂബ് മുറിച്ചു. അകത്ത് കട്ടിയുള്ള മറ്റൊരു പ്ലാസ്റ്റിക് ട്യൂബ്. പുറത്ത് ഗ്രീസ് പുരട്ടിയിട്ടുണ്ട്. ആ ട്യൂബും ഉദ്യോഗസ്ഥര്‍ മുറിച്ചു. ആറ് ഇഞ്ച് കനമുള്ള ട്യൂബില്‍ ഒരു പവന്‍തൂക്കം വരുന്ന നിരവധി സ്വര്‍ണ നാണയങ്ങള്‍ ചേര്‍ത്ത് ഒട്ടിച്ച നിലയില്‍ കണ്ടെത്തി.

Gold-smuggling-bar

മിക്ക കേസുകളും പിടിച്ചാലും ഏതെങ്കിലും ഒരു കേസ് പിടികൂടാന്‍ സാധിക്കാതെ വരികയും അത് മറ്റേതെങ്കിലും ഏജന്‍സി പിടികൂടുകയും ചെയ്താല്‍ അപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സംശയമുന നീളും. ഉദ്യോഗസ്ഥര്‍ അനുഭവിക്കുന്ന വലിയ സമ്മര്‍ദമാണിത്. സ്വര്‍ണം ആര്‍ക്കുവേണ്ടി കടത്തുന്നു, എങ്ങോട്ടു പോകുന്നു ഈ ചോദ്യങ്ങള്‍ ഏപ്പോഴും ഉയരാറുണ്ട്. ഇതു കണ്ടെത്തുന്നത് പ്രയാസമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വര്‍ണം കൊണ്ടുവരുന്നയാള്‍ക്കും കൊടുക്കുന്നയാള്‍ക്കും തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ല. പദ്ധതി ആസൂത്രണം ചെയ്യുന്നവരാകട്ടെ ഒരിക്കലും വെളിച്ചത്തു വരികയുമില്ല.

കടത്തല്‍ സംഘത്തില്‍ ഓരോ ആളിനും ഓരോ ഡ്യൂട്ടിയാണ്. സംഘത്തിന്റെ ഇത്തരം നീക്കങ്ങള്‍ പൊളിച്ച്, സ്വര്‍ണം എവിടേക്കു കൊണ്ടുപോകുന്നു എന്നറിയണമെങ്കില്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യണം. സ്വര്‍ണം കടത്തുന്നു എന്ന് ഉറപ്പാണെങ്കിലും വിമാനത്താവളത്തില്‍വച്ച് പിടികൂടാതെ കടത്തല്‍കാരനെ പിന്തുടരണം. സംഘത്തെ മനസ്സിലാക്കിയശേഷം അറസ്റ്റു ചെയ്യണം. നീക്കം പാളാനുള്ള സാധ്യതകള്‍ ഏറെയായതിനാല്‍ ഉദ്യോഗസ്ഥര്‍ ഈ വഴി തിരഞ്ഞെടുക്കാതെ വിമാനത്താവളത്തില്‍വച്ചു തന്നെ അറസ്റ്റ് രേഖപ്പെടുത്തും. കോവിഡ് കാലത്തെ ശരീര പരിശോധനയാണ് ഉദ്യോഗസ്ഥര്‍ നേരിടുന്ന മറ്റൊരു വെല്ലുവിളി. വിദേശങ്ങളില്‍ ശരീരം സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന യന്ത്രങ്ങളുണ്ടെങ്കിലും ഇവിടെ അധികം ഉപയോഗത്തിലില്ല. സ്‌കാനിങ് യന്ത്രമുണ്ടെങ്കില്‍ ജോലി എളുപ്പമാകുമായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Content Highlights: Gold Smuggling, Diplomatic Baggage Gold Smuggling, Swapna Suresh, Sandeep Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com