ADVERTISEMENT

ന്യൂഡല്‍ഹി ∙ വെള്ളിയാഴ്ച മുതല്‍ പരസ്പരം രാജ്യാന്തര വിമാനസര്‍വീസുകള്‍ നടത്താന്‍ അനുവദിച്ച് അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ കരാര്‍ ഒപ്പുവച്ചു. വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ജര്‍മനി, ബ്രിട്ടന്‍ എന്നിവരുമായും സമാന ധാരണ ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കരാര്‍ പ്രകാരം ഇന്ത്യയില്‍നിന്ന് എയര്‍ ഇന്ത്യ ഫ്രാന്‍സിലേക്കും യുഎസിലേക്കും സര്‍വീസ് നടത്തും. 

അമേരിക്കന്‍ വിമാന കമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സ് ജൂലൈ 17 മുതല്‍ 31 വരെ ഇന്ത്യക്കും അമേരിക്കയ്ക്കുമിടയില്‍ 18 വിമാനസര്‍വീസുകള്‍ നടത്തും. എയര്‍ ഫ്രാന്‍സ് ജൂലൈ 18 മുതല്‍ ഓഗസ്റ്റ് 1 വരെ ഡല്‍ഹി, മുംബൈ, ബെംഗളൂരു, പാരിസ് എന്നിവിടങ്ങളിലേക്ക് 28 സര്‍വീസുകളാണു നടത്തുന്നത്. 

hardeep-singh-puri
ഹര്‍ദീപ് സിങ് പുരി

യുണൈറ്റഡ് എയര്‍ലൈന്‍സ് ഡല്‍ഹി-നെവാര്‍ക്ക് പ്രതിദിന സര്‍വീസും ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കോ ആഴ്ചയില്‍ മൂന്നു ദിവസവുമാണു സര്‍വീസ് നടത്തുകയെന്ന് മന്ത്രി പുരി പറഞ്ഞു. ബ്രിട്ടനുമായി അടുത്തു തന്നെ ധാരണയിലെത്തും. ദിവസവും രണ്ട് ഡല്‍ഹി-ലണ്ടന്‍ സര്‍വീസുകളുണ്ടാകും. ജര്‍മനിയില്‍നിന്ന് സമാന അപേക്ഷ ലഭിച്ചുവെന്നും ലുഫ്താന്‍സയുമായി ഏകദേശ ധാരണയിലെത്തിയെന്നും മന്ത്രി പറഞ്ഞു. 

വന്ദേ ഭാരത് മിഷന്റെ പേരില്‍ യാത്രക്കാരില്‍നിന്നു പണം വാങ്ങി ഇന്ത്യ ഏകപക്ഷീയമായി വിമാനസര്‍വീസ് നടത്തുന്നുവെന്ന് അമേരിക്ക ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 23 മുതലാണ് രാജ്യാന്തര വിമാനസര്‍വീസുകള്‍ ഇന്ത്യ നിര്‍ത്തിവച്ചത്. മേയ് 25-ന് 45 ശതമാനം ആഭ്യന്തര സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. ദീപാവലി ആകുന്നതോടെ 60 ശതമാനം സര്‍വീസുകളും അനുവദിക്കാനാകുമെന്ന് മന്ത്രി പുരി പറഞ്ഞു.

English Summary: India Announces "Air Bubbles" With US, France; Flights From Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com