ADVERTISEMENT

ന്യൂഡല്‍ഹി∙ രാജ്യമാകെ 6 മുതല്‍ 14 വരെ വയസ്സുള്ള കുട്ടികള്‍ക്ക് പൊതുസിലബസോടെ ഏകീകൃത വിദ്യാഭ്യാസ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണു വാദം കേട്ടത്.

ഐസിഎസ്ഇ, സിബിഎസ്ഇ ബോര്‍ഡുകള്‍ ലയിപ്പിച്ച് 'ഒരു രാജ്യം, ഒരു ബോര്‍ഡ്' ആക്കി പൊതു പാഠ്യപദ്ധതി നടപ്പാക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബോര്‍ഡുകള്‍ ലയിപ്പിക്കുന്നതു കോടതിയുടെ ചുമതലയല്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. നയപരമായ വിഷയത്തില്‍ സര്‍ക്കാര്‍ ആണു തീരുമാനം എടുക്കേണ്ടത്. ഇപ്പോള്‍ തന്നെ കുട്ടികളുടെ ചുമലില്‍ അമിതഭാരമുള്ള ബാഗുകളാണുള്ളത്. കൂടുതല്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ ക്ലേശം വര്‍ധിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ഹര്‍ജിക്കാരനോടു ചോദിച്ചു.

നാഷനല്‍ എജ്യുക്കേഷന്‍ കൗണ്‍സിലോ കമ്മിഷനോ രൂപീകരിച്ച് ഏകീകൃത്യ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കണമെന്നാണു ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. പൊതു പാഠ്യപദ്ധതിയാണെങ്കില്‍ എല്ലാ കുട്ടികള്‍ക്കും തുല്യമായ അവസരം ലഭിക്കുമെന്നും ഉപാധ്യായ പറഞ്ഞു. കോടതി ഇടപെടാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, മാനവവിഭവശേഷി മന്ത്രി എന്നിവര്‍ക്ക് വിശദമായ അപേക്ഷ സമര്‍പ്പിക്കും.

English Summary: SC refuses to entertain petition for uniform education system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com