ADVERTISEMENT

തിരുവനന്തപുരം ∙ ശബരിമല വിമാനത്താവളത്തിനു വേണ്ടി വിലനൽകി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാരിന്റെ നീക്കം നിലവിലുള്ള ഭൂനിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഭൂപരിഷ്കരണ നിയമത്തിന്റെയും ഭൂവിനിയോഗ നിയമത്തിന്റെയും ഗുണഫലങ്ങൾ ലഭിക്കേണ്ടത് സർക്കാരിനും ഭൂരഹിതർക്കുമാണ്.

സർക്കാരിന് അവകാശപ്പെട്ട ഭൂമി നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നവരിൽ നിന്നും വീണ്ടെടുത്ത് ഭൂരഹിതരായ പട്ടികവർഗ - പട്ടികജാതി വിഭാഗങ്ങൾക്കും മറ്റു പാവപ്പെട്ടവർക്കും നൽകാൻ സർക്കാർ ബാധ്യസ്ഥമാണ്. അതു ചെയ്യാതെ കുത്തകക്കാർക്കു പണം നൽകി അവരുടെ കൈവശാവകാശം സാധൂകരിക്കാനാണു സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിലുള്ള ഉടമസ്ഥാവകാശം സർക്കാർ ഉപേക്ഷിക്കുകയും വില നൽകി ഏറ്റെടുക്കുകയും ചെയ്താൽ വിവിധ ഭാഗങ്ങളിൽ കിടക്കുന്ന പാട്ടക്കാലാവധി കഴിഞ്ഞ 5 ലക്ഷം ഏക്കർ ഭൂമിക്കും സർക്കാർ പണം നൽകേണ്ടി വരും.

സ്‌പെഷൽ ഓഫിസറായി നിയോഗിച്ച രാജമാണിക്യത്തിന് അധികാരവും പിന്തുണയും നൽകി പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുക്കേണ്ടതിനു പകരം വിഷയത്തെ നിയമക്കുരുക്കിലാക്കി കോടതിയിൽ മനഃപൂർവം തോറ്റുകൊടുക്കുകയാണ് സർക്കാർ ചെയ്തത്. സർക്കാരിന് വേണ്ടി മുൻ കാലങ്ങളിൽ കേസ് വാദിച്ചു അനുകൂല വിധികൾ സമ്പാദിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഗവ.  പ്ലീഡർ സുശീലാ ഭട്ടിനെ മാറ്റിയത് കോർപറേറ്റ് ശക്തികളുടെ സമ്മർദഫലമായിട്ടാണ്. 

ചെറുവള്ളി എസ്റ്റേറ്റ് വനഭൂമിയായിരുന്നുവെന്ന് 1905 ലെ സെറ്റിൽമെന്റ് റജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദേവസ്വത്തിന്റെ ഭൂമിയും ഇതിലുണ്ടെന്നു രേഖകളിൽ കാണുന്നു. അതിനെയെല്ലാം മറികടന്നാണ് ഹാരിസൺ കമ്പനി 1923ൽ രേഖകൾ ചമച്ചു ഭൂമി കൈവശപ്പെടുത്തിയത്. ജസ്റ്റിസ് മനോഹരൻ കമ്മിഷനും വിജിലൻസും റവന്യു സെക്രട്ടറിയും രാജമാണിക്യവും വിശദമായ അന്വേഷണം നടത്തുകയും രേഖകളെല്ലാം പരിശോധിക്കുകയും ചെയ്തശേഷമാണ് ചെറുവള്ളി എസ്റ്റേറ് സർക്കാരിന്റേതാണെന്നു കണ്ടെത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ ഭൂമിയുടെ പോക്കുവരവ് സർക്കാർ റദ്ദാക്കുകയും ചെയ്തു. വസ്തുത ഇതായിരിക്കെ എസ്റ്റേറ്റിന് വില നൽകി ഏറ്റെടുക്കാനുള്ള നീക്കം പൊതു ഖജനാവിലെ പണത്തിന്റെ ധൂർത്തിനും അഴിമതിക്കും ഇട നൽകും. ഈ നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് അഭ്യർഥിക്കുന്നതായു കുമ്മനം പറഞ്ഞു.

English Summary : Kummanam Rajasekharan on Cheruvally estate issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com