ADVERTISEMENT

ലോകമെമ്പാടും കൊറോണ വൈറസ് താണ്ഡവമാടുമ്പോഴും മഹാരാഷ്ട്രയും ഡൽഹിയും തമിഴ്നാടും കോവിഡിൽ പകച്ചുനിന്നപ്പോഴും കേരളം മഹാമാരിക്കു മുന്നിൽ തലയുയർത്തി നിന്ന കാഴ്ചയായിരുന്നു ഈ മാസം തുടക്കം വരെ. കേരള മോഡലിനെ എല്ലാവരും പുകഴ്ത്തി. കേരളത്തിന്റെ കോവിഡ് പ്രതിരോധം മാതൃകയാക്കണമെന്ന് ലോകാരോഗ്യ സംഘടന വരെ പാടിപ്പുകഴ്ത്തി. കേരളത്തിന്റെ ആരോഗ്യരംഗത്തെ ലോകനെറുകയിലെത്തിച്ച് മന്ത്രി കെ.കെ.ശൈലജയ്ക്കു ഐക്യരാഷ്ട്രസഭയുടെ വെബിനാറിലും ക്ഷണം ലഭിച്ചു. ലോകം മുഴുവനും വാഴ്ത്തിപ്പാടിയ കേരളത്തിന് അടുത്തിടെ എന്തുപറ്റിയെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. 

ഒരു മാസത്തിനിടെയാണ് കേരളത്തിലെ കോവിഡ് രോഗികളിൽ അനിയന്ത്രിതമായ വർധന പ്രകടമാകുന്നത്. പലപ്പോഴും രോഗം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം ഇരട്ടയക്കം കടന്നിരുന്നില്ല. ഈ കണക്ക് പ്രതിദിനം 800 കടക്കുമ്പോൾ കേരളത്തിന്റെ പ്രതിരോധത്തിന് എവിടെയാണ് പിഴച്ചത്. മാർച്ച് 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ 91 സജീവ കോവിഡ് രോഗികൾ മാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവർ 28 പേരും. ജൂലൈ 21 വൈകിട്ടുള്ള കോവിഡ് അവലോകന കണക്കു പരിശോധിക്കുമ്പോൾ 8,056 പേരാണ് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്. ജൂലൈ 21 ന് മാത്രം രോഗം സ്ഥിരീകരിച്ചത് 720 പേർക്കും.

കോവിഡ് കണക്കിലെ കളി മുറുകുമ്പോൾ സമ്പർക്ക രോഗികളുടെ എണ്ണത്തിലും വിശ്വസിക്കാനാവാത്ത വർധനയുണ്ടാകുന്നു. മേയ് 24ന് സംസ്ഥാനമൊട്ടാകെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ അഞ്ചുപേർക്കു മാത്രമാണ് സമ്പർക്കത്തിലൂടെ രോഗബാധ കണ്ടെത്തിയിരുന്നത്. ഈ മാസം ഒന്നിന് 16 പേർക്കു മാത്രമായിരുന്നു സമ്പർക്കത്തിലൂടെ രോഗം പകർന്നത്. എന്നാൽ ജൂലൈ 21 ലെ കണക്കുകൾ പ്രകാരമുള്ള 720 പ്രതിദിന രോഗികളിൽ 583 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെയാണ്. 

ഇടക്കാലംകൊണ്ട് സമ്പർക്ക രോഗികൾ ഇത്രയധികം വർധിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. എന്നാൽ തിരുവനന്തപുരത്ത് പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തുറന്നു സമ്മതിച്ചു. ഇതിനും ദിവസങ്ങൾക്കു മുൻപുതന്നെ കേരളത്തിൽ സമൂഹവ്യാപനമുണ്ടെന്ന ഐഎംഎ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അത് അംഗീകരിക്കാൻ സർക്കാർ തയാറായിരുന്നില്ല. 

സമ്പർക്ക രോഗികൾ വർധിച്ചതിനു പിന്നിലെന്ത്

തുടക്കം മുതൽ സാഹചര്യം നന്നായി കൈകാര്യം ചെയ്തിരുന്ന സംസ്ഥാന സർക്കാരിന് പ്രവാസികളുടെയും ഇതര സംസ്ഥാന മലയാളികളുടെയും തിരിച്ചുവരവോടെ അടിപതറുകയായിരുന്നുവെന്നാണു വിലയിരുത്തൽ. തിരികെ എത്തുന്ന പ്രവാസികൾക്ക് നിർബന്ധിത ക്വാറന്റീൻ എന്ന നിർദേശം നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. സർക്കാർ ക്വാറന്റീന്‍ എന്ന പദ്ധതിയും പാളിയതോടെ സർക്കാർ വിഷമവൃത്തത്തിലായി.

അതിനുപിന്നാലെ ജൂൺ 14ന് ഹോം ക്വാറന്റീനിലുണ്ടായിരുന്ന 2,42,767 പേരിൽ 1,22,040 പേർ ഒറ്റദിവസം ക്വാറന്റീൻ പൂർത്തിയാക്കി ഇറങ്ങിയിരുന്നു. അന്ന് കേരളത്തിലുണ്ടായിരുന്ന സമ്പർക്ക രോഗികൾ വെറും മൂന്ന്. എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ സമ്പർക്ക രോഗികളുടെ എണ്ണം അനിയന്ത്രിതമായ വർധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പുറത്തിറങ്ങിയ ഒന്നേകാൽ ലക്ഷത്തോളം പേരുടെയും സ്രവസാംപിളുകള്‍ പരിശോധിച്ചിരുന്നില്ലെന്നാണു വിവരം. അതിനാൽതന്നെ ഇവരിൽ രോഗികൾ ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല.

നിലവിൽ ഏറ്റവും കൂടുതൽ സമ്പർക്ക കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ് – 2120. കുറവ് വയനാട്ടിലും – 55.

സമൂഹവ്യാപനമോ?

ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വർധിച്ചതോടെ തിരുവനന്തപുരത്തെ പുല്ലുവിളയിലും പൂന്തുറയിലും സമൂഹവ്യാപനം ഉണ്ടായതായി സർക്കാർ സ്ഥിരീകരിച്ചു. കേരളത്തിൽ സമൂഹവ്യാപനം നടന്നതായി ഈമാസം ആദ്യം തന്നെ ഐഎംഎ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. രോഗലക്ഷണങ്ങളില്ലാത്ത രോഗികൾ വർധിക്കുന്നതും കോവിഡ് രോഗികളെ ചികിൽസിക്കാത്ത ആരോഗ്യപ്രവർത്തകർക്കു പോലും രോഗം വരുന്നതുമാണ് ഐഎംഎ ചൂണ്ടിക്കാട്ടിയിരുന്നത്. 

പരിശോധനകളുടെ എണ്ണം കൂടിയതാണ് രോഗികളുടെ എണ്ണത്തിലുള്ള വർധനയ്ക്ക് കാരണമെന്ന് ഐഎംഎ പ്രസി‍ഡന്റ് എബ്രഹാം വർഗീസ് മനോരമ ഓൺലൈനോടു പറഞ്ഞു. ആറു മാസം 10 ലക്ഷം പേര്‍ക്ക് 300 – 400 പേരിൽ മാത്രമാണ് പരിശോധന നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ 9000 ത്തിൽ അധികം ടെസ്റ്റുകളാണ് നടത്തുന്നത്. പരിശോധന കൂടുംതോറും കൂടുതല്‍ പോസിറ്റീവ് കേസുകൾ കൂടുന്നത് സ്വാഭാവികമാണെന്ന് അദ്ദേഹം പറയുന്നു.

കൂടാതെ ഇളവുകൾ കൊടുത്തത് പലതും ദുരുപയോഗം ചെയ്യുകയാണ്. കുത്തഴിഞ്ഞ നിലയിലാണ് കാര്യങ്ങൾ പോകുന്നത്. പൗരബോധത്തോടകൂടി എല്ലാവരും പെരുമാറണം. ഓരോ വ്യക്തിയും മുൻകരുതലുകൾ അവരുടെ ഉത്തരവാദിത്തം എന്നു വിചാരിക്കണം. ജനപ്രതിനിധികൾ മാസ്ക് വച്ചാൽ ജനവും അതിനു തയാറാകും. മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം എല്ലാവരും മാസ്ക് വയ്ക്കാൻ തയാറാകണം. സമരങ്ങൾ കോടതി പറഞ്ഞിട്ടല്ല നിർത്തേണ്ടത്. നമുക്ക് സ്വയം ബോധമുണ്ടായാൽ സമരങ്ങൾ നടത്താൻ പോലും ആരും തയാറാകില്ലെന്നും അദ്ദേഹം പറയുന്നു.

വീണ്ടുമൊരു ലോക്ഡൗൺ

കേരളത്തിൽ സമൂഹവ്യാപനമെന്ന് പറയുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് വീണ്ടുമൊരു ലോക്ഡൗൺ ഉണ്ടാകുമോയെന്നാണ്. എന്നാൽ ലോക്ഡൗൺ എന്നുപറയുന്നത് ഏറ്റവും അവസാന മാർഗമാണെന്ന് എബ്രഹാം തോമസ് പറയുന്നു. അതിനു മുൻപ് കഴിയുന്ന മാർഗങ്ങളെല്ലാം സ്വീകരിക്കണം. അകലം പാലിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കണം. ഓരോ പ്രദേശങ്ങളിലായി നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. ഒരു ലോക്ഡൗണ്‍ കഴിഞ്ഞയുടൻ മറ്റൊരു ലോക്ഡൗൺ എന്നത് ഒരിക്കലും നടക്കില്ല. അത് സാമ്പത്തികമായി വലിയ പ്രതിസന്ധിയിലേക്ക് കടത്തിവിടുമെന്നും എബ്രഹാം വർഗീസ് പറഞ്ഞു.

സമൂഹവ്യാപനം നടന്നുവെന്ന് സർക്കാർ അവകാശപ്പെടുന്ന തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗണാണു നടപ്പാക്കിയിരിക്കുന്നത്. ഉറവിടമില്ലാത്ത രോഗികളുടെ എണ്ണവും സമ്പർക്കവും വർധിച്ചതാണ് ലോക്ഡൗണിലേക്ക് നീങ്ങാൻ സർക്കാരിനെ നിർബന്ധിതമാക്കിയത്. തിരുവനന്തപുരത്തിനു പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണം ശക്തമാക്കുകയാണ്. ആലപ്പുഴയും എറണാകുളവും ലോക്ഡൗണിലേക്ക് നീങ്ങുന്ന സാഹചര്യമാണു നിലവിലുള്ളത്.

ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും കോവിഡ്

ഡോക്ടർമാരിലേക്കും ആരോഗ്യപ്രവർത്തകരിലേക്കും കോവിഡ് പടർന്നു പിടിക്കുകയാണ്. തിരുവനന്തപുരത്തുമാത്രം പത്തോളം ഡോക്ടർമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമൂഹവ്യാപനം സ്ഥിരീകരിച്ച ഇവിടെ ആരോഗ്യപ്രവർത്തകർക്കിടയിലും കോവിഡ് വ്യാപിക്കുന്നത് സ്ഥിതി സങ്കീർണമാക്കുന്നു.

English Summary: COVID-19 contact cases rising in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com