ADVERTISEMENT

മുംബൈ∙ കോവിഡ് ബാധിച്ച് മുംബൈയിലെ വാഡിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നൂറോളം കുട്ടികളില്‍ 18 പേര്‍ക്ക് കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായത് അധികൃതരെ ആശങ്കയിലാക്കുന്നു. യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച കുട്ടികള്‍ക്കു കാവസാക്കി ലക്ഷണം കണ്ടിരുന്നു. ഇന്ത്യയില്‍ കഴിഞ്ഞ മാസമാണു സമാനമായ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തത്.

ചര്‍മത്തില്‍ തിണര്‍പ്പോടു കൂടിയ കടുത്ത പനിയാണ് കാവസാക്കിയുടെ പ്രധാന സൂചന. കണ്ണുകളില്‍ ചുവപ്പും തളര്‍ച്ചയും വയറിളക്കവും ഉണ്ടാകും. രക്തക്കുഴലുകളിലെ വീക്കത്തിനും ഹൃദയധമനി തകരാറിനും ഈ രോഗം കാരണമാകും. പീഡിയാട്രിക് മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രം (പിഎംഐഎസ്) എന്നതാണ് ഈ രോഗവാസ്ഥ. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. മുംബൈയില്‍ പിഎംഐഎസ് ബാധിച്ച് രണ്ടു കുട്ടികള്‍ മരിച്ചിരുന്നു. ഇതില്‍ ഒരാള്‍ക്കു കോവിഡും കാന്‍സറും ഉണ്ടായിരുന്നു. രണ്ടാമത്തെ കുട്ടിയെ അതീവ ഗുരുതരാവസ്ഥയിലാണു വാഡിയ ആശുപത്രിയിലെത്തിച്ചതെന്നും ആറു മണിക്കൂറിനുള്ളില്‍ മരിച്ചുവെന്നും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ശകുന്തള പ്രഭു പറഞ്ഞു.

പിഎംഐഎസ് ബാധിക്കുന്ന കുട്ടികള്‍ക്കു കടുത്ത വയറുവേദന, വയറിളക്കം എന്നിവയോടെ മുന്നു നാലു ദിവസം പനി ഉണ്ടാകുമെന്ന് ഡോ. അമിഷ് വോറ പറഞ്ഞു. മുഴുവന്‍ രോഗികള്‍ക്കും പനിയുണ്ടാകും. 80% പേര്‍ക്ക് വയറിളക്കം, ഛര്‍ദി എന്നിവയും 60% കുട്ടികള്‍ക്കു കണ്ണില്‍ ചുവപ്പ്, വായില്‍ പൊള്ളല്‍, ത്വക്കില്‍ തിണര്‍പ്പ് എന്നിവ അനുഭവപ്പെടുമെന്നും ഡോക്ടര്‍ പറഞ്ഞു. ഇത്തരം ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറുടെ സഹായം തേടണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

മുംബൈയില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വാഡിയയിലും മറ്റു ആശുപത്രികളിലുമായി നൂറോളം കുട്ടികളെ പിഎംഐഎസ് ലക്ഷണങ്ങളുമായി പ്രവേശിപ്പിച്ചിട്ടുണ്ട്. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണു സാധാരണയായി പിഎംഐഎസ് റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. എന്നാല്‍ ഇന്ത്യയില്‍ പത്തു മാസം മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കു രോഗം പ്രകടമാകുന്നുണ്ട്. ഐസിഎംആര്‍ ഇതേക്കുറിച്ചു പഠനം നടത്തുകയാണ്. മുംബൈയ്ക്കു പുറമേ ചെന്നൈ, ഡല്‍ഹി, ജയ്പുര്‍ എന്നിവിടങ്ങളിലും സമാന രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രക്തധമനികളുടെ ഭിത്തിയില്‍ പഴുപ്പുണ്ടാകുന്ന അവസ്ഥയാണ് കവാസാക്കി രോഗം. ഇതു മൂലം ഹൃദയത്തിലേക്കുള്ള രക്തചംക്രമണം കുറയും. കുട്ടികളിലാണ് ഈ രോഗം കൂടതലായി കാണപ്പെടുന്നത്. ദേഹത്ത് ചുവന്ന പാടുകളും തടിപ്പും കാണും. പനിയുണ്ടാകും. തൊലി അടര്‍ന്നു പോകുന്ന അവസ്ഥയും ഉണ്ടാകും.

English Summary: PMIS Disease Detected In Mumbai Children With COVID-19, Doctors Worried

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com