ADVERTISEMENT

ന്യൂഡല്‍ഹി ∙ രാജ്യസഭാ സത്യപ്രതിജ്ഞയ്ക്കിടെ മറാഠാ രാജാവ് ഛത്രപതി ശിവാജിയെ പ്രകീർത്തിക്കുന്ന മുദ്രാവാക്യം ചൊല്ലിയ ബിജെപി എംപി ഉദയന്‍രാജെ ഭോസ്‌ലെയുടെ നടപടി ചോദ്യം ചെയ്ത സഭാധ്യക്ഷന്‍ എം.വെങ്കയ്യ നായിഡുവിനെതിരെ പ്രതിഷേധവുമായി നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി). ബുധനാഴ്ച നടന്ന സത്യപ്രതിജ്ഞയ്ക്കിടെയാണു സംഭവം. പ്രതിഷേധ സൂചകമായി 20 ലക്ഷം കത്തുകള്‍ നായിഡുവിന് അയയ്ക്കാനാണ് എന്‍സിപിയുടെ തീരുമാനം.

രാജ്യസഭയില്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിയതിനുശേഷമാണ് ഭോസ്‌ലെ ‘ജയ് ഭവാനി, ജയ് ശിവാജി’ എന്ന മുദ്രാവാക്യം മുഴക്കിയത്. എന്നാല്‍ അധ്യക്ഷനായ നായിഡു ഇതിനെതിരെ വിമര്‍ശനമുന്നയിച്ചു. ‘ഇതു വീടല്ല, എന്റെ ചേംബറാണ്. സത്യപ്രതിജ്ഞ അല്ലാതെ മറ്റൊന്നും റെക്കോര്‍ഡ് ചെയ്യപ്പെടില്ല. സഭയില്‍ ഒരു മുദ്രാവാക്യങ്ങളും ഉയര്‍ത്താന്‍ അനുമതിയില്ല. ഭാവിയിലും ഇക്കാര്യങ്ങള്‍ മനസ്സില്‍ വയ്ക്കണമെന്നും നായിഡു പറഞ്ഞു.

എന്നാല്‍ നായിഡുവിന്റെ പ്രസ്താവന ബഹുമാനമര്‍ഹിക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി എന്‍സിപി, ശിവസേന നേതാക്കള്‍ രംഗത്തെത്തി. ബിജെപി ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്ന് ശിവസേന ആരോപിച്ചു. ശിവാജിയുടെ പേരില്‍ അധികാരത്തിലെത്തിയ ബിജെപി ഔറംഗസേബിനെ പോലെയാണ് പെരുമാറുന്നതെന്നും ശിവാജിയുടെ ആദര്‍ശസൂക്തം പോലും അവര്‍ക്ക് സഹനീയമല്ലെന്നും മഹാരാഷ്ട്ര കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.

ഭോസ്‌ലെയുടെ മുന്‍ പാര്‍ട്ടിയായ എന്‍സിപിയുടെ യുവജനവിഭാഗം നായിഡുവിന് ജയ് ഭവാനി, ജയ് ശിവാജിയെന്നു കുറിച്ച 20 ലക്ഷം കത്തുകള്‍ പ്രതിഷേധസൂചകമായി അയയ്ക്കുമെന്നു പറഞ്ഞു. 

അതേസമയം, സത്യപ്രതിജ്ഞാ വാചകം മാത്രമേ ചൊല്ലാന്‍ പാടുള്ളൂവെന്നാണ് നായിഡു പറഞ്ഞതെന്നും ശിവാജിയെ അപമാനിക്കുകയായിരുന്നില്ലെന്നും ഭോസ്‌ലെ പറഞ്ഞു. ഛത്രപതി ശിവാജിയുടെ 13-ാം പിൻഗാമിയാണ് ഉദയൻരാജെ. 1995 ൽ മഹാരാഷ്ട്രയിലെ ആദ്യത്തെ ശിവസേന - ബിജെപി സർക്കാരിൽ റവന്യു മന്ത്രിയായിരുന്നു. അന്ന് സത്താറയിൽ നിന്നാണ് ബിജെപി പ്രതിനിധിയായി ജയിച്ചത്. ഭരണം മാറിയ പാടെ എൻസിപിയിലെത്തി. പിന്നീട് വീണ്ടു ബിജെപിയിലെത്തിയിരുന്നു.

English Summary: Slogan controversy in Rajya Sabha: NCP to register protest against Naidu, send him 20 lakh letters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com