ADVERTISEMENT

കൊച്ചി∙ ‘കോവിഡ്19 രോഗം മൂർച്ഛിച്ചതോടെ ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മകളെ ആര് നാട്ടിൽ എത്തിക്കുമെന്നായിരുന്നു ചിന്ത മുഴുവൻ. മിക്കദിവസങ്ങളിലും ഉറക്കം വരാതെ രാത്രിയുടെ നീളം കൂടി...’ കോവിഡ് പോസിറ്റീവായിതോടെ നാലു വയസുകാരി മകളെ ഒറ്റയ്ക്കൊരു മുറിയിലാക്കി അബുദാബിയിലെ ഫ്ലാറ്റിൽ കഴിയേണ്ടി വന്ന ഓർമകൾ പങ്കുവയ്ക്കുകയാണ് കോഴിക്കോട് വെങ്ങളം കാട്ടിലപ്പീടിക സ്വദേശി നിമ്മി.

അബുദാബി ഷാബിയയിൽ ഷൈനിങ് സ്റ്റാർ ഇന്റർനാഷണൽ സ്കൂളിൽ അധ്യാപികയാണ് നിമ്മി. ഭർത്താവ് ലിബീഷ് അവിടെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. താമസിക്കുന്ന ഫ്ലാറ്റിൽ മുറി പങ്കുവയ്ക്കുന്ന ആൾക്കാണ് ആദ്യം കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു അത്. അധികം താമസിക്കാതെ തന്നെ നിമ്മിക്കും ലിബീഷിനും ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. രോഗം ഉണ്ടാവില്ലെന്ന് സ്വയം വിശ്വസിപ്പിക്കാനായിരുന്നു ആദ്യം ശ്രമം. ലക്ഷണങ്ങൾ കൂടി വരികയും കാര്യങ്ങൾ കൈവിട്ടു പോകുകയാണെന്നും തോന്നിയതോടെയാണ് ടെസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. കോവിഡ് പോസിറ്റീവായാൽ എന്തു ചെയ്യുമെന്ന ഭീതിയായിരുന്നു ഒരു വശത്ത്. കൂടെയുള്ള പിഞ്ചു കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയും.

മേയ് 6ന് തന്നെ രണ്ടാളും കോവിഡ് ടെസ്റ്റിന് വിധേയരായി. ഫലം അറിയുന്നതുവരെ പറഞ്ഞറിയിക്കാൻ സാധിക്കാത്ത ടെൻഷനായിരുന്നു. രണ്ടു ദിവസം വേണം ഫലമറിയാൻ.‌ കാത്തിരുന്നിട്ടും ദിവസം അവസാനിക്കുന്നില്ല. ടെൻഷൻ കുറയട്ടെ എന്നു കരുതി സ്കൂളിലെ കുട്ടികൾക്ക് ഓൺലൈനിൽ ക്ലാസെടുത്തു. എട്ടിന് ഉച്ചയോടെ ഫലം വന്നപ്പോൾ രണ്ടാൾക്കും പോസിറ്റീവ്. പ്രതീക്ഷിച്ചതു പോലെ പോസിറ്റീവായതിൽ രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ‘കൺഗ്രാറ്റ്സ്..’ പറഞ്ഞു ചിരിച്ചു തള്ളാൻ ശ്രമിച്ചു. കാര്യമായ സമ്പർക്കം ഒന്നുമില്ലാതെയാണ് കോവിഡ് പോസിറ്റീവായത്. കൊറോണ വൈറസ് ഞങ്ങളെ തേടി വരികയായിരുന്നോ എന്നാണ് സംശയം.

kottayam-covid-time-moments1

കൂടെ ഷെയറിങ്ങിൽ താമസിച്ചിരുന്നവരെ കമ്പനി ഒരുക്കിയ ക്വാറന്റീൻ കേന്ദ്രത്തിലേക്കു മാറ്റി. മോൾക്ക് നെഗറ്റീവായെങ്കിലും അവളെക്കുറിച്ചായി ടെൻഷൻ. അവളെ ഒറ്റയ്ക്ക് താമസിപ്പിക്കണം. ഒരു വീട്ടിൽ മോളെ മാറ്റിക്കിടത്തുക അത്ര എളുപ്പമല്ലെന്നറിയാം. പിന്നെ എന്തിനൊക്കെയോ വേണ്ടിയുള്ള തിരക്കായിരുന്നു. ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുള്ള പോലെ. മകൾക്ക് ഒരു മുറി ക്ലീൻ ചെയ്ത് പ്രത്യേക ടോയ്‍ലറ്റ് സൗകര്യം ഒരുക്കി. തനിയെ കുളിക്കാനും ശുചിമുറി ഉപയോഗിക്കാനുമെല്ലാം പഠിപ്പിച്ചു. ഇന്നു മുതൽ തനിയെ ഭക്ഷണം കഴിക്കണം, ഒറ്റയ്ക്ക് കിടന്നുറങ്ങണം. ആരും കെട്ടിപ്പിടിക്കില്ല എന്നെല്ലാം പഠിപ്പിച്ചു കൊടുത്തു. ആ കുഞ്ഞു മനസ് വേദനിച്ചിട്ടാണെങ്കിലും എല്ലാം സമ്മതിച്ചത് കണ്ടപ്പോൾ സഹിക്കാനാവാത്ത ദുഖം. അവൾക്ക് പ്രത്യേകം പ്ലേറ്റും ഗ്ലാസും എല്ലാം നൽകി. ഭക്ഷണം ഒരുമിച്ചു വെച്ചാലും ഗ്ലൗസും മറ്റും ഉപയോഗിച്ച് അവൾക്ക് വേറെ ഭക്ഷണം നൽകി.

ഇതിനിടെ രോഗം കൂടിക്കൊണ്ടിരുന്നു. എല്ലാ ലക്ഷണങ്ങളും പ്രകടമായി. രുചി വായിൽനിന്ന് എവിടേയ്ക്കോ പോയി ഒളിച്ചതുപോലെ തോന്നി. പച്ചമുളക് വായിലിട്ടു ചവച്ചാലും എരിവു പോലും അറിയാനാവാത്ത അവസ്ഥ. ശരീരം നുറുങ്ങുന്ന വേദന. ഇതിനിടെ പതിവായി സാധനം വാങ്ങുന്ന കടയിൽ വിളിച്ചു പറഞ്ഞതുകൊണ്ട് ഭക്ഷണ സാധനങ്ങൾ കൊണ്ടുവന്നു തരും. വീടിന്റെ വാതിൽക്കൽ വച്ചിട്ടു പോകും. കണക്കെഴുതി വച്ചോളൂ. പിന്നീട് ഒരുമിച്ച് തരാമെന്നു പറഞ്ഞു. അത് അവരും സമ്മതിച്ചതുകൊണ്ട് ഒന്നിനും ബുദ്ധിമുട്ടുണ്ടായില്ല. ഇതിനിടെ അറിഞ്ഞവരെല്ലാം സഹായം വാഗ്ദാനം ചെയ്തു.

മകൾ ഒറ്റയ്ക്കായിപ്പോയതിൽ സുഹൃത്തുക്കളും സങ്കടം പങ്കുവച്ചു. ഉറ്റുസുഹൃത്തുക്കളായ നിത്യയും രമ്യയും മലരും ആര്യയും അഫ്നിത്തയും എല്ലാവരും മകളെ കൊണ്ടുപോകാമെന്നു പറ‍ഞ്ഞു. ഞങ്ങൾക്കൊപ്പം ആയിരുന്നതിനാൽ കുഞ്ഞിന് ഏതു സമയത്തും പോസിറ്റീവാകാം എന്നു തോന്നിയതിനാൽ വേണ്ടെന്നു പറഞ്ഞു. ഒരേ മുറിയിൽ മറ്റൊരു കട്ടിലിലിൽ അവളെ കിടത്തി ഉറക്കി. കെട്ടിപ്പിടിച്ച്, കഥകൾ പറഞ്ഞ് ഉറക്കാൻ ചെല്ലാത്തതിൽ അവൾക്ക് സങ്കടം. രാത്രിയിൽ കരച്ചിൽ തന്നെ. ആദ്യത്തെ രണ്ടു ദിവസം നാലുമണി വരെ ഉറങ്ങാതെ അവൾ എന്നെ നോക്കിയിരുന്നും കിടന്നും സമയം കളഞ്ഞു. എപ്പോഴോ ഉറങ്ങിവീണു.

രോഗവ്യാപനം രൂക്ഷമായ ഡൽഹിയിലെ തെരുവകളിലൊന്നിൽ കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി വരച്ച ചിത്രം.
രോഗവ്യാപനം രൂക്ഷമായ ഡൽഹിയിലെ തെരുവകളിലൊന്നിൽ കോവിഡ് ബോധവൽക്കരണത്തിന്റെ ഭാഗമായി വരച്ച ചിത്രം.

സ്കൂളിൽ വിളിച്ചു പറഞ്ഞപ്പോൾ എല്ലാവരും ധൈര്യം നൽകി. എന്ത് ആവശ്യത്തിനു വേണേലും വിളിക്കണമെന്നു പറഞ്ഞു. രണ്ടാൾക്കും എന്തെങ്കിലും സംഭവിച്ചാൽ മോളുടെ കാര്യം.. അതായിരുന്നു രാത്രി മുഴുവൻ ആലോചിച്ചത്. ആര് അവളെ വീട്ടിലെത്തിക്കും എന്നൊക്കെയാണ് ചിന്ത. എന്തായാലും നാട്ടിൽ രണ്ടു വീടുകളിലെയും മാതാപിതാക്കളോട് പോസിറ്റീവായ വിവരം പറഞ്ഞില്ല. എന്നാലും ധൈര്യം ഉണ്ടെന്നു തോന്നിയ കുറച്ചു പേരോടു മാത്രം പോസിറ്റീവായ വിവരം പറഞ്ഞു. രാത്രികളിൽ ഉറക്കം പോയപ്പോൾ ഫോണിൽ വിളിച്ച് കൂട്ടിരുന്നു ഇതളും രമ്യയും. പോസിറ്റീവായി ആറാം ദിവസം രോഗം രൂക്ഷമായി. ചുമയുടെ ശബ്ദമൊക്കെ മാറി. ഡോക്ടറോട് വിളിച്ചു പറഞ്ഞപ്പോൾ ആശുപത്രിയിൽ പോകാനായിരുന്നു നിർദേശം. അത്യാഹിത വിഭാഗത്തിൽ കാണിച്ചു. ബിപി വളരെ കുറവ്. ഹൃദയമിടിപ്പ് ഉയർന്നു. ഇതോടെ ഡ്രിപ് നൽകി ആറുമണിക്കൂർ നിരീക്ഷണത്തിലാക്കി.

കൂടെയുണ്ടായിരുന്ന അറബ് സ്ത്രീയുടെ വെപ്രാളം കണ്ടപ്പോൾ നമ്മളൊക്കെ മെച്ചമാണെന്നു തോന്നിപ്പോയി. മൂന്നു കുപ്പി ഡ്രിപ് കയറിയതോടെ കുറച്ച് ആശ്വാസമായി. അവിടെ അഡ്മിറ്റാകാൻ ആവശ്യപ്പെട്ടെങ്കിലും വേണ്ട, വീട്ടിൽ ഐസലേഷനിൽ കഴിയാമെന്നു പറഞ്ഞു. ഒരു കവർ നിറയെ മരുന്നും തന്നാണ് വിട്ടത്. പിന്നെ 17നും 27നും എടുത്ത രണ്ട് ടെസ്റ്റുകൾ നെഗറ്റീവായതോടെ ആശ്വാസമായി. ഇതിനിടെ ആറു പ്രാവശ്യം ടെസ്റ്റെടുത്തിട്ടും ഭർത്താവിന് പോസിറ്റീവ് തുടർന്നു. നെഗറ്റീവ് കിട്ടിയപ്പോൾ മുതൽ ക്ലാസെടുക്കാൻ തീരുമാനിച്ചു. ക്ലാസിലെത്തിയപ്പോഴാണ് കണ്ണു നിറഞ്ഞു പോയത്. മക്കൾ എല്ലാവരും എനിക്കു വേണ്ടി പ്രാർഥിക്കുകയായിരുന്നു. അവരുടെ ടീച്ചറുടെ രോഗം മാറി ക്ലാസെടുക്കാൻ വരാൻ.

palakkad-covid-mask

കോവിഡ് നെഗറ്റീവായി ക്വാറന്റീൻ കാലാവധിയും പൂർത്തിയാക്കിയതോടെ മകളെയും കൂട്ടി നാട്ടിലേയ്ക്ക് പോരാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ നാട്ടിലെത്തി ഒരു വീട് വാടകയ്ക്കെടുത്ത് ക്വാറന്റീനിലാണ്. ഭർത്താവ് രോഗം മാറിയതോടെ തിരികെ ജോലിയിൽ പ്രവേശിച്ചു. ഇവിടെ രോഗം വരുന്നവരെയും പ്രവാസികളെയും ഒറ്റപ്പെടുത്തുന്ന ദൃശ്യങ്ങൾ കാണുമ്പോൾ രോഗ വിവരം അറിഞ്ഞ് സഹായവുമായി ഒപ്പം നിന്നവരോട് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല. ജീവിതത്തിൽ ഏതു സാഹചര്യത്തിലും ഒറ്റയ്ക്കാവില്ലെന്നു മനസിലാക്കിത്തന്നത് ഈ കഴിഞ്ഞു പോയ ദിവസങ്ങളാണ്. സ്കൂളിലെ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും മുതൽ എല്ലാ സഹപ്രവർത്തരും. ഭർത്താവിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും. എല്ലാവരോടും എത്ര പറഞ്ഞാലും തീരാത്തത്ര കടപ്പാടുണ്ട്– നിമ്മി പറയുന്നു.

English Summary: Covid Experience of a Teacher in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com