മനുഷ്യക്കടത്തിന് സൈബർവഴി; ആവശ്യപ്പെടുന്നത് മോർഫിങ്ങും അശ്ലീല ചിത്രീകരണവും

human-trafficking-cyber-trafficking
പ്രതീകാത്മക ചിത്രം
SHARE

പാലക്കാട്∙ വാഗ്ദാനങ്ങൾ നൽകി കപ്പലുകളിലും വാഹനങ്ങളിലുമായി സ്ത്രീകളെയും കുട്ടികളെയും അടക്കം സംഘടിതമായി കെ‍ാണ്ടുപേ‍ായി അടിമ പ്രവർത്തനങ്ങൾക്കു ഇരയാക്കുന്നതാണ് ഇപ്പേ‍ാഴും മനുഷ്യക്കടത്ത് (ഹ്യൂമൻ ട്രാഫിക്കിങ്) എന്നു ചിന്തിക്കുന്നെങ്കിൽ തെറ്റി. ഡിജിറ്റൽയുഗത്തിൽ അത് വലിയതേ‍ാതിൽ സൈബർ ട്രാഫിക്കിങ്ങായി മാറിയിരിക്കുന്നു. വ്യക്തിയുടെ വിവരങ്ങളും ചിത്രങ്ങളുമടക്കം കടത്തുകയും അത് ദുരുപയോഗിക്കുകയുമാണ് സൈബർ മനുഷ്യക്കടത്ത്. .സ്ത്രീകളും കുട്ടികളുമാണ് ഇതിന് കൂടുതലും ഇരയാകുന്നതെന്ന് ഇതിനെതിരെ പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ജസ്റ്റിസ് മിഷൻ (ഐജെഎം) ഇന്ത്യ അടക്കമുള്ള പ്രമുഖ സംഘടനകളുടെ പ്രവർത്തകർ പറയുന്നു.

പരമ്പരാഗത മട്ടിലുള്ള ചൂഷണത്തിനും കുറവൊ‍ന്നുമില്ലെങ്കിലും അത്തരം സംഭവങ്ങൾ റിപ്പേ‍ാർട്ടു ചെയ്യപ്പെടുന്നത് കുറവാണ്. മനുഷ്യക്കടത്ത് പുറത്തുവരുന്നതിൽ ഭരണകൂടങ്ങൾ ഭയക്കുന്ന സ്ഥിതിയുണ്ട്. കേ‍ാവിഡിനെ തുടർന്നുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ദുരിതംപേറുന്ന ഭൂരിപക്ഷത്തിനിടയിൽ മനുഷ്യക്കടത്തുസംഘം സജീവമാകാൻ സാധ്യതയുണ്ടെന്ന സൂചനകളെ തുടർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജാഗ്രതാ നടപടികൾ ആരംഭിച്ചു. സംസ്ഥാനങ്ങൾക്കും അതീവജാഗ്രതാ നിർദേശം നൽകി. തദ്ദേശസ്ഥാപനങ്ങളിൽ വാർഡുതലത്തിൽ കുട്ടികളുടെ റജിസ്റ്റർ തയാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ കെ‍ാച്ചി, തിരുവനന്തപുരം നഗരങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കിടയിൽ മനുഷ്യക്കടത്തുസംഘത്തിന്റെ കണ്ണികളുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കിടയിൽ സൈബർ ട്രാഫിക്കിങ്ങാണ് കൂടുതൽ. പണമുണ്ടാക്കാൻ സ്വയം ഈ വലയിൽ ചേരുന്നവരുണ്ട്. എന്നാൽ ഭൂരിഭാഗവും സംഘത്തിന്റെ കൈയിൽപ്പെട്ടുപേ‍ാകുന്നവരാണ്. വ്യക്തികളുടെ ചിത്രങ്ങൾ മേ‍ാർഫുചെയ്തും അശ്ലീല രംഗങ്ങൾ ചിത്രീകരിച്ചും സംഘം ആവശ്യപ്പെടുന്ന രീതിയിൽ ചിത്രങ്ങൾ നൽകാൻ നിർബന്ധിതരാക്കുകയാണ് ചെയ്യുന്നത്. പിന്നീട് സംഘത്തിൽനിന്നു പെട്ടെന്നു മേ‍ാചനമില്ലെന്നതാണ് സ്ഥിതി. ഇത്തരം ദൃശ്യങ്ങൾ വൻതേ‍ാതിലാണ് വിൽക്കപ്പെടുന്നത്. കേ‍ാളജുകൾ കേന്ദ്രീകരിച്ചു മനുഷ്യക്കടത്ത് വിരുദ്ധക്ലബ്ബുകൾ സ്ഥാപിക്കാൻ ആരംഭിച്ചിട്ടുണ്ടെങ്കിലും നടപടി വേഗത്തിലായിട്ടില്ല.

human-trafficking

മനുഷ്യക്കടത്തിനെതിരെ ബേ‍ാധവൽക്കരണം, ചർച്ചകൾ, നിയമസഹായം എന്നിവ നൽകാൻ സംസ്ഥാനത്ത് പാലക്കാട് കേന്ദ്രമാക്കി, കുറ്റകൃത്യങ്ങളിലെ ഇരകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന വിശ്വാസ് എന്ന സംഘടനയും സജീവമാണ്. ലേ‍ാക്ഡൗൺകാലത്ത് കേരളത്തിൽ സൈബർഡേ‍ാം മേധാവി എ‍ഡിജിപി മനേ‍ാജ് എബ്രഹാമിന്റെ നേതൃത്വത്തിൽ നടത്തിയ ഒ‍ാപ്പറേഷൻ ഹണ്ട് എന്ന പേരിലുള്ള റെയ്ഡിൽ സൈബർട്രാഫിക്കിങ് കണ്ണികളായ നിരവധി പേരാണു പിടിയിലായത്. ഡാർക്ക് വെബ് എന്ന പേരിലുള്ള രഹസ്യസൈറ്റുകൾ കേന്ദ്രീകരിച്ചാണ് ഇവരുടെ ഒ‍ാപ്പറേഷനുകൾ. കേ‍ാവിഡിനെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചിട്ടതിനാൽ ഓൺലൈൻ ക്ലാസുകളിൽ സജീവമായ കുട്ടികൾക്കുമേൽ വീട്ടുകാരുടെയും രക്ഷിതാക്കളുടെയും ശ്രദ്ധ വേണമെന്നാണു സന്നദ്ധപ്രവർത്തകരുടെ നിർദേശം.

വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മനുഷ്യക്കടത്തുസംഘങ്ങൾക്കെതിരെ നിയമ നടപടി എടുക്കുന്നതിലും പരിമിതിയുണ്ട്. ദേശീയ ക്രൈം റെക്കേ‍ാർഡ്സ് ബ്യൂറേ‍ായുടെ കണക്കനുസരിച്ച് 2018–ൽ 2465 കേസുകളാണ് റിപ്പേ‍ാർട്ടുചെയ്തത്. എന്നാൽ ഇതേ വർഷം രാജ്യത്തുനിന്നു കാണാതായത് 3,47,524 പേരാണ്. കേരളത്തിൽ ഈ വർഷം ജൂൺ വരെ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കെ‍ാണ്ടുപേ‍ായ 198 കേസുകളുണ്ട്. ഇതിൽ 117 പേരും കുട്ടികളാണ്. 2019 ൽ 224 സ്ത്രീകളെയും 267 കുട്ടികളെയും തട്ടിക്കെ‍ാണ്ടുപേ‍ായെന്നാണു കണക്ക്. റിപ്പേ‍ാർട്ടുചെയ്യപ്പെടാത്ത നിരവധി കേസുകളുണ്ടെന്ന് ഐജെഎം ദക്ഷിണേന്ത്യൻ ലീഗൽ കൺസൽറ്റന്റ് റെനി ജേക്കബ് പറഞ്ഞു. തമിഴ്നാട്ടിൽനിന്ന് ഒൻപതുവർഷത്തിനിടെ മനുഷ്യക്കടത്തിൽപ്പെട്ട 9,781 പേരെ സംഘടന മേ‍ാചിപ്പിച്ചു.

നിർബന്ധിത വ്യഭിചാരം മുതൽ ഭീകരവാദം വരെ

മനുഷ്യക്കടത്തുസംഘത്തിന്റെ കൈകളിൽപ്പെട്ടവർ നിർബന്ധിത ജേ‍ാലി, ലൈംഗികചൂഷണം, മയക്കുമരുന്നു കടത്ത്, നിർബന്ധിത വിവാഹം, നിർബന്ധിത വ്യഭിചാരം, ഭീകര പ്രവർത്തനം എന്നിവയിൽ എത്തപ്പെടുന്നതായി യുഎൻ മനുഷ്യക്കടത്തുവിരുദ്ധ വിഭാഗം വ്യക്തമാക്കുന്നു. കടത്തിന് ഇരയാകുന്നവരിൽ മൂന്നിലെ‍ാന്നും സ്ത്രീകളും കുട്ടികളുമാണെന്നാണു യുഎൻഡിസി കണക്ക്. മനുഷ്യരെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നവരുടെ ക്രൂരത ഒ‍ാർമിപ്പിച്ചും ഇരകളുടെ മേ‍ാചനം ലക്ഷ്യമിട്ടും 2019 മുതലാണ് ഐക്യരാഷ്ട്ര സംഘടന ജൂലൈ 30 ന് മനുഷ്യക്കടത്തുവിരുദ്ധദിനം ആചരിച്ചു തുടങ്ങിയത്. ഇതിനായി ബ്ലൂഹാർട്ട് എന്ന പേരിൽ ലോഗോയും രൂപകൽപന ചെയ്തു.

Content Highlight: World day Against Human Trafficking, Cyber Trafficking Through Dark Web

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA