ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് വ്യാഴാഴ്ച 506 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 794 പേർ രോഗമുക്തി നേടി. പക്ഷേ ഇന്നത്തെ കണക്ക് പൂർണമല്ല. ഐസിഎംആർ വെബ്പോർട്ടലുമായി ബന്ധപ്പെട്ട് ചില ജോലികൾ നടക്കുന്നു. അതുകൊണ്ട് ഉച്ചവരെയുള്ള ഫലമാണ് അതിനകത്ത് ഉള്ളത്. ബാക്കിയുള്ളത് പിന്നീട് വരും. കോവിഡിൽ 2 മരണം ഇന്ന് റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി ആലിക്കോയ (77), എറണാകുളം വാഴക്കുളം സ്വദേശി ബീപാത്തു (65) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 70
കാസര്‍കോട് 28
പത്തനംതിട്ട 59
കൊല്ലം 22
എറണാകുളം 34
കോഴിക്കോട് 42
മലപ്പുറം 32
കോട്ടയം 29
ഇടുക്കി 6
കണ്ണൂര്‍ 39
ആലപ്പുഴ 55
പാലക്കാട് 4
തൃശൂര്‍ 83
വയനാട് 3

നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 220
കാസര്‍കോട് 4
പത്തനംതിട്ട 81
കൊല്ലം 83
എറണാകുളം 69
കോഴിക്കോട് 57
മലപ്പുറം 12
കോട്ടയം 49
ഇടുക്കി 31
കണ്ണൂര്‍ 47
ആലപ്പുഴ 20
പാലക്കാട് 36
തൃശൂര്‍ 68
വയനാട് 17

375 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 29 പേരുടെ ഉറവിടം അറിയില്ല. വിദേശത്തുനിന്ന് 31 പേർ വന്നു. മറ്റു സംസ്ഥാനങ്ങളിവൽനിന്ന് 40 പേർ. ആരോഗ്യപ്രവർത്തകർ 37 പേർ. കഴിഞ്ഞ 24 മണിക്കൂറിൽ 21,533 സാംപിളുകൾ പരിശോധിച്ചു.

നാളെ ബലിപെരുന്നാൾ ആണ്. ത്യാഗത്തിന്റെ സമര്‍പ്പണത്തിന്റെ മനുഷ്യസ്നേഹത്തിന്റെ മഹത്തായ സന്ദേശമാണ് ഈദുൽ അസ്ഹ നമുക്ക് നൽകുന്നത്. ഈ മഹത്തായ മൂല്യങ്ങൾ ജീവിതത്തിൽ പകർത്താൻ പ്രതിജ്ഞ പുതുക്കാനുള്ള അവസരമാകട്ടെ ഈ വർഷത്തെ ഈദ് ആഘോഷം. ലോകമെങ്ങുമുള്ള മലയാളികൾക്ക് ഈദ് ആശംസ നേരുന്നു.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലാണ് ഇത്തവണ ജനങ്ങൾ ഈദ് ആഘോഷിക്കുന്നത്. പതിവ് ആഘോഷങ്ങൾക്കുള്ള സാഹചര്യം ഇപ്പോൾ ലോകത്ത് എവിടെയുമില്ല. വളരെ കുറച്ച് തീർഥാടകരാണ് ഇത്തവണ ഹജ്ജ് കർമം നിർവഹിക്കുന്നത്. ഒഴിച്ചുകൂടാൻ പറ്റാത്ത കര്‍മങ്ങൾ മാത്രമാക്കി ഹദജ്ജ് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇവിടെ പള്ളികളിൽ പെരുന്നാൾ നമസ്കാരം അനുവദിച്ചു. എന്നാൽ ആളുകളുടെ എണ്ണം പരമാവധി കുറച്ചും മറ്റ് മാനദണ്ഡങ്ങൾ പാലിച്ചും നമസ്കാരം നടത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആൾക്കാർ അതു പാലിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർഥിക്കുന്നു.

ഇന്നത്തെ സാഹചര്യത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്ത് പള്ളികളിൽ ഇത്തവണ നമസ്കാരം വേണ്ടെന്നുവച്ച പള്ളികളുണ്ട്. അവരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു. കോവിഡിനൊപ്പം നമ്മൾ സഞ്ചരിക്കാൻ തുടങ്ങിയിട്ട് 6 മാസമാകുന്നു. സർക്കാർ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് അപരിചിതമായ സാഹചര്യത്തെ മുറിച്ചുകടക്കാൻ ശ്രമിക്കുന്നത്. ജനങ്ങൾ ഇക്കാര്യത്തിൽ കാട്ടുന്ന ജാഗ്രതയും പിന്തുണയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജമേകിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ സർക്കാരിന് എന്ത് പങ്കാണുള്ളത് എന്നൊരു ചോദ്യം ഇന്ന് കേട്ടു. കോവിഡ് പ്രതിരോധത്തിന്റെ നാൾ വഴി പരിശോധിച്ചാൽ ആ ചോദ്യത്തിന്റെ ഉത്തരവുമുണ്ടാകും.

ജനവരി 30നാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചതെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾക്ക് അതിലേറെ പഴക്കമുണ്ട്. ജനുവരി രണ്ടാമത്തെ ആഴ്ച മുതൽ ചൈനയിലൊരു പ്രത്യേക തരം സാർസ് വൈറസ് പടരുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ ആരോഗ്യ വകുപ്പ് ഉണർന്നു പ്രവർത്തിച്ചു. അംഗീകരിക്കപ്പെട്ട പ്രോട്ടോക്കോൾ ഇല്ലാതിരുന്ന ഘട്ടത്തിലും പ്രോട്ടോക്കോളും പ്രവർത്തനരേഖയും നിർദേശങ്ങളും തയാറാക്കി. ജനുവരി 30, ഫെബ്രുവരി 2, 4 തീയതികളില്‍ ആദ്യ ഘട്ടത്തിൽ മൂന്ന് കേസുകളാണ് ഉണ്ടായത്. ആ മൂന്ന് കേസുകളിൽതന്നെ ആദ്യ ഘട്ടം ഒതുങ്ങി. ആദ്യം സ്ഥിരീകരിച്ച രാജ്യങ്ങളിൽ രോഗം പടർന്നു പിടിക്കുമ്പോഴാണ് നാം വ്യാപനമില്ലാതെ ആദ്യ ഘട്ടം അതിജീവിച്ചത്.

ഒറ്റദിവസംകൊണ്ട് നിയമിച്ചത് 276 ഡോക്ടർമാരെ

മാർച്ച് എട്ടിന് വിദേശത്തുനിന്ന് എത്തിയവരിൽനിന്ന് രോഗമുണ്ടായതോടെ കേരളത്തിൽ രണ്ടാംഘട്ടം തുടങ്ങി. ലോക്ഡൗൺ പ്രഖ്യാപിക്കുന്ന ഘട്ടത്തിൽ മാർച്ച് 24ന് കേരളത്തിൽ 105 പേരാണ് ചികിത്സയിൽ ഉണ്ടായത്. മേയ് മൂന്നിന് ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയി കുറഞ്ഞു. രണ്ടാംഘട്ടം പിന്നിടുമ്പോൾ 496 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. അതിൽ 165 പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. അൺലോക്ക് പ്രക്രിയ ആരംഭിച്ചതോടെ കോവിഡ‍ിന്റെ മൂന്നാം ഘട്ടത്തിലേക്കു നാം കടന്നു.

സംസ്ഥാന അതിർത്തി വഴിയും എയർപോർട്ട് സീപോർട്ട് വഴിയൊക്കെ കേരളത്തിലേക്ക് ആളുകൾ എത്തി. ഇതുവരെ കേരളത്തിലേക്ക് 6,82,699 പേര്‍ വന്നു. അതിൽ 4,19,943 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നാണ്. 2,62,756 പേർ വിദേശത്തുനിന്ന് വന്നവരാണ്. മൂന്നാംഘട്ടം ഇന്നലെ വരെ 21,298 പേർക്കാണ് രോഗം ബാധിച്ചത്. ഇതു പരിശോധിച്ചാൽ 9099 പേർ കേരളത്തിനു പുറത്തുനിന്ന് വന്നവരാണ്. 12,199 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗമുണ്ടായത്. മൂന്നാം ഘട്ടത്തിൽ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധന പ്രതീക്ഷിച്ചതാണ്. എന്നാൽ രോഗവ്യാപന തോത് പ്രവചിക്കപ്പെട്ട രീതിയിൽ കൂടാതെയാണ് ഇപ്പോഴും മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം പിടിച്ചുനിൽക്കുന്നത്.

ഈ 6 മാസത്തിൽ നാം നടത്തിയ ചിട്ടയായ പ്രവർത്തന ഫലമാണ് പലരും പ്രവചിച്ചപോലെ അപകടത്തിലേക്ക് പോകാതിരുന്നത്. ആരോഗ്യ മേഖലയെ മാത്രം പരിശോധിച്ചാല്‍ സർക്കാർ നടത്തിയ ഇടപെടലുകൾ എത്രത്തോളമെന്നു മനസ്സിലാകും. കോവിഡ് പ്രതിരോധത്തിനായി ഒറ്റ ദിവസം കൊണ്ട് 276 ഡോക്ടർമാരെയാണ് നിയമിച്ചത്. കാസർകോട് മെഡിക്കൽ കോളജ് പ്രവര്‍ത്തന സജ്ജമാക്കി. 273 തസ്തികകള്‍ സൃഷ്ടിച്ചു. 980 ഡോക്ടർമാരെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിച്ചു. 6700 താൽക്കാലിക തസ്തികകളിലേക്ക് എൻഎച്ച്എം വഴി നിയമനം നടത്തി.

ഏറ്റവും താഴെതട്ടിൽവരെ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കോവിഡ് രോഗികൾക്കുമാത്രമായി സജ്ജമാക്കി. 50 മൊബൈൽ‌ മെഡിക്കൽ യൂണിറ്റുകൾ വിവിധ മേഖലകളിൽ പ്രവർത്തനം നടത്തുന്നു. ആശുപത്രികളെ കോവിഡ് ആശുപത്രികളാക്കി മാറ്റി സൗകര്യം സജ്ജമാക്കി. 105, 93 വയസ്സുള്ള രോഗികളെ വരെ ചികിത്സിച്ച് ഭേദമാക്കാൻ കഴിഞ്ഞു. വാർഡുതല സമിതി തുടങ്ങി മുകളറ്റം വരെ നീളുന്ന നിരീക്ഷണ സംവിധാനങ്ങളാണ് സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിൽ കരുത്താകുന്നത്. ഒരാൾ പോലും പട്ടിണി കിടക്കരുത്, ഒരു ജീവി പോലും നമ്മുടെ കരുതലിന് പുറത്താകരുത്. ലോക്ഡൗൺ ഘട്ടത്തിലും അൺലോക്കിലും സർക്കാരിന്റെ നിലപാട് ഇതായിരുന്നു. ലോക്ഡൗണ്‍ ഉണ്ടാക്കുന്ന അതിഗുരുതരമായ സാമ്പത്തിക സാഹചര്യം ഉണ്ട്. ഇതു മറികടക്കാനാണ് 20,000 കോടി രൂപയുടെ പാക്കേജ് സർക്കാർ നടപ്പാക്കിയത്.

60 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശികയില്ലാതെ വിതരണം ചെയ്തു. ക്ഷേമ പെൻഷൻ കിട്ടാത്ത 15 ലക്ഷത്തോളം കുടുംബങ്ങൾക്ക് 1000 രൂപ വീതം നൽകി. വിവിധ ക്ഷേമനിധികളിലെ അംഗങ്ങൾക്ക് വേറെയും ധനസഹായം നല്‍കി. കുടുംബശ്രീ വഴി മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതി വഴി 2000 കോടി രൂപ വിതരണം ചെയ്യാനാണ് പദ്ധതി തയാറാക്കിയത്. അതിൽ 1,84,474 പേർക്കായി 1742 കോടി 32 ലക്ഷം വിതരണം ചെയ്തു. പൊതുവിതരണ സംവിധാനം വഴി 85 ലക്ഷം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. പലവ്യഞ്ജനക്കിറ്റുകൾ സൗജന്യമായി നൽകി. അങ്കണവാടികളിൽനിന്നു നൽകുന്ന പോഷകാഹാരം കുട്ടികൾക്കു വീടുകളിൽ എത്തിച്ചുനൽകി. 26 ലക്ഷം വിദ്യാർഥികൾക്കു സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

സമൂഹഅടുക്കള വഴി ലോക്ഡൗണ്‍ ഘട്ടത്തിൽ ബുദ്ധിമുട്ടിയവർക്ക് സൗജന്യമായും അല്ലാതെയും ഭക്ഷ്യവിതരണം നടത്തി. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ജനകീയ ഭക്ഷണശാലകൾ ആരംഭിച്ചു. ജനങ്ങൾക്ക് അധികഭാരമില്ലാത്ത ഈ കാലഘട്ടത്തെ മറികടക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കി. ഐടി, വ്യവസായം, ചെറുകിട വ്യവസായം, സർക്കാർ കെട്ടിടങ്ങളിൽ വാടകയ്ക്കുള്ള വ്യാപാരികൾ ഇങ്ങനെയുള്ളവയ്ക്കെല്ലാം ആവശ്യമായ ഇളവുകൾ നൽകി. ഇത്തരം ഇടപെടലുകൾ അൺലോക്ക് ഘട്ടത്തിലും തുടരുന്നു. കാർഷിക മേഖലയില്‍ സുഭിക്ഷ കേരളം പദ്ധതി ആരംഭിച്ചത് തൊഴിൽ മേഖലയിലും ഉൽപാദന മേഖലയിലുമുള്ള മാന്ദ്യത്തെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ്.

കാർഷിക മേഖലയിൽ വലിയ ഉണര്‍വ്വ് സുഭിക്ഷ കേരളം പദ്ധതി സാധ്യമാക്കിയിട്ടുണ്ട്. 2 മാസത്തെ ക്ഷേമപെൻഷനും സാമൂഹ്യ സുരക്ഷാ പെൻഷനും ഇപ്പോൾ വിതരണം ചെയ്യുകയാണ്. ഓണത്തിന് മുന്നോടിയായി സൗജന്യ ഭക്ഷണ കിറ്റ് നൽകുന്ന പ്രവർത്തനവും ആരംഭിച്ചു. ഇങ്ങനെയെല്ലാം സാധ്യമായ എല്ലാ ഇടപെടലുകളും നടത്തിയ 6 മാസമാണ് പിന്നിടുന്നത്. കോവിഡിനൊപ്പം തന്നെ ഇനിയും സഞ്ചരിക്കേണ്ടി വരുമെന്നാണു വിദഗ്ധർ നൽ‌കുന്ന മുന്നറിയിപ്പ്. അതിന് സജ്ജമാകുക എന്നതാണു പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

English Summary: Kerala Covid Update, CM Press  Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com