sections
MORE

ആദ്യം ആപ്പുകൾ, ഇപ്പോൾ കളർ ടിവികളും; 15,000 കോടിയിൽ കയ്യിടാനാവാതെ ചൈന

TV
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി ∙ അതിർത്തി സംഘർഷത്തിന്റെ തുടർച്ചയായി ചൈനയ്ക്കെതിരായ നീക്കം കടുപ്പിച്ച് ഇന്ത്യ. മൊബൈൽ ആപ്ലിക്കേഷനുകൾ നിരോധിച്ചതിനു പിന്നാലെ ചൈനീസ് കളർ ടിവികളുടെ ഇറക്കുമതിയിൽ ഇന്ത്യ നിയന്ത്രണമേർപ്പെടുത്തി. ചൈനയിൽ നിന്നുള്ള സ്ഥാപനങ്ങളെ പൊതുസംഭരണ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽനിന്ന് ഒഴിവാക്കുകയും ചെയ്തെന്നാണു റിപ്പോർട്ട്.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഭാഗമായ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) ആണ് ‘സൗജന്യം’ ആയിരുന്ന കളർ ടിവി ഇറക്കുമതി നയത്തെ ‘നിയന്ത്രിത’ വിഭാഗത്തിൽ‌ ഉൾപ്പെടുത്തിയത്. ‘കളർ ടിവിയുടെ ഇറക്കുമതി ഇപ്പോൾ നിയന്ത്രിത വിഭാഗത്തിലാണ്. ഇനി ഇറക്കുമതിക്കാരനു ലൈസൻസ് വാങ്ങേണ്ടതുണ്ട്. ചൈനീസ് ടിവികളുടെ അമിത വരവ് പരിശോധിക്കുകയും കുറയ്ക്കുകയുമാണു പ്രധാന ലക്ഷ്യം’– പേരു വെളിപ്പെടുത്താത്ത ഒരുദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യയിൽ 15,000 കോടി രൂപയുടേതാണു ടിവി വ്യവസായം. ഇതിൽ 36 ശതമാനം പ്രധാനമായും ചൈനയിൽ നിന്നും തെക്ക് കിഴക്കൻ ഏഷ്യയിൽ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. ചൈന കൂടാതെ വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്, കൊറിയ, ഇന്തൊനേഷ്യ, തായ്‌ലാൻഡ്, ജർമനി എന്നീ രാജ്യങ്ങളാണു കൂടുതലായി കളർ ടിവികൾ കയറ്റുമതി ചെയ്യുന്നവർ. സുരക്ഷാ ആശങ്ക ചൂണ്ടിക്കാട്ടി ജൂൺ 29ന് കേന്ദ്ര സർക്കാർ ടിക് ടോക്, യുസി ബ്രൗസർ ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. 

വിദേശത്തുനിന്നുള്ള സാധനങ്ങളുടെ കൂടിയ അളവിലെ ഇറക്കുമതി രാജ്യത്തെ ആഭ്യന്തര വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നതായി സർക്കാർ കണക്കാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആത്മനിർഭർ ഭാരത് അഭിയാൻ പ്രകാരം ഇന്ത്യ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെലവ് കുറഞ്ഞ രീതിയിൽ ഇലക്ട്രോണിക് വസ്തുക്കൾ നിർമിക്കാനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.

ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉൽപാദനം 2014 ലെ 29 ബില്യൻ ഡോളറിൽ നിന്ന് 2019 ൽ 70 ബില്യൺ ഡോളറായി ഉയർന്നു. ടിവികൾക്കായി ഘട്ടംഘട്ടമായുള്ള നിർമാണ പരിപാടി (പി‌എം‌പി) നടക്കുന്നു. ‘മേക്ക് ഇൻ ഇന്ത്യ’ പ്രോത്സാഹിപ്പിക്കുക, തൊഴിലവസരം സൃഷ്ടിക്കുക, ഉപഭോക്താവിന് താരതമ്യപ്പെടുത്താവുന്ന നിരക്കിൽ സാധനം നൽകുക എന്നിവ ലക്ഷ്യമിട്ടുള്ള ആലോചനകളുടെ തുടർച്ചയാണു ചൈനീസ് ടിവികളുടെ വരവ് നിയന്ത്രിക്കാനുള്ള തീരുമാനമെന്ന് അധികൃതർ പറഞ്ഞു.

English Summary: After Chinese apps and contractors, India puts restrictions on colour TV imports

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA