ADVERTISEMENT

സ്നേഹലതാ റെഡ്ഢിയെ ഓർക്കുക. നടിയും നർത്തകിയും ആക്ടിവിസ്റ്റുമായിരുന്നു സ്നേഹലത. കവിയും സംവിധായകനുമായ പട്ടാഭി രാമ റെഡ്ഢി ജീവതിസഖാവ്. ഇരുവരും ലോഹ്യയുടെ ആശയക്കാർ. ബെംഗളൂരുവിൽ തീയേറ്റർ ഗ്രൂപ്പ് ആയ ‘അഭിനയ’യുടെ പ്രവർത്തകർ. യു.ആർ. അനന്തമൂർത്തിയുടെ നോവലിനെ അധികരിച്ചുണ്ടായ ‘സംസ്കാര’ സിനിമയിലെ നായിക ആയ സ്നേഹലതയ്ക്ക് കേന്ദ്ര അവാർഡും, വിദേശ അവാർഡുകളും കിട്ടി. അടിയന്തിരാവസ്ഥക്കാലത്ത് തടവിലാക്കി. ആസ്മ രോഗിയായിരുന്നു സ്നേഹലതയ്ക്ക് ജയിലിൽ നല്ല ചികിത്സ കിട്ടിയില്ല. 1977 ജനുവരി 15ന് പരോളിൽ വിട്ടെങ്കിലും 5 ദിവസം കഴിഞ്ഞപ്പോൾ മരണം സംഭവിച്ചു.

സ്നേഹലതയുടെ അനുഭവം ഓർമിക്കുമ്പോൾ കോവിഡ് കാലത്ത് ജയിലുകളിൽ കഴിയുന്ന പൗരാവകാശ പ്രമുഖരെ കുറിച്ച് ആശങ്കയുയരുകയാണ്. 12 മനുഷ്യാവകാശ പ്രവർത്തകരാണ് ഇപ്പോൾ ജയിലുകളിൽ കഴിയുന്നത്. ഇവർക്കെതിരെ യുഎപിഎ എന്ന കഠിന നിയമമാണ് ചുമത്തിയിരിക്കുന്നത്. അർബൻ നക്സൽ, ദേശവിരുദ്ധർ എന്നീ വാക്കുകൾ കൊണ്ട് വിശേഷിപ്പിച്ച്. ആവേശ്വജ്വല പ്രസംഗം വിദ്വേഷ പ്രസംഗമായി മാറുകയാണ് ഇവരുടെ കാര്യത്തിൽ. 2018 ജനുവരിയിൽ നടന്ന ഭീമ കൊറേഗാവ് സമ്മേളനത്തിൽ പങ്കെടുത്തതാണ് ഇവർ പലരും അറസ്റ്റിലാവാൻ കാരണം. 

വരവര റാവു, ആനന്ദ് തെൽതുംബ്ഡെ, സുധീർ ധാവ്ളെ, റോണ വിൽസൻ, സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റാവുത്ത്, ഷോമ സെൻ, അരുൺ ഫെരേര, വെർനൺ ഗോൺസാൽവസ്, സുധ ഭരദ്വാജ്, ഗൗതം നവ്ഖാല, പ്രഫ. ജി.എൻ.സായിബാബ, പ്രഫ. ഹാനി ബാബു... പൗരാവകാശ മേഖലയിലെ ബുദ്ധിജീവികൾ ഇപ്പോൾ തടവറയിലാണ്. 

ഭീമ കൊറേഗാവ് സംഭവത്തിന്റെ പേരിലും പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചും ആണ് മനുഷ്യാവകാശ പ്രവർത്തകരായ, റോണാ വിത്സൻ, സുരേന്ദ്ര ഗാഡ്ലിംഗ്, ഷോമ സെൻ, സുധീർ ദാവ്ലെ, മഹേഷ് റൗത് എന്നിവരെ 2018 ജൂൺ ആറിന് യുഎപിഎ ചുമത്തി തടവിലാക്കിയത്. കുറച്ചു മാസങ്ങൾക്ക് ശേഷം വരവര റാവു, സുധ ഭരദ്വാജ്, അരുൺ ഫെരേര, വെർനോൻ ഗോൺസാൽവസ് എന്നിവരെയും സമാന ആരോപണത്തോടെ തടവിലാക്കി.അതിനു പിന്നാലെ ആനന്ദ് തെൽതുംദെയും നവലാഖയും തടവിലായി. ഏറ്റവുമൊടുവിൽ ഡൽഹി യൂണിവേഴ്സിറ്റി അധ്യാപകനായ ഹാനി ബാബുവും. 

മിക്ക അറസ്റ്റുകളും തെളിവില്ലാതെയാണ് എന്നാണ് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് മഹാമാരിയെ സർക്കാർ അവസരമായി ഉപയോഗിക്കുന്നതായി അവർ ആരോപിക്കുന്നു. അറസ്റ്റിലായാൽ അവർക്കു വേണ്ടി ശബ്ദിക്കാൻ ആർക്കും രംഗത്തിറങ്ങാനാവില്ല എന്നത് സൗകര്യമായി സർക്കാർ കാണുന്നു. അടിയന്തിര അറസ്റ്റ് ആവശ്യമുള്ളവരല്ല അകത്തായത് എന്നും അവർ എടുത്തുപറയുന്നു.  ഇവർക്ക് ആർക്കും കുടുംബാംഗങ്ങളെ കാണാൻ കഴിയുന്നില്ല. അഭിഭാഷകരും വരുന്നില്ല. ഒരു തരത്തിലുള്ള വിമത ശബ്ദവും സുരക്ഷിതമല്ല എന്നുകൂടിയാണ് ഭരണകൂടം വ്യക്തമാക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു.

∙ സായ്ബാബ

‘ജയിൽവാസം മരണവാറണ്ട്’ ആണ് പ്രഫ.ജി.എൻ. സായ്ബാബയുടെ കാര്യത്തിലെന്ന് ഭാര്യ വസന്തകുമാരി പറയുന്നു. വീൽചെയറിലാണ് സായിബാബയുടെ ജീവിതം. രോഗഭീതി കാരണം അദ്ദേഹത്തെ സഹായിക്കാനും പലരും തയാറാവുന്നില്ല. അടുത്ത് ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ വളരെ വേഗം സായിബാബയ്ക്ക് പിടിപെടുമെന്ന് അവർ ഭയക്കുന്നു. നാഗ്പൂർ സെൻട്രൽ ജയിലിലാണ് സായ്ബാബ. ജയിലിൽ ധാരാളം പേർ രോഗബാധിതരാണ്. സായ്ബാബയുടെ പ്രതിരോധശക്തി കുറവായതിനാൽ മരണവാറണ്ട് കാത്തുകഴിയുന്നയാളെപ്പോലെയാണ് അദ്ദേഹമെന്ന് ഭാര്യ പറയുന്നത്. ഡോ. സായ്ബാബയുടെ മാതാവ് ജി. സൂര്യവതി ആശുപത്രിയിൽ മരണക്കിടക്കയിലാണ്. അവസാനമായി ഒന്നു കാണണമെന്ന അമ്മയുടെ ആഗ്രഹം സാധിക്കാനാണ് കഴിഞ്ഞ 28ന് സായ്ബാബ പരോളിനായി കോടതിയെ സമീപിച്ചത്. എന്നാൽ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് അപേക്ഷ തള്ളി. 

PTI8_30_2018_000050B
ഭീമ കൊറേഗാവ് ഗൂഢാലോചനക്കേസിൽ വീട്ടുതടങ്കലിലായ വരവര റാവു. (ഫയൽ ചിത്രം).

∙ വരവര റാവു

കവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വരവര റാവുവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പണ്ഡിതരും ബുദ്ധിജീവികളും രംഗത്തുണ്ട്. ജയിലിൽ നിന്ന് മുംബൈയിൽ ആശുപത്രിയിലേക്കു മാറ്റിയ വരവര റാവുവിന് കോവിഡ് രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കുടുംബാംഗങ്ങളും പറഞ്ഞു. നോം ചോംസ്കി അടക്കം അമേരിക്കയിലും യൂറോപ്പിലുമുള്ള വിവിധ സർവകലാശാലകളിലെ 146 അക്കാദമിക് പണ്ഡിതർ അദ്ദേഹത്തെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെടുന്നു. എന്നാൽ എൻഐഎ ബോംബെ ഹൈക്കോടതിയിൽ പറഞ്ഞത് കോവിഡ് രോഗബാധ ഉണ്ടായതും പ്രായവും ചൂണ്ടിക്കാട്ടി അന്യായമായി രക്ഷപ്പെടാൻ ശ്രമിക്കുന്നു എന്നാണ്. 

∙ ആനന്ദ് തെൽതുംബ്്ഡെ

ഡോ. ബാബാ സാഹേബ് അംബേദ്കറുടെ കൊച്ചുമകളുടെ ഭർത്താവാണ് തെൽതുംബ്്ഡെ.ഫെബ്രുവരിയിൽ തൃശൂരിൽ സി. അച്യുതമേനോൻ സ്മാരകപ്രഭാഷണം നടത്തി മടങ്ങിയപ്പോഴാണ്, പുലർച്ചെ മുംബൈ വിമാനത്താവളത്തിൽ വച്ച് ആനന്ദ് തേൽതുംബ്ഡെയെ അറസ്റ്റു ചെയ്തത്. വിട്ടയച്ചെങ്കിലും ഏപ്രിലിൽ പിന്നെയും അറസ്റ്റു ചെയ്തു. ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പ്രഫസറാണു തേൽതുംബ്ഡെ. മികച്ച പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രശസ്തൻ. 

∙ പ്രഫ. സുധ ഭരദ്വാജ്

അമേരിക്കയിൽ ജനിച്ചതിനാൽ ലഭിച്ച പൗരത്വം ഉപേക്ഷിച്ച് ഛത്തിസ്ഗഢിൽ ആദിവാസികളുടെ ഇടയിൽ ക്ഷേമപ്രവർത്തനം നടത്തുകയായിരുന്നു ഐഐടി കാൺപൂരിൽ പ്രഫസറായ സുധ.  ഛത്തിസ്ഗഢിലെ പിയുസിഎൽ ജനറൽ സെക്രട്ടറി. 2018 ഓഗസ്റ്റ് മുതൽ മുംബൈയിലെ ബൈക്കുള ജയിലിൽ. മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നതായും പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിടുന്നു എന്നും ഒരു ടിവി മാധ്യമം നൽകിയ വാർത്തയുടെ അടിസ്ഥാനത്തിലാണ് ഓഗസ്റ്റ് 26ന് അറസ്റ്റു ചെയ്യപ്പെട്ടത്. ബിപി, ഷുഗർ എന്നിവയാൽ അവശയാണ് സുധ. 

arun-ferrera-hani-babu
അരുൺ ഫെരേര, പ്രഫ. ഹാനി ബാബു, റോണ വിൽസൻ

∙ പ്രഫ. ഹാനി ബാബു

ഡൽഹി യൂണിവേഴ്സിറ്റിയിൽ അധ്യാപകനും ബുദ്ധിജീവിയും പൗരാവകാശ പ്രവർത്തകനുമാണ് മലയാളിയായ ഹാനി ബാബു. ജാതികൾക്കിടയിൽ പ്രശ്നമുണ്ടാക്കുന്ന മട്ടിൽ ഭീമ കൊറേഗാവ് സമ്മേളനത്തിൽ 2017 ഡിസംബർ 31ന് പ്രസംഗിച്ചു എന്നാണ് എൻഐഎ പറയുന്നത്. 2019 സെപ്റ്റംബർ 11ന് പുണെ പൊലീസ് നോയിഡയിലെ പ്രഫ. ഹാനി ബാബുവിന്റെ വീട് പരിശോധിച്ചു. അവിടെ നിന്ന് കിട്ടിയ രേഖകൾ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതായാണ് എൻഐഎ നിലപാട്.

∙ സുധീർ ധാവ്‌ളെ

ദലിത് ആക്റ്റിവിസ്റ്റും മറാത്ത മാസിക വിരോധിയുടെ പത്രാധിപരുമാണ് സുധീർ ധാവ്‌ളെ. എൽഗാർ പരിഷത്തിന്റെ സംഘാടകരിൽ ഒരാളായ ധാവ്ളെ കവിയാണ്. റിപ്പബ്ലിക്കൻ പാന്തേഴ്സ് എന്ന ദലിത് സംഘടനയുടെ സ്ഥാപകൻ. ജയിലിൽ വളരെ മോശം പെരുമാറ്റം നേരിടേണ്ടിവരുന്നതായി സഹപ്രവർത്തകയായ ശ്യാം സോണർ പറയുന്നു. 

∙ സുരേന്ദ്ര ഗാഡ്‌ലിങ്

നാഗ്പൂരിൽ നിന്നുള്ള ദലിത് ആക്ടിവിസ്റ്റായ  ഗാഡ്​ലിങ് വ്യാജ ഏറ്റുമുട്ടലുകൾക്കെതിരായ നിയമപോരാട്ടം നടത്തിയ വ്യക്തിയാണ്.  ഹൃദയസംബന്ധമായ അസുഖങ്ങളും ബിപിയും അറസ്റ്റു ചെയ്യുന്ന സമയത്തുതന്നെ ഗാഡ്​ലിങ്ങിനെ അലട്ടിയിരുന്നു. 

binayak-sen-activist
ഡോക്ടർ ബിനായക് സെൻ

∙മഹേഷ് റാവുത്ത്

ഗഢ്ചരോളിയിൽ ആദിവാസികളുടെ ക്ഷേമത്തിനു പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റ്.  ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്  പഠനം കഴി‍ഞ്ഞ ശേഷം ഭാരത് ജൻ ആന്ദോളൻ എന്ന എൻജിഒ വഴി ക്ഷേമപ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. അദ്ദേഹത്തിന് അത്യാവശ്യമായ മരുന്നുകൾ നൽകാൻ പോലും ജയിൽ അധികാരികൾ തയാറാവുന്നില്ലെന്ന് സഹോദരി മോണാലി പറയുന്നു. 

∙ ഷോമ സെൻ 

നാഗ്പൂർ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രഫസറും ആക്ടിവിസ്റ്റും. ജയിലിലും എഴുത്തും വായനയുമായി സ്പിരിറ്റ് നിലനിർത്തുകയാണെന്നും മകളും സിനിമാ സംവിധായികയുമായ കോയൽ സെൻ പറയുന്നു. 

∙ റോണ വിൽസൻ

ഡൽഹിയിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു മലയാളിയായ റോണ വിൽസൻ. രാഷ്ട്രീയ തടവുകാരുടെ മോചനത്തിനു വേണ്ടിയുള്ള സംഘടനയുടെ സ്ഥാപകരിൽ ഒരാൾ. 

social-activists-india
ആനന്ദ് തെൽതുംബ്ഡെ, വെർനോൻ ഗോൺസാൽവസ്, ഗൗതം നവ്‌ലാഖെ

∙അരുൺ ഫെരേര

മുംബൈയിലെ സെന്റ് സ്റ്റീഫൻസ് കോളജിലെ വിദ്യാഭ്യാസത്തിനു ശേഷം അഭിഭാഷകനായ അരുൺ ഫെരേര പൗരാവകാശ  പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കന്റീൻ ജീവനക്കാരെയും ചേരിയിലെ തൊഴിലാളികളെയും സംഘടിപ്പിച്ച അരുൺ 2007ൽ അറസ്റ്റ് ചെയ്യപ്പെട്ടു. 2011 ലാണ് പുറത്തിറങ്ങിയത്.

കുറ്റപത്രം ചുമത്താതെയും പ്രത്യേകിച്ച് കാരണങ്ങൾ കാണിക്കാതെയും ഒരു പൗരനെ 180 ദിവസം വരെ തടവിലിടാൻ യുഎപിഎ അനുവാദം  നൽകുന്നു. ഇതിനു ശേഷവും യുഎപിഎ തടവുകാർക്ക് ജാമ്യം എന്ന് പറയുന്നത് കിട്ടാക്കനിയാണ്. നിരവധി വർഷങ്ങൾ തടവിൽ കിടന്നു നരകിച്ചാണ് അവർക്ക് പുറത്തുവരാൻ കഴിയുക. ഡോ. ബിനായക് സെന്നിന ഓർക്കുക.  ഒട്ടും പ്രതീക്ഷ നൽകുന്ന സമീപനമല്ല സുപ്രീം കോടതി യുഎപിഎ തടവുകാരുടെ കാര്യത്തിൽ കാണിക്കുന്നത്. തീർത്തും കെട്ടിച്ചമച്ച കേസാണെന്ന് സുപ്രീം കോടതിയിലെ മൂന്നംഗബെഞ്ചിലെ ഒരു ന്യായാധിപൻ ന്യൂനപക്ഷ വിധി എഴുതിയ ഒരു കേസിലാണ് സുധ ഭരദ്വാജ് അടക്കമുള്ളവർ ഒരു വർഷത്തിലേറെയായി തടവിൽ കിടക്കുന്നത്.  

English Summary:Covid  Prison Diaries, An intimate documentaion on activists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com