sections
MORE

ചൈനയ്ക്കെതിരെ ഇന്ത്യയ്ക്കൊപ്പം ട്രംപ്; യുഎസിലും ടിക്‌ടോക് നിരോധിക്കും

TikTok Ban
ടി‌ക്‌ടോക് ആപ്
SHARE

വാഷിങ്ടൻ∙ ചൈനയ്ക്കു കനത്ത തിരിച്ചടിയായി, ഇന്ത്യയ്ക്കു പിന്നാലെ യുഎസും ടിക് ടോക് മൊബൈൽ ആപ് നിരോധിക്കാൻ തീരുമാനിച്ചു. ടിക് ടോക് ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് തയാറെടുക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ് നിരോധനം സംബന്ധിച്ച വിവരം പുറത്തെത്തുന്നത്. ഇതു സംബന്ധിച്ച ഉത്തരവിൽ ശനിയാഴ്ച ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിരോധനം സംബന്ധിച്ച സൂചന വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിലും ട്രംപ് നൽകിയിരുന്നു. 

യുഎസ് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ടിക് ടോക്കിൽ സുരക്ഷിതമല്ലെന്നും ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നും കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. ടിക് ടോക് ഉടമകളായ, ബെയ്ജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, ബൈറ്റ് ഡാൻസ് കമ്പനിക്കും കനത്ത തിരിച്ചടിയാണു നീക്കം. അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങൾ ടിക്ടോക് ശേഖരിക്കുന്നതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും വ്യക്തമാക്കിയിരുന്നു.

CHINA-HONG KONG-INTERNET-POLITICS-BYTEDANCE-TIKTOK

ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ആപ്പുകളിലൊന്നായ ടിക്ടോക് ഇന്ത്യ നിരോധിച്ചതോടെ കമ്പനിക്കു വൻ സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. ഇതുൾപ്പെടെ 106 ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. 

ആപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായിരുന്നു യുഎസ്, നിലവിൽ എട്ടു കോടി സജീവ ഉപയോക്താക്കളുമുണ്ട്. വെള്ളിയാഴ്ച ബൈറ്റ്ഡാൻസ്, മൈക്രോസോഫ്റ്റ് പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെയാണു ട്രംപിന്റെ പ്രസ്താവന. വരുംനാളുകളിലും ചർച്ച തുടരുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ യുഎസിലെ കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പുതിയ കരാറിന് ബൈറ്റ്ഡാൻസ് തയാറായില്ല.

സമൂഹമാധ്യമമായ ലിങ്ക്ഡ് ഇൻ നിലവിൽ മൈക്രോസോഫ്റ്റിനു കീഴിലാണ്. ഫെയ്സ്ബുക്കിനു സമാനമായ ഒരു മൊബൈൽ ആപ് എന്ന പ്രതീക്ഷയുമായാണ് ടിക് ടോക് ഏറ്റെടുക്കാൻ മൈക്രോസോഫ്റ്റ് തയാറായത്. ടിക്ടോക്കിന്റെ യുഎസിലെ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായിരുന്നു മൈക്രോസോഫ്റ്റ് നീക്കം. ഇതുവഴി 5000 കോടി ഡോളറിന്റെ കരാർ തിങ്കളാഴ്ചയോടെ ഒപ്പിടുമെന്നായിരുന്നു പ്രതീക്ഷ. 

എന്നാൽ കമ്പനി ഓഹരിയുടെ ഒരു വിഹിതം നൽകണമെന്ന ബൈറ്റ്ഡാൻസിന്റെ കടുംപിടിത്തമാണ് ചർച്ച വഴിമുട്ടാനിടയാക്കിയതെന്നും ബന്ധപ്പെട്ടവർ പറയുന്നു. മാത്രവുമല്ല, ഇടപാടിലൂടെ 5000 കോടി ഡോളറിലേറെ ബൈറ്റ്ഡാൻസ് പ്രതീക്ഷിക്കുന്നുമുണ്ട്. അതേസമയം, കിംവദന്തികള്‍ക്കു ചെവികൊടുക്കാനില്ലെന്നായിരുന്നു ടിക് ടോക് അധികൃതരുടെ മറുപടി. യുഎസിലെ നിയമങ്ങൾ അനുസരിച്ചു മാത്രമേ കമ്പനി പ്രവർത്തിക്കൂവെന്ന് ടിക് ടോക് സിഇഒ കെവിൻ മേയറും വ്യക്തമാക്കി. പ്രവർത്തന നയങ്ങളും ടിക്ടോക് അൽഗോരിതം പ്രവർത്തിക്കുന്ന കോഡുകളും പരിശോധനയ്ക്കു വിധേയമാക്കാൻ അനുമതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

Tiktok

വ്യാപാര കരാർ, ഹോങ്കോങ്ങിലെ ചൈനീസ് മേധാവിത്തം, സൈബർ സുരക്ഷ, കൊറോണവൈറസ് വ്യാപനം എന്നീ വിഷയങ്ങളിൽ നിലനിൽക്കുന്ന യുഎസ്–ചൈന സംഘർഷം ടിക് ടോക് നിരോധനത്തിലൂടെ പുതിയ തലത്തിലേക്കു നീങ്ങുകയാണ്. സർക്കാർ ആവശ്യങ്ങൾക്കായുള്ള ഡിവൈസുകളിൽ ടിക് ടോക് ഉപയോഗിക്കരുതെന്നു വ്യക്തമാക്കി യുഎസ് സെനറ്റ് കമ്മിറ്റി (ആഭ്യന്തര സുരക്ഷ) കഴിഞ്ഞയാഴ്ച ബിൽ പാസാക്കിയിരുന്നു. എന്നാൽ എപ്രകാരമാണ് നിരോധനം നടപ്പാക്കുകയെന്നതിൽ ഇതുവരെ വ്യക്തതയായിട്ടില്ല. 

ഷാങ്‌ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഡിയോ ആപ്പായ Musical.ly 2017ൽ ഏറ്റെടുത്താണ് ടിക്ടോക് എന്ന പേരിൽ ബൈറ്റ്ഡാൻസ് പുനരവതരിപ്പിച്ചത്. 100 കോടി ഡോളറിനായിരുന്നു ആ ഏറ്റെടുക്കൽ. കമ്മിറ്റി ഓൺ ഫോറിൻ ഇന്‍വെസ്റ്റ്മന്റ് ഇൻ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ(സിഎഫ്ഐയുഎസ്) അനുമതിയില്ലാതെയായിരുന്നു ഏറ്റെടുക്കൽ. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏറ്റെടുക്കൽ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്നു പരിശോധിച്ചു റിപ്പോർട്ട് നൽകുന്നത് സിഎഫ്ഐയുഎസാണ്. തുടർന്ന് കഴിഞ്ഞ വർഷം ടിക്ടോക്കിനെതിരെ സിഎഫ്ഐയുഎസ് അന്വേഷണവും പ്രഖ്യാപിച്ചു. 

യുഎസ് സൈനിക, ഇന്റലിജൻസ് വിഭാഗത്തിലെ ആരെങ്കിലും ഈ ആപ് ഉപയോഗിക്കുന്നുണ്ടോയെന്നും യുഎസ് പരിശോധിച്ചിരുന്നു. യുഎസ് പൗരന്മാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തപ്പെടുമെന്ന ഭീഷണിയുള്ളതിനാൽ 2018ൽ ചൈനീസ് കമ്പനിയായ ആന്റ് ഫിനാഷ്യലിനെ മണിഗ്രാം ഇന്റർനാഷനൽ കമ്പനി ഏറ്റെടുക്കുന്നതിൽനിന്ന് സിഎഫ്ഐയുഎസ് വിലക്കിയിരുന്നു. 

English Summary: Trump says will ban TikTok amid pressure on Chinese owner to sell; Microsoft in talks to acquire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA