പൊലിഞ്ഞത് ഒരു കുരുന്നു ജീവൻ, ഡോക്ടർ പറഞ്ഞു, ഇനി ഇങ്ങോട്ട് വരേണ്ട; ദാരുണം

child-death-aluva1
പൃഥ്വിരാജ് (ഇടത്) കുട്ടിയുടെ അമ്മൂമ്മ (വലത്)
SHARE

കൊച്ചി∙ ആലുവ കടങ്ങല്ലൂരിൽ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരൻ പൃഥ്വിരാജ് മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോക്ടർക്ക് എതിരെ ഉൾപ്പെടെ രൂക്ഷമായ ആരോപണങ്ങൾ കുട്ടിയുടെ ബന്ധുക്കൾ ഉന്നയിച്ച സാഹചര്യത്തിലാണു നടപടി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടിക്ക് ചികിത്സ നിഷേധിച്ചോ, ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് പിഴവുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.

അതിനിടെ സംഭവത്തെപ്പറ്റി കുട്ടിയുടെ അമ്മയുടെ അമ്മ കണ്ണീരോടെയാണു വിശദീകരിച്ചത്. ശനിയാഴ്ച രാവിലെയാണ് കുട്ടി അമ്മൂമ്മയോട് നാണയം വിഴുങ്ങിയ കാര്യം പറയുന്നത്. അപ്പോൾത്തന്നെ സമീപത്തുനിന്ന് ഓട്ടോ വിളിച്ച് ആലുവ ജില്ലാ ആശുപത്രിയിലേക്കു പോയി. അവിടെവച്ച് എക്സ് റേ എടുത്തു. കുഴപ്പമൊന്നുമില്ല വീട്ടിലേക്കു പൊയ്ക്കോളാൻ പറഞ്ഞു. സങ്കടം സഹിക്കാനാകാതെ പുറത്തു റോഡിൽനിന്നു കരയുമ്പോൾ മറ്റൊരു ഓട്ടോ ഡ്രൈവറാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്കു പോകാമെന്നു പറഞ്ഞത്. അവിടെ എത്തിയപ്പോൾ കുട്ടിക്ക് എല്ലാ സഹായവും ആശുപത്രി അധികൃതർ നൽകി. കുട്ടിക്ക് കുഴപ്പങ്ങളൊന്നും ആ സമയത്തുണ്ടായിരുന്നില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. തുടർന്ന് ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. 

പേടിക്കേണ്ട, മൂന്നു ദിവസം കഴിഞ്ഞ് സർജറി ചെയ്യാമെന്നായിരുന്നു മെഡിക്കൽ കോളജിലെ ഡോക്ടർ പറഞ്ഞത്. പഴവും വെള്ളവും കൊടുത്താൽ മതി നാണയം വയറിളകി പുറത്തുവരുമെന്നും പറഞ്ഞു. വൈകിട്ട് വീട്ടിലെത്തി അഞ്ചുമണിയോടെ ചായ കുടിക്കാനായി കുട്ടിയെ വിളിച്ചപ്പോൾ അനക്കമില്ലായിരുന്നു. തുടർന്ന് അയൽക്കാരുടെ സഹായത്തോടെ വീണ്ടും ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു. മറ്റുവീടുകളിൽ ജോലിക്ക് പോയിട്ടായിരുന്നു കുട്ടിയുടെ അമ്മൂമ്മ വീട് നോക്കിയിരുന്നത്. പാവപ്പെട്ടവരായതിനാലാണ് ചികിത്സ നിഷേധിച്ചതെന്ന് കണ്ണീരോടെ അമ്മൂമ്മ പറയുന്നു. 

‘പണക്കാരായിരുന്നെങ്കിൽ അവർ കൈകെട്ടി നിൽക്കുമായിരുന്നോ?’– അവർ ചോദിക്കുന്നു. കുഴപ്പമൊന്നുമില്ലെന്ന് ആലപ്പുഴയിലെ ഡോക്ടർ പറഞ്ഞതിനാലാണ് സ്വകാര്യ ആശുപത്രിയിലേക്കു പോലും കൊണ്ടുപോകാതിരുന്നതെന്നും അമ്മൂമ്മ പറഞ്ഞു. കയ്യിൽ കാശുമുണ്ടായിരുന്നില്ല. കുട്ടിയുമായി ഇനി ഇങ്ങോട്ടു വരേണ്ട, വേറെ ഏതെങ്കിലും ആശുപത്രിയിലേക്കു പൊയ്ക്കൊള്ളാനാണ് ഡോക്ടർ പറഞ്ഞതെന്ന് ഓട്ടോ ഡ്രൈവറും സാക്ഷ്യപ്പെടുത്തുന്നു. ‘ഇതൊന്നും ഒരു ഡോക്ടറും പറയാൻ പാടില്ലാത്ത കാര്യമാണ്’– തന്റെ ചുമലിൽ തളർന്നു കിടന്ന കുരുന്നിനെപ്പറ്റി പറയുമ്പോൾ ഓട്ടോ ഡ്രൈവറുടെ കണ്ണുകളും ഈറനണിഞ്ഞിരുന്നു. 

കുട്ടി വിഴുങ്ങിയ നാണയം ചെറുകുടലിലേക്ക് എത്തിയിരുന്നു. എന്നാൽ ആലുവ ജില്ലാ ആശുപത്രിയിലും എറണാകുളം ജില്ലാ ആശുപത്രിയിലും ശസ്ത്രക്രിയയ്ക്ക് പീഡിയാട്രിക് സർജൻ ഇല്ലായിരുന്നു. ഇതിനെപ്പറ്റിയും ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്നാണറിയുന്നത്. എന്നാൽ കുട്ടിയുടെ മരണകാരണം നാണയം വിഴുങ്ങിയതിനെത്തുടർന്നല്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് സൂപ്രണ്ട് വ്യക്തമാക്കി. കുട്ടിയുടെ ആമാശയത്തിലാണ് നാണയം കണ്ടത്. അതിനാൽ ശ്വാസത‍ടസ്സം കാരണം മരണമുണ്ടാകില്ല. വയറിളകി നാണയം പുറത്തേക്കു പോകേണ്ടതായിരുന്നു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് കുട്ടിയെ തിരിച്ചയച്ചതെന്നും സൂപ്രണ്ട് വ്യക്തമാക്കി. 

English Summary: 3 Year old died after swallowing coin, Govt. orders probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA