ADVERTISEMENT

പിഞ്ചുകുഞ്ഞ് ഉൾപ്പെടെ കേരളത്തിൽ ഞായറാഴ്ച കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പത്തായി. തിരുവനന്തപുരം നേമം കല്ലിയൂർ സ്വദേശി ജയാനന്ദൻ (55) കോവിഡ് ബാധിച്ചു മരിച്ചു. തിരുവനന്തപുരം മെ‍ഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നെയ്യാറ്റിൻകര വടകോട് സ്വദേശി ക്ലീറ്റസ് (71) കോവിഡ് ബാധിച്ച് മരിച്ചു. ഹൃദ്രോഗ ബാധിതന്‍ കൂടിയായ ക്ലീറ്റസ് പുലര്‍ച്ചെ മെഡിക്കല്‍ കോളേജിലാണു  മരിച്ചത്. മൃതദേഹം തൈക്കാട് സംസ്കരിച്ചു.

കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി ചക്കാല പറമ്പിൽ സി.കെ.ഗോപി (70) കോവിഡ് ബാധിച്ച് മരിച്ചു. ലോട്ടറി വില്‍പനക്കാരനായിരുന്നു. സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച ഇദ്ദേഹം കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഹൃദ്രോഗബാധിതനാണ്. കുടുംബത്തിലെ മൂന്നുപേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നെങ്കിലും ഇവർ രോഗമുക്തി നേടിയിരുന്നു. ഇതോടെ മേഖലയിൽ കോവിഡ് മരണം 10 ആയി.

ck-gopi
സി.കെ. ഗോപി

മലപ്പുറത്ത് കോവിഡ് ബാധിച്ചു 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. താനൂർ ഓമച്ചപ്പുഴ സ്വദേശി റമീസിന്റെ മകൾ ആസ്യ അമാനയാണ് മരിച്ചത്. പരിശോധനയിൽ കുടുംബത്തിലെ മറ്റ് ആറു പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മാതാവ് കൊണ്ടോട്ടിക്കടുത്തു പുളിക്കൽ അരൂരിലെ വീട്ടിൽ ലുലു തസ്രീഫയുടെ വീട്ടിൽ വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട സൽക്കാരത്തിന് എത്തിയതായിരുന്നു കുടുംബം. പിതാവ് റമീസ് വിദേശത്താണ്.

പെരുന്നാൾ കഴിഞ്ഞ് താനൂരിലേക്കു മടങ്ങാനുള്ള തീരുമാനത്തിലായിരുന്നു. എന്നാൽ വെള്ളിയാഴ്ച ഉച്ചയോടെ കുഞ്ഞിനു പനിയോടു കൂടിയ ശാരീരി അസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു, തുടർന്നു പുളിക്കൽ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. ആന്റിജൻ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്.

കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയ ഈ കുടുംബത്തിലെ ആറു പേരെ മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി. മരിച്ച കുഞ്ഞും കുടുംബവും വിദേശത്തായിരുന്നു. പിന്നീട് കോവിഡ് വ്യാപനം ശക്തമായതോടെ നാട്ടിലേക്കു മടങ്ങിയതായിരുന്നു. ഇതോടെ മലപ്പുറം ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 14 ആയി. 

ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസ്യ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. മരണശേഷം നടത്തിയ ട്രൂ നാറ്റ് പരിശോധയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കാസർകോട് ഉപ്പളയിൽ ഷഹർ ബാനുവാണ് (70) കോവിഡ് ബാധിച്ചു മരിച്ചത്. 

കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഒരു കോവിഡ് മരണം കൂടി. ചക്കരക്കൽ സ്വദേശി സജിത്താണ്(41) മരിച്ചത്. ന്യുമോണിയ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഡിസ്ചാർജ് ചെയ്യുന്നതിനു മുൻപു നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇയാള്‍ക്കൊപ്പം ആശുപത്രിയിൽ നിന്ന സഹോദരനും കോവിഡ് സ്ഥിരീകരിച്ചു.

പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ഇരിക്കെ മരിച്ച വടകര ചോമ്പാല സ്വദേശി പുരുഷോത്തമനു കോവിഡ് സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശി പ്രഭാകരൻ, കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അസൈനാര്‍ ഹാജി എന്നിവരാണു മരിച്ച മറ്റുള്ളവർ. അസൈനാര്‍ ഹാജിക്ക് റാപ്പിഡ് െടസ്റ്റിലാണ് കോവി‍ഡ് സ്ഥിരീകരിച്ചത്. 

വയനാട്ടിൽ കുഴഞ്ഞുവീണു മരിച്ച യുവാവിന് കോവിഡില്ലെന്ന് സ്ഥിരീകരിച്ചു. വാളാട് കെ.സി.ചന്ദ്രനാണു കഴിഞ്ഞ ദിവസം മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ ഔദ്യോഗികമായി 82 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 0.33 ശതമാനമാണ് കേരളത്തിന്റെ കോവിഡ് മരണനിരക്ക്.

English Summary: Covid Deaths in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com