ADVERTISEMENT

മുംബൈ∙ മരിക്കുന്നത് ആഴ്ചകള്‍ക്കു മുമ്പ് ബോളിവുഡ് നടന്‍ സുശാന്ത് ഗൂഗിളില്‍ തിരഞ്ഞത് മൂന്നു കാര്യങ്ങള്‍. ആദ്യം തിരഞ്ഞത് സ്വന്തം പേരാണ്. രണ്ടാമത് ഏറ്റവും കൂടുതല്‍ തിരഞ്ഞത് മുന്‍ മാനേജര്‍ ദിഷ സാലിയാനെക്കുറിച്ച്. മൂന്നാമത് ഒരു മനോരോഗത്തെക്കുറിച്ചുള്ള വിവരങ്ങളാണ് സുശാന്ത് കൂടുതല്‍ തിരഞ്ഞതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

സുശാന്തിനു ബൈപോളാര്‍ ഡിസോഡര്‍ എന്ന രോഗാവസ്ഥയുണ്ടായിരുന്നെന്നും അതിനായി ചികിത്സ തേടിയിരുന്നുവെന്നും മുംബൈ പൊലീസ് മേധാവി പരംബിര്‍ സിങ് പറഞ്ഞു. സുശാന്തിന്റെ മരണത്തില്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിനു പങ്കുള്ളതായി തെളിവില്ലെന്നും അദ്ദേഹം പറഞ്ഞു. 

ജൂണ്‍14ന് മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് സുശാന്ത് സ്വന്തം പേര് ഗൂഗിളില്‍ തിരഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കലിന ഫോറന്‍സിക് ലാബില്‍ സുശാന്തിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പരിശോധിച്ചതില്‍നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. എല്ലാ പണകൈമാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. ജിഎസ്ടിക്കു വേണ്ടി 2.8 കോടി നല്‍കിയതാണ് ഏറ്റവും വലിയ ട്രാന്‍സ്ഫര്‍. 

കേസില്‍ ഇതുവരെ 40 പേരുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് തന്നെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി സുശാന്ത് അറിഞ്ഞിരുന്നുവെന്നു പൊലീസ് പറയുന്നു. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വരുമെന്നും സുശാന്ത് ഭയപ്പെട്ടിരുന്നു. അതുകൊണ്ടാവാം ഇക്കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്തതെന്നു പൊലീസ് കരുതുന്നു. സുശാന്തിന്റെ മാനസികനിലയില്‍ ഇതു വലിയതോതില്‍ മാറ്റം വരുത്തിയിരിക്കാമെന്നും പൊലീസ് പറയുന്നു. ദിഷയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബിഹാര്‍ പൊലീസ് സംഘം തീരുമാനിച്ചിട്ടുണ്ട്. സുശാന്തിന്റെ മരണത്തിന് ഒരാഴ്ച മുമ്പ് ജൂണ്‍ 8ന് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തില്‍നിന്നു വീണു മരിച്ച നിലയിലാണു ദിഷയെ കണ്ടെത്തിയത്. നടന്റെ കാമുകിയും ആരോപണവിധേയയുമായ റിയ ചക്രവര്‍ത്തിയുടെ മാനേജരായും ദിഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ മരണങ്ങള്‍ തമ്മില്‍ ബന്ധമില്ലെന്നാണ് മുംബൈ പൊലീസ് പറയുന്നത്.

നാല് മാനസികരോഗ വിദഗ്ധരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ചികിത്സയ്ക്കായി സുശാന്ത് തങ്ങളെ സമീപിച്ചിരുന്നതായി ഇവര്‍ സമ്മതിച്ചു. ഡോക്ടര്‍മാര്‍ എന്തൊക്കെ മരുന്നുകളാണു നല്‍കിയതെന്ന വിവരവും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്നു സുശാന്ത് മരുന്ന് കഴിക്കുന്നതു നിര്‍ത്തിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് സിദ്ധാര്‍ഥ് പിതാനി മൊഴി നല്‍കിയിരുന്നു. 

ബോളിവുഡിലെ പ്രഫഷണല്‍ വൈരമാണ് സുശാന്തിന്റെ മരണത്തിനു കാരണമായതെന്ന ആരോപണത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ ആരോപണം ഉന്നയിച്ച പലരും ഔദ്യോഗികമായി ഇക്കാര്യത്തില്‍ മൊഴി നല്‍കിയിട്ടില്ല. യാഷ് രാജ് ഫിലിംസിന്റെ ചിത്രങ്ങളില്‍നിന്ന് സുശാന്ത് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് സംവിധായകരുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും പൊലീസ് പറഞ്ഞു.

 

Englih Summary: Before suicide, Sushant Singh Rajput’s Google search: his name, manager, illness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com