ADVERTISEMENT

ന്യൂഡല്‍ഹി∙ ഗൂഗിൾ സെർച്ചിനും ട്വിറ്ററിനും പകരമായി ചൈനയിൽ ഉപയോഗിക്കുന്ന ബൈഡു സെർച്ചും വെയ്ബോയും ഇന്ത്യയിൽ വിലക്കി. ഇന്ത്യ – ചൈന അതിർത്തി തർക്കം രൂക്ഷമായതിനു പിന്നാലെ ടിക്ടോക്, യുസി ബ്രൗസർ, ഹലോ, ഷെയർ ഇറ്റ് തുടങ്ങി 59 ആപ്പുകളാണ് ആദ്യം കേന്ദ്രസർക്കാർ നിരോധിച്ചിരുന്നത്. പിന്നാലെ ഇവയുടെ ക്ലോൺ ആപ്പുകളായ 47 എണ്ണവും നിരോധിച്ചു.

സിന കോർപറേഷൻ 2009ലാണ് വെയ്ബോ പുറത്തിറക്കിയത്. രാജ്യാന്തര തലത്തിൽ 500 മില്യൺ ഉപഭോക്താക്കളാണ് വെയ്ബോയ്ക്കുള്ളത്. 2015ലെ ചൈനീസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ മോദിയും വെയ്ബോയിൽ അക്കൗണ്ട് എടുത്തിരുന്നു. എന്നാൽ ഇന്ത്യ – ചൈന അതിർത്തി സംഘർഷം രൂക്ഷമായതിനു പിന്നാലെ ഈ അക്കൗണ്ട് അദ്ദേഹം ഡിലീറ്റ് ചെയ്തു. രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്സും 100ൽ അധികം പോസ്റ്റുകളുമാണ് മോദിയുടെ വെയ്ബോ അക്കൗണ്ടിനുണ്ടായിരുന്നത്. ‘ഹലോ ചൈന, വെയ്ബോയിലൂടെ ചൈനീസ് സുഹൃത്തുക്കളുമായി സംസാരിക്കാൻ കാത്തിരിക്കുന്നു’ എന്നതായിരുന്നു മോദിയുടെ ആദ്യ സന്ദേശം.

ഇന്ത്യയിൽ സ്ഥാനം നേടുന്നതിനുള്ള കഠിനശ്രമത്തിനിടെയാണ് ബൈഡു ഇവിടെ നിരോധിച്ചത്. ബൈഡു സിഇഒ റോബിൻ ലി ഐഐടി മദ്രാസിൽ ഈ ജനുവരിയിൽ നടത്തിയ സന്ദർശനത്തിനിടെ ഇന്ത്യയിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്നകാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ചൈനയുടെ തന്ത്രപ്രധാനമായ രണ്ടു ഉത്പന്നങ്ങളാണ് വെയ്ബോയും ബൈഡുവും. ഗൂഗിൾ പ്ലേസ്റ്റോറിൽനിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽനിന്നും ഇവ നീക്കം ചെയ്യാനും ഇന്റർനെറ്റ് സർവീസ് പ്രൊവൈഡറുകളോട് വിലക്കാനും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞമാസം 27ന് കേന്ദ്രം നിരോധിച്ച 47 ആപ്പുകളുടെ പട്ടികയിൽപ്പെടുന്നതാണ് ഇതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൂടുതൽ ആപ്പുകൾ നിരോധിക്കുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ.

ആദ്യം നിരോധിച്ച ആപ്പുകളുടെ തനിപകര്‍പ്പായ ടിക്ടോക് ലൈറ്റ്, ലൈക്കീ ലൈറ്റ്, ബിഗോ ലൈവ് ലൈറ്റ്, ഷെയർഇറ്റ് ലൈറ്റ്, കാംസ്കാനർ എച്ച്ഡി എന്നിവ രണ്ടാമത്തെ പട്ടികയില്‍ ഉൾപ്പെട്ടിരുന്നു. ഇന്ത്യയുടെ സ്വകാര്യതയിലേക്കും പരമാധികാരത്തിലേക്കും നുഴഞ്ഞുകയറുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചത്.

English Summary: India blocks top Chinese apps Baidu, Weibo, to be taken off from app stores

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com