ADVERTISEMENT

തിരുവനന്തപുരം∙ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് മദ്യലഹരിയില്‍ അമിതവേഗത്തിൽ വാഹനമോടിച്ചതിനെത്തുടർന്നു മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാൻ അണിയറയിൽ നീക്കങ്ങൾ ആരംഭിച്ചു. ശ്രീറാം ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായതിനാൽ ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചു ഡോക്ടർമാർ അടക്കമുള്ളവരെ വിചാരണവേളയിൽ സ്വാധീനിക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്. 

ലാബുകളിലെ കോവിഡ് പരിശോധനയുടെ മേൽനോട്ടമായിരുന്നു ശ്രീറാമിന് ആദ്യം നൽകിയത്. ഇപ്പോൾ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളുടെ ചുമതലയാണ്. കോവിഡ് കാലമായതിനാലാണു ഡോക്ടറായ ശ്രീറാമിനെ ആരോഗ്യവകുപ്പിൽ നിയമിച്ചതെന്നാണു സർക്കാർ വിശദീകരണം. 

ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ റിപ്പോർട്ടുകളും മൊഴികളും കേസിൽ നിർണായകമാണ്. ശ്രീറാം ഓടിച്ച കാർ അമിത വേഗത്തിൽ സഞ്ചരിച്ചതായും ഡ്രൈവിങ് സീറ്റിലിരിക്കുമ്പോഴുണ്ടായ പരുക്കുകളാണു ശ്രീറാമിനുള്ളതെന്നും മെഡിക്കൽ കോളജ് ന്യൂറോ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ട്. രക്തം എടുക്കാൻ ശ്രീറാം വിസമ്മതിച്ചതായി സ്വകാര്യ ആശുപത്രിയിലെ നഴ്സും പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ഇതിനു പുറമേ അപകടം നേരിട്ടു കണ്ടവരുടെ മൊഴികളുമുണ്ട്. ആരോഗ്യവകുപ്പിലെ ഉന്നത പദവിയിലിരിക്കുമ്പോൾ സ്വാധീനം ഉപയോഗിച്ച് കേസ് അനുകൂലമാക്കാൻ ശ്രീറാം ശ്രമിക്കുമെന്നു ബഷീറിന്റെ ബന്ധുക്കൾക്കും സുഹൃത്തുകൾക്കും ആശങ്കയുണ്ട്.

ബഷീർ കൊല്ലപ്പെട്ട് ഒരു വർഷം പിന്നിടുമ്പോഴും വിചാരണ പോലും തുടങ്ങിയിട്ടില്ല. കേസ് പരമാവധി നീട്ടികൊണ്ടുപോകാനുള്ള ശ്രമമാണ് ഒന്നാംപ്രതി ശ്രീറാമിന്റെയും രണ്ടാംപ്രതി വഫയുടെയും ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. 2 പ്രാവശ്യം സമൻസ് അയച്ചിട്ടും പ്രതികൾ കോടതിയിൽ ഹാജരായില്ല. കോടതിക്ക് അടുത്ത് സെക്രട്ടേറിയറ്റിലുണ്ടായിട്ടും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു ശ്രീറാം ഹാജരാകാതിരുന്നത്. മജിസ്ട്രേറ്റ് കോടതി മൂന്നിൽനിന്നു വിചാരണ നടപടികൾക്കായി പ്രൻസിപ്പൽ സെഷൻസ് കോടതിയിലേക്കു കേസ് വിടണമെങ്കിൽ പ്രതികൾ കോടതിയിൽ ഹാജരായി അവരെ കുറ്റപത്രം വായിച്ചു കേൾപ്പിക്കണം.

2019 ഓഗസ്റ്റ് മൂന്നിനു പുലർച്ചെയാണ് കെ.എം.ബഷീർ കൊല്ലപ്പെടുന്നത്. ബഷീറിന്റെ മരണം നടന്ന ദിവസംതന്നെ കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടന്നു. അപകടം നടന്ന് 9 മണിക്കൂറിനുശേഷമാണു ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടന്നില്ലെന്ന വിവരം പുറത്തറിയുന്നത്. പിന്നീട് പരിശോധന നടത്തിയെങ്കിലും മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. വാഹനമോടിച്ചത് ആരാണെന്ന് അറിയില്ലെന്നായിരുന്നു എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. പിന്നീട് മാധ്യമ വാർത്തകൾക്കൊടുവിലാണു ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്.

ഫെബ്രുവരി ഒന്നിനു പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മാര്‍ച്ച് 20നു ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സർക്കാർ ഉത്തരവിട്ടു. ജൂലൈ 21നു കോടതി കേസ് പരിഗണിച്ചപ്പോൾ ശ്രീറാമും വഫയും ഹാജരായില്ല. പ്രതികള്‍ സെപ്റ്റംബര്‍ 16നു നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

Content Highlight: KM Basheer Death, Sreeram Venkitaraman IAS, Wafa Firoz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com