ADVERTISEMENT

മുംബൈ∙ കോവ‍ിഡ് കേസുകൾ വർധിക്കുമ്പോഴും ഇന്ത്യയിൽ മരണനിരക്ക് വർധിക്കാത്തതിന് കാരണങ്ങൾ കണ്ടെത്തി പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രമായ ടാറ്റാ മെമ്മോറിയൽ ആശുപത്രി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാലാവസ്ഥാ വ്യതിയാനങ്ങളുമാണ് പ്രധാനമായി ചൂണ്ടിക്കാണിക്കുന്നത്. നാലര മാസത്തിനിടെ 38,135 കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത്. അതേ സമയം അമേരിക്കയിൽ ഈ കാലയളവിൽ 1.5 ലക്ഷമാണ് മരണം. കേന്ദ്ര സർക്കാരിന്റെ കണക്കു പ്രകാരം ഇന്ത്യയിൽ മരണ നിരക്ക് 2.2% ആണ്. 

ഐസിഎംആറിന്റെ വെബ്സൈറ്റിലാണ് ടാറ്റ ആശുപത്രിയിലെ ഡോക്ടർമാർ മരണ നിരക്കുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾ പങ്കുവച്ചത്. വീനസ് ത്രോംബോഎംബോളിസം എന്ന അവസ്ഥയാണ് കോവിഡ് ബാധിച്ചുള്ള മരണത്തിന് പ്രധാന കാരണം. കാൽ, കൈ, അരക്കെട്ട് എന്നിവിടങ്ങളിലെ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് വീനസ് ത്രോംബോഎംബോളിസം. ചൈന, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഈ അവസ്ഥ വളരെ കൂടുതലായി കണ്ടെത്തിയിരുന്നു. എന്നാൽ ഇന്ത്യ പോലുള്ള ചൂടു കൂടിയ രാജ്യങ്ങളിൽ ത്രോംബോഎംബോളിസം കുറവാണ്. 

അക്ഷാംശ രേഖയിൽനിന്നു ഉയരെ ആയതും ഇതിന് സഹായകമായി. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാലാവസ്ഥ വ്യതിയാനങ്ങളും  ആന്റിഫോസ്ഫോലിപിഡ് ആന്റിബോഡി ഉൽപ്പാദിപ്പിക്കാൻ കാരണമാകും. ഇതും കോവിഡിനെ ചെറുക്കുന്നതിന് സഹായിച്ചു. ഇന്ത്യയിലെ ജനം ഉയർന്ന ചൂടിൽ ജീവിക്കുന്നവരാണ്. ആന്റിഫോസ്ഫോലിപിഡ് ആന്റിബോഡി ഉൽപ്പാദിപ്പിക്കപ്പെടുന്നതോടെ രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയും. ഇതാണ് ഇന്ത്യയിൽ മരണ നിരക്ക് കുറയാൻ സഹായകമായത്.

പരിശോധനയെ അടിസ്ഥാനമാക്കിയാണ് കോവിഡ് ബാധിതരുടെ എണ്ണം കണ്ടെത്തുന്നതെന്ന് ടാറ്റ മെമ്മോറിയൽ സെന്റർ ഡയറക്ടർ ഡോ.രാജേന്ദ്ര ബഡ്‌വെ പറഞ്ഞു. പല രാജ്യങ്ങളും കേസുകളുടേയും മരണങ്ങളുടേയും യഥാർഥ കണക്ക് പുറത്തു വിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

എന്നാൽ ഈ കണ്ടെത്തലിനെ പലരും അംഗീകരിക്കാൻ തയാറായിട്ടില്ല. മഹാരാഷ്ട്ര കോവിഡ് ടാസ്ക് ഫോഴ്സിലെ ഡോക്ടറായ കേദാർ തൊറാസ്കർ കണ്ടെത്തലുകൾ നിഷേധിച്ചു. 25–30 % കോവിഡ് രോഗികളിലും ത്രോംബോസിസ് ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ടെസ്റ്റ്, ട്രാക്, ട്രീറ്റ് പദ്ധതിയുടെ ഫലമായാണ് മരണ നിരക്ക് കുറയ്ക്കാൻ സാധ്യമായതെന്നാണ് േകന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്.  

English summary: Why India keep Covid death toll low

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com